??.??. ??????????

ഓര്‍മപ്പുഴ മെലിഞ്ഞില്ല, കടവൊഴിഞ്ഞില്ല...

മുക്കം: 1982 ജൂലൈ 15ന് ഇരുവഴിഞ്ഞിപ്പുഴയിലുണ്ടായ തോണിയപകടത്തില്‍പെട്ടവരെ രക്ഷിക്കുന്നതിനിടെ കുത്തൊഴുക്കിനോട് മല്ലടിച്ച് വീരമൃത്യു വരിച്ച മുക്കത്തിന്‍െറ ബി.പി. മൊയ്തീന്‍ ഓര്‍മയായിട്ട് ഇന്നേക്ക് 34 വര്‍ഷം തികയുന്നു. കുലംകുത്തിയൊഴുകുന്ന ഇരുവഴിഞ്ഞിപ്പുഴയുടെ തെയ്യത്തുംകടവിലായിരുന്നു അന്ന് നാടിനെ നടുക്കിയ ദുരന്തം നടന്നത്. മൊയ്തീനും ഒപ്പം സഞ്ചരിച്ചവരും തോണി മറിഞ്ഞതോടെ ഒഴുക്കില്‍പ്പെട്ടു. സഹയാത്രികരില്‍ നിരവധിപേരെ രക്ഷിച്ച് ഒടുവില്‍ മൊയ്തീന്‍ ചുഴിയിലകപ്പെടുകയായിരുന്നു. രാഷ്ട്രം മരണാനന്തര ബഹുമതിയായി രാഷ്ട്രപതിയുടെ ധീരതക്കുള്ള മെഡല്‍ നല്‍കി ആദരിക്കപ്പെട്ട മുക്കത്തിന്‍െറ മാതൃകാപുരുഷനാണ് മൊയ്തീന്‍. മുക്കത്തെ സമ്പന്നമായ തറവാട്ടിലാണ് മൊയ്തീന്‍ ജനിച്ചത്.

സുഖസൗകര്യങ്ങളുടെ നടുവില്‍ ജീവിതത്തെ ഒതുക്കി നിര്‍ത്താതെ സാമൂഹിക സേവനത്തിലും പത്രപ്രവര്‍ത്തനത്തിലും സ്പോര്‍ട്സിലും സിനിമയിലും പരിസ്ഥിതി സംരക്ഷണത്തിലും മുന്നില്‍നിന്ന് നയിച്ചു ആ ജീവിതം. അസാധാരണമായ ധീരതക്കുടമയായ അദ്ദേഹം നേതാജി സുഭാഷ് ചന്ദ്രബോസിന്‍െറ ആരാധകനായിരുന്നു. 1960ല്‍ സ്ഥാപിച്ച ചില്‍ഡ്രന്‍സ് ക്ളബിന് നേതാജിയുടെ മകളായ അനിതയുടെ പേരാണ് മൊയ്തീന്‍ നല്‍കിയത്.

വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുജീവിതം തുടങ്ങിയ മൊയ്തീന്‍ കേരളത്തില്‍ അറിയപ്പെടുന്ന പ്രാസംഗികനായി വളര്‍ന്നു. പിന്നീട് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്‍െറ ഭാഗമായി. മരണസമയത്ത്  മുക്കം ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ലാതെയാണ് മത്സരിച്ചു ജയിച്ചത്. സംസ്ഥാനത്തെതന്നെ ആദ്യ സ്പോര്‍ട്സ് മാസികകളിലൊന്നായ സ്പോര്‍ട്സ് ഹെറാള്‍ഡ് മൊയ്തീന്‍ പ്രകാശനം ചെയ്യിപ്പിച്ചത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെക്കൊണ്ടായിരുന്നു. നിഴലേ നീ സാക്ഷി, ഇന്ത്യാ നീ സുന്ദരി തുടങ്ങിയ സിനിമകളും അദ്ദേഹം നിര്‍മിച്ചു. സാഹസികനും നന്മനിറഞ്ഞവനുമായ മൊയ്തീന്‍െറ കാഞ്ചനമാലയുമായുള്ള പ്രണയവും ഏറെ വിവാദം നിറഞ്ഞതായിരുന്നു. ഇവരുടെ ജീവിതവും പ്രണയവും പറഞ്ഞ ‘എന്ന് നിന്‍െറ മൊയ്തീന്‍’ സിനിമയും ജനം ഏറ്റെടുത്തു.

നടന്‍ ദിലീപിന്‍െറ സഹായത്തോടെ ബി.പി. മൊയ്തീന്‍ സേവാമന്ദിറിനായി പുത്തന്‍ കെട്ടിട നിര്‍മാണം പുരോഗമിക്കുകയാണ്. മൊയ്തീന്‍െറ 34ാം ചരമ വാര്‍ഷിക പരിപാടി വിവിധ പരിപാടികളോടെ  വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് മുക്കം മാളിക ഓഡിറ്റോറിയത്തില്‍ നടക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.