സംസ്ഥാന നാടക അവാര്‍ഡ് വിതരണം ചടങ്ങാക്കി

തൃശൂര്‍: കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന നാടക അവാര്‍ഡ് സമ്മാനിക്കല്‍ ചടങ്ങാക്കി ഒതുക്കി. യശശ്ശരീരനായ ഒ.എന്‍.വി, പ്രശസ്ത സംഗീത സംവിധായകന്‍ എം.കെ. അര്‍ജുനന്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക്  അവാര്‍ഡ് സമ്മാനിക്കുന്ന പരിപാടി ഞായറാഴ്ച വൈകീട്ട് അക്കാദമിയില്‍ വെച്ച് ഒതുക്കത്തില്‍ നടത്താനാണ് പോകുന്നത്. നാളെയാണ് അവാര്‍ഡ് വിതരണചടങ്ങെങ്കിലും ഒരു വാര്‍ത്താക്കുറിപ്പ് പോലും ഇറക്കിയിട്ടില്ല. മുന്‍വര്‍ഷങ്ങളില്‍ ആര്‍ഭാടമായ ചടങ്ങുകളില്‍ നടന്ന അവാര്‍ഡ് സമ്മാനിക്കലിന് സാംസ്കാരിക മന്ത്രിയെയോ വകുപ്പ് സെക്രട്ടറിയെയോ ക്ഷണിക്കുക പോയിട്ട് അറിയിക്കുക പോലു ചെയ്തിട്ടില്ല. അവാര്‍ഡ് ജേതാക്കളായ കലാപ്രതിഭകളെയും ഒൗപചാരികമായി ക്ഷണിച്ചിട്ടില്ല. വെള്ളിയാഴ്ച ഫോണില്‍ വിളിച്ച് അറിയിക്കുകയാണുണ്ടായത്. തങ്ങള്‍  അവഹേളിക്കപ്പെട്ടു എന്ന തോന്നലാണ് അവര്‍ക്കുണ്ടായിരിക്കുന്നത്.

സാധാരണ ഗതിയില്‍ അവാര്‍ഡ് ജേതാക്കളെ അവാര്‍ഡ് ലഭിച്ച വിവരവും അവാര്‍ഡ് വിതരണ ചടങ്ങിന്‍െറ വിശദാംശങ്ങളും രേഖാമൂലം അറിയിക്കും. ഓരോ വര്‍ഷവും നടക്കുന്ന ഒരു സാംസ്കാരികാഘോഷമായാണ് ഈ ചടങ്ങ് കണക്കാക്കപ്പെടുന്നത്. 2014 ലെ പ്രഫഷനല്‍ നാടകമത്സരത്തിലെ  ചില അവാര്‍ഡുകള്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടത് അക്കാദമി അധികൃതരെ ചൊടിപ്പിച്ചതിനാലാണത്രേ, ജേതാക്കളെ അവാര്‍ഡ് ലഭിച്ച കാര്യം രേഖാമൂലം അറിയിക്കാന്‍ തയാറാകാത്തത്. കേസ് തുടരുന്നതിനിടെ 2015ലെ അവാര്‍ഡ് പ്രഖ്യാപിക്കുകയും കഴിഞ്ഞ മേയില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ തിരുവനന്തപുരത്ത് കോ-ബാങ്ക് ടവറില്‍ നടന്ന ആര്‍ഭാടമായ ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കുകയും ചെയ്തു. അതിന് വിരുദ്ധമായാണ് 2014 ലെ അവാര്‍ഡ്   പുറം ലോകമറിയാതെ വിതരണം ചെയ്ത് കടമ കഴിക്കുന്നത്.

അന്തരിച്ച ഒ.എന്‍.വി. കുറുപ്പ്, പ്രശസ്ത സംഗീത സംവിധായകന്‍ എം.കെ. അര്‍ജുനന്‍, പിന്നണി ഗായകരായ രാജലക്ഷ്മി, കല്ലറ ഗോപന്‍ തുടങ്ങി നാടക രംഗത്തെ 18 പ്രതിഭകള്‍ക്കുള്ള അവാര്‍ഡാണ് നാളെ വിതരണം ചെയ്യുന്നത്. ഇവരോട് ഞായറാഴ്ച വൈകീട്ട് അക്കാദമിയിലത്തെി അവാര്‍ഡ് വാങ്ങണമെന്ന് ആവശ്യപ്പെടുകയാണ് ഉണ്ടായതത്രേ. തന്‍െറ ഏഴാമത്തെ സംസ്ഥാന അവാര്‍ഡാണ് ഇതെന്നും ഇന്നലെ ഫോണില്‍ വിളിച്ചാണ് അവാര്‍ഡ് വാങ്ങാന്‍ എത്തണമെന്ന് പറഞ്ഞതെന്നും  മുമ്പൊന്നും ഇങ്ങനെ ആയിരുന്നില്ളെന്നും ഗായകന്‍ കല്ലറ ഗോപന്‍ പറഞ്ഞു.

അവാര്‍ഡ് വിതരണ ചടങ്ങ് നീട്ടിവെക്കാന്‍ സമയമില്ലാത്തതിനാലാണ് ഞായറാഴ്ച ചടങ്ങ് നടത്തുന്നതെന്ന് അക്കാദമി സെക്രട്ടറി ഡോ. പി.വി. കൃഷ്ണന്‍നായര്‍ പറഞ്ഞു. മറ്റ് അക്കാദമികളില്‍ ചെയര്‍മാന്‍മാരാണ് അവാര്‍ഡ് നല്‍കാറുള്ളതെങ്കിലും സംഗീത നാടക അക്കാദമിയുടെ പരിപാടിയില്‍ മന്ത്രിമാര്‍ പങ്കെടുക്കാറുണ്ട്. ഇത്തവണ സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തിയാണ് അവാര്‍ഡ് വിതരണം ചെയ്യുന്നത്.   പുതിയ സര്‍ക്കാര്‍ വന്ന സാഹചര്യത്തില്‍ ഭരണസമിതിയുടെ തുടര്‍ച്ചക്ക് സാധ്യതയില്ലാത്തതിനാല്‍ ചടങ്ങൊപ്പിക്കാനാണ് ഇത്തരത്തില്‍ പരിപാടി തട്ടിക്കൂട്ടുന്നതത്രേ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.