ആയിശയുടെ ഉള്ളില്‍ സങ്കടപ്പെരുന്നാളിന്‍െറ കടലിരമ്പം

കോഴിക്കോട്: ശവ്വാല്‍പിറ മാഞ്ഞ സങ്കടപ്പെരുന്നാളിന്‍െറ കടലിരമ്പമാണ് അറുപതുകാരി ആയിശയുടെ ഉള്ളില്‍. സൗത് ബീച്ചിലെ കടല്‍ക്ഷോഭത്തില്‍ വീട് തകര്‍ന്ന് പരപ്പില്‍ എം.എം സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് പെരുന്നാള്‍. വീട്ടിലായിരുന്നെങ്കില്‍ വിരുന്നുകാരും വിഭവങ്ങളുംകൊണ്ട് സല്‍ക്കാരത്തിന്‍െറ പെരുന്നാളായിരുന്നു ഇത്രയും കാലം. ആദ്യമായാണ് പെരുന്നാള്‍ രാവിന്‍െറ മൊഞ്ചും മൈലാഞ്ചിയുമില്ലാതെ സ്കൂള്‍ മുറിയില്‍ കഴിയുന്നത്. ജനിച്ച നാള്‍ മുതല്‍ അറബിക്കടലിന്‍െറ ഉപ്പുകാറ്റും തലോടലും അനുഭവിച്ച് വളര്‍ന്ന ആയിഷക്കാദ്യമായാണ് കടലമ്മയില്‍നിന്ന് ഇത്രയും ഭീകരമായൊരു അനുഭവം. പട്ടിണിയുടെയും ഇല്ലായ്മയുടെയും ജീവിതപര്‍വത്തില്‍ ഇതിന് മുമ്പ് ഒരിക്കല്‍ മാത്രമാണ് ദുരിതാശ്വാസ ക്യാമ്പില്‍ അന്തിയുറങ്ങേണ്ടി വന്നത്. സൂനാമി ഭീഷണിയില്‍ കരയെ കടലെടുക്കുമെന്ന ഭീതിയില്‍ അന്ന് സൗത് ബീച്ചിലെ എല്ലാവരെയും മുന്‍കരുതലായി കുറ്റിച്ചിറ സ്കൂളിലേക്ക് മാറ്റി താമസിപ്പിച്ചിരുന്നു. അന്ന് വീടുകളില്‍ വെള്ളം കയറിയതല്ലാതെ നാശമൊന്നും ഉണ്ടായില്ല. കടലമ്മ ചതിക്കില്ളെന്ന വിശ്വാസമുണ്ടായിരുന്നെങ്കിലും തന്‍െറ നാല് മക്കളുടെ ജീവനെക്കുറിച്ചോര്‍ത്താണ് ആയിഷയും കുടുംബവും അന്ന് ക്യാമ്പിലേക്ക് മാറിയത്. പിറ്റേ ദിവസം തന്നെ വീട്ടിലേക്ക് മടങ്ങിവന്നതിന്‍െറ ആശ്വാസവും അവരുടെ മുഖത്ത് തെളിയും സൂനാമി കാലത്തെ കുറിച്ചു പറയുമ്പോള്‍.
കോതി ഭാഗത്തെ കടഭിത്തി നിര്‍മാണവും പുതിയാപ്പയിലെ ഹാര്‍ബറും വന്നതോടെ സൗത് ബീച്ച് ഭാഗം ഇടുക്കിലായതാണ് തങ്ങളുടെ വീടിനെ കടലെടുക്കാന്‍ കാരണമെന്ന് ആയിഷ പറയുന്നു. സൂനാമി ഉള്‍പ്പെടെ വലിയ കടല്‍ക്ഷോഭം വന്നിട്ടും കരകയറാത്ത കടലാണ് ഇത്തവണ കുടിലുകള്‍ വലിച്ചെടുത്ത് പോയതെന്നും അവര്‍ പറയുന്നു.

യൗവനകാലത്ത് തന്നെ വിധവയായ ആയിഷയുടെയും കുടുംബത്തിന്‍െറയും ജീവിതം എന്നും ദുരിതക്കടലായിരുന്നു. വീട്ടുപണിക്കും മറ്റും പോയാണ് നാലു മക്കളെ വളര്‍ത്തി വലുതാക്കിയത്. അതിനിടെ സ്വന്തമെന്ന് പറയാനുണ്ടായിരുന്ന വീടു കൂടി നഷ്ടമായതോടെ ഇനിയെന്ത് ചെയ്യുമെന്ന കരകാണാകടലിലാണ് ആ ജീവിതം. സന്തോഷത്തിന്‍െറയും സമാധാനത്തിന്‍െറയും സന്തോഷമായ ചെറിയപെരുന്നാള്‍ ദിനത്തില്‍ സ്കൂളിലെ മരബെഞ്ചില്‍ തനിക്കുള്ള ഈദ് സന്ദേശവുമായി ഏതെങ്കിലും സന്ദര്‍ശകര്‍ വരുമോയെന്ന പ്രതീക്ഷയിലാണ് ഇവര്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.