ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തും; ഇഫ്ളു ഇനി അടഞ്ഞ അധ്യായം

മലപ്പുറം: മലപ്പുറത്തിന്‍െറ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് പുതുചിറക് നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഇംഗ്ളീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂനിവേഴ്സിറ്റി (ഇഫ്ളു) കേരള കാമ്പസ് ഇനി അടഞ്ഞ അധ്യായം.
പദ്ധതിയുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ളെന്ന് കേന്ദ്രസര്‍ക്കാറും സര്‍വകലാശാലയും ഉന്നത വിദ്യാഭ്യാസവകുപ്പിനെ അറിയിച്ചതിനെ തുടര്‍ന്നാണിത്. ഇഫ്ളു കാമ്പസിനായി സര്‍വകലാശാലക്ക് കൈമാറിയ പാണക്കാട് ഇന്‍കെല്‍ എജുസിറ്റിയിലെ ഭൂമിയുടെ ഉടമസ്ഥത കെ.എസ്.ഐ.ഡി.സിക്ക് നേരത്തെ തന്നെ ഉന്നത വിദ്യാഭ്യാസ വുകപ്പ് തിരിച്ചുനല്‍കിയതാണ്. സര്‍വകലാശാലയുമായുള്ള ഭൂമികൈമാറ്റ കരാറിന്‍െറ കാലാവധി അവസാനിച്ചിട്ട് ഏറെയായിരുന്നു.
ഭൂമി സര്‍വകലാശാല ഉപയോഗപ്പെടുത്തില്ളെന്ന് തീര്‍ച്ചയായതോടെ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇഫ്ളുവിനായി നീക്കിവെച്ച 75ല്‍ 25 ഏക്കര്‍ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച കാന്‍സര്‍ ഗവേഷണ കേന്ദ്രത്തിനും അഞ്ചേക്കര്‍ വനിതാ കോളജിനുമായി നേരത്തെ നല്‍കിയതാണ്. 45 ഏക്കര്‍ നിലനിര്‍ത്തിയെങ്കിലും കേന്ദ്ര സര്‍ക്കാറില്‍നിന്നും സര്‍വകലാശാലയില്‍നിന്നും അനുകൂല നടപടിയൊന്നുമില്ലാത്തതിനാല്‍ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇതിന്‍െറ നടപടിക്രമങ്ങള്‍ നേരത്തെ പൂര്‍ത്തിയായതാണ്. 2013 മാര്‍ച്ച് 10നാണ് സംസ്ഥാന സര്‍ക്കാര്‍ 75 ഏക്കറിന്‍െറ കൈമാറ്റകരാര്‍ സര്‍വകലാശാലക്ക് കൈമാറിയത്.
എന്നാല്‍, താല്‍ക്കാലിക കേന്ദ്രത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് അനുവദിച്ചതല്ലാതെ തുടര്‍നടപടികളൊന്നുമുണ്ടായില്ല. ഇതുതന്നെ മാസങ്ങള്‍ക്കകം പൂട്ടി. ഡല്‍ഹിയില്‍ ഉന്നത ഉദ്യോഗസ്ഥ തലത്തില്‍ നടന്ന ചരടുവലിയുടെ ഭാഗമായാണ് പദ്ധതി അട്ടിമറിക്കപ്പെട്ടത്. അന്നത്തെ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും കേന്ദ്ര മാനവവിഭവശേഷി മന്ത്രിമാരെ കണ്ടിരുന്നു. ഇതിനിടെ കേന്ദ്രത്തില്‍ സര്‍ക്കാര്‍ മാറി. മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും മന്ത്രി താല്‍പര്യം പ്രകടിപ്പിച്ചില്ല. വിദേശഭാഷകളും ഇംഗ്ളീഷും പ്രധാന വിഷയങ്ങളാക്കി ഹൈദരാബാദില്‍ സ്ഥാപിച്ച കേന്ദ്ര സര്‍വകലാശാലയാണ് ഇഫ്ളു. ഇംഗ്ളീഷിന് പുറമെ അറബി, ഫ്രഞ്ച്, ജര്‍മന്‍, സ്പാനിഷ്, ഇറ്റാലിയന്‍, ചൈനീസ്, റഷ്യന്‍ തുടങ്ങിയ ഭാഷകള്‍ പഠിക്കാന്‍ സൗകര്യമുണ്ട്. 60 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തീകരിക്കാവുന്ന കോഴ്സുകള്‍ മുതല്‍ വിദേശ ഭാഷകളില്‍ മുഴുവന്‍ സമയ-പാര്‍ട് ടൈം, ഡിപ്ളോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും ഇവിടെയുണ്ട്. അതിനാല്‍ കാമ്പസ് മലപ്പുറത്ത് സ്ഥാപിതമാകുന്നത് ജില്ലയെ സംബന്ധിച്ചിടത്തോളം ചരിത്രനേട്ടമാകുമായിരുന്നു. അതേസമയം, യു.പി.എ, എന്‍.ഡി.എ സര്‍ക്കാറുകള്‍ തുടര്‍ച്ചയായി നിഷേധാത്മക സമീപനം സ്വീകരിച്ചിട്ടും കാര്യമായ സമരങ്ങള്‍ പ്രധാന രാഷ്ട്രീയ കക്ഷികളുടെ ഭാഗത്തുനിന്നുണ്ടായിരുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.