പാലക്കാട് മെഡിക്കല്‍ കോളജ് കണ്‍സള്‍ട്ടന്‍സി കരാര്‍ ക്രമക്കേട്: അന്വേഷണം പൊലീസ് വിജിലന്‍സിന്

പാലക്കാട്: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പാലക്കാട് ഗവ. മെഡിക്കല്‍ കോളജിന്‍െറ കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ടുള്ള കണ്‍സള്‍ട്ടന്‍സി കരാറില്‍ ക്രമക്കേടുള്ളതായി പൊതുമരാമത്ത് വിജിലന്‍സിന്‍െറ പ്രാഥമിക പരിശോധനയില്‍ കണ്ടത്തെി. ഇതിന്‍െറ വെളിച്ചത്തില്‍ ഇതുസംബന്ധിച്ച് വിജിലന്‍സ് അന്വേഷണത്തിന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ ആഭ്യന്തര വകുപ്പിന് ശിപാര്‍ശ നല്‍കി.
പൊതുമരാമത്ത് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ക്രമക്കേട് കണ്ടത്തെിയത്. മെഡിക്കല്‍ കോളജ് സ്പെഷല്‍ ഓഫിസര്‍ ഒപ്പുവെച്ച കരാര്‍ ഇതുസംബന്ധിച്ച മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ളതാണെന്നാണ് കണ്ടത്തെല്‍. 250 കോടി രൂപ പദ്ധതി അടങ്കലുള്ള മെഡിക്കല്‍ കോളജിന് 7.25 കോടി രൂപയാണ് കണ്‍സള്‍ട്ടന്‍സി ഫീസ് നിശ്ചയിച്ചത്. ഇതുപ്രകാരം ഹോസ്പിറ്റല്‍ സര്‍വിസസ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി കോര്‍പറേഷന്‍ എന്ന സ്ഥാപനത്തിനാണ് കരാര്‍ നല്‍കിയതെങ്കിലും കരാര്‍ ചട്ടവിരുദ്ധമായി ഒരു സ്വകാര്യ കമ്പനിക്ക് മറിച്ചുനല്‍കുകയായിരുന്നു. കണ്‍സള്‍ട്ടന്‍സി കരാര്‍ പദ്ധതിതുകയുടെ 1.90 ശതമാനത്തില്‍ കൂടരുതെന്ന് സര്‍ക്കാര്‍ ഉത്തരവ് ലംഘിക്കപ്പെട്ടതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പിന് കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനം നടത്താന്‍ സ്വന്തമായ സംവിധാനമുണ്ടായിരിക്കെയാണ് പുറത്തെ ഏജന്‍സികള്‍ക്ക് കോടികള്‍ ഫീസ് നിശ്ചയിച്ച് കരാര്‍ നല്‍കിയത്. മെഡിക്കല്‍ കോളജ് കെട്ടിടനിര്‍മാണത്തിനുള്ള മാസ്റ്റര്‍ പ്ളാന്‍, വിശദ പദ്ധതി റിപ്പോര്‍ട്ട്, സൂപ്പര്‍ വിഷന്‍, നിര്‍മാണ അവലോകനം ഉള്‍പ്പെടെയുള്ളവ തയാറാക്കാനാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത്. എന്നാല്‍, കരാര്‍ ഏറ്റെടുത്ത കമ്പനി ഒന്നൊഴിച്ച് ബാക്കി ചുമതലകളൊന്നും നിറവേറ്റിയില്ല. പൊതുമരാമത്ത് വകുപ്പാണ് ഈ ജോലികള്‍ പിന്നീട് നിര്‍വഹിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.