എസ്.എന്‍ കോളജില്‍ ബി.കോം പ്രവേശത്തിന് കോഴ; ഒളികാമറാ ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് കോളജുകളില്‍ സീറ്റ് കൊള്ള. തിരുവനന്തപുരം ചെമ്പഴന്തി ശ്രീനാരായണ സ്വാശ്രയ കോളജില്‍ ബി.കോം പ്രവേശത്തിന് പണം വാങ്ങുന്നതിന്‍െറ ഒളികാമറാ ദൃശ്യങ്ങള്‍ മീഡിയവണ്‍ പുറത്തുവിട്ടു. പ്രിന്‍സിപ്പല്‍ ഡോ. സി. മോഹന്‍ ശ്രീകുമാറും വാമനപുരം എസ്.എന്‍.ഡി.പി യൂനിയന്‍ പ്രസിഡന്‍റ് ഡി. പ്രേംരാജുമാണ് സീറ്റിന് പണം ആവശ്യപ്പെട്ടത്.
വെള്ളാപ്പള്ളി നടേശന്‍ മാനേജറായ കോളജിനുവേണ്ടി പണം കൈമാറുന്നത് എസ്.എന്‍.ഡി.പി യൂനിയന്‍ ഓഫിസില്‍വെച്ചാണ്. അഡ്വാന്‍സ് കൊടുത്തതിനത്തെുടര്‍ന്ന് യൂനിയന്‍ ലെറ്റര്‍പാഡില്‍ പ്രസിഡന്‍റ് ശിപാര്‍ശക്കത്തും നല്‍കി.
80 ശതമാനം മാര്‍ക്കുള്ള വിദ്യാര്‍ഥിക്ക് ബി.കോം സീറ്റ് ആവശ്യപ്പെട്ടാണ് കോളജിനെ സമീപിച്ചത്. സീറ്റുണ്ടോയെന്ന അന്വേഷണത്തിന് നല്‍കേണ്ട പണത്തിന്‍െറ കണക്കായിരുന്നു പ്രിന്‍സിപ്പലിന്‍െറ മറുപടി.
 എയ്ഡഡ് കോളജില്‍ 40,000 രൂപയും സ്വാശ്രയ കോളജില്‍ 1.25 ലക്ഷവും വേണമെന്ന് പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇടപാട് നടത്തുന്നത് കോളജ് നില്‍ക്കുന്ന പ്രദേശമുള്‍പ്പെട്ട വാമനപുരത്തെ എസ്.എന്‍.ഡി.പി യൂനിയന്‍ പ്രസിഡന്‍റ് ഡി. പ്രേംരാജാണ്.
വിദ്യാര്‍ഥിയെ എസ്.എന്‍.ഡി.പി ഓഫിസിലേക്ക് വിളിച്ചുവരുത്തിയ പ്രസിഡന്‍റ് അഡ്വാന്‍സ് സ്വീകരിച്ചശേഷം യൂനിയന്‍ ലെറ്റര്‍പാഡില്‍ കത്തുനല്‍കി. കത്തുമായി കോളജില്‍ ചെന്ന് ബാക്കി പണമടച്ച് പ്രവേശം നേടുകയും ചെയ്തു.
സംഭവം സിന്‍ഡിക്കേറ്റ് ഉപസമിതിയെക്കൊണ്ട് അന്വേഷണം നടത്തുന്ന കാര്യം ആലോചിക്കുമെന്ന് കേരള സര്‍വകലാശാല പി.വി.സി ഡോ. എന്‍. വീരമണികണ്ഠന്‍ പറഞ്ഞു. ബിരുദ കോഴ്സുകള്‍ക്ക് സര്‍വകലാശാല പ്രത്യേക ഫീസ് ഏര്‍പ്പെടുത്തിയിട്ടില്ല. ഇക്കാര്യത്തില്‍ സര്‍വകലാശാല ഇടപെടുമെന്നും പി.വി.സി പറഞ്ഞു.
പരാതി കിട്ടിയാല്‍ പ്രിന്‍സിപ്പലിനെതിരെ നടപടിയെടുക്കുമെന്ന് കോളജ് മാനേജര്‍ കൂടിയായ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പറഞ്ഞു.
കോഴവാര്‍ത്ത പുറത്തുവന്നതോടെ വന്‍ പ്രതിഷേധമാണ് കോളജിനെതിരെ ഉയര്‍ന്നത്. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചു.
 ഭരിക്കുന്നത് ഏത് സര്‍ക്കാറായാലും നടപടിയെടുത്തില്ളെങ്കില്‍ ശക്തമായ സമരമുണ്ടാകുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. വിജിന്‍ പറഞ്ഞു.
കോളജിനെതിരെ വിജിലന്‍സ് കേസെടുക്കണമെന്ന് എം. എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് ടി.പി. അഷ്റഫലി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.