കൃഷിയും കർഷകരും നമ്മുടെ നാടിന്റെ സമൃദ്ധിയുടെ അടയാളങ്ങളാണ്. ഒരുകാലത്ത് കേരളത്തിന്റെ കരുത്ത് കാർഷികമേഖല നൽകിയ വിഭവങ്ങളിലും അതിലൂടെ സമാഹരിക്കാനായ വരുമാനത്തിലുമായിരുന്നു. മാറിയകാലത്ത് വിവിധ കാരണങ്ങളാൽ കാർഷിക രംഗത്ത് കാലാനുസൃതമായ മുന്നേറ്റം സാധ്യമാകാതെ വന്നെന്നതും യാഥാർഥ്യമാണ്. കൃഷിയിലേക്ക് പുതുതായി ആളുകൾ വരാൻ മടിക്കുന്ന സാഹചര്യവും രൂപപ്പെട്ടു. കൃഷിയിടങ്ങൾ കുറയുകയും കൃഷി ആദായകരമല്ലാത്ത മേഖലയായി മാറുകയും ചെയ്തത് കാർഷികരംഗത്തെ പിന്നോട്ടടിച്ചു.
എന്നാൽ, കൃഷിയുടെ നല്ല നാളുകൾ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഇന്നു നമ്മൾ. സർക്കാറും തദ്ദേശസ്ഥാപനങ്ങളും സംഘടനകളുമൊക്കെ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന നയസമീപനങ്ങളുമായി മുന്നോട്ടുവന്നു. ഈ ഇടപെടലുകൾ കാർഷിക ‘മുരടിപ്പ്’ മാറ്റുന്നതിൽ വലിയ പങ്ക് വഹിച്ചു. സർക്കാർതലത്തിൽ കൃഷിക്ക് നൽകുന്ന മുന്തിയ പ്രധാന്യം പുതുതലമുറയടക്കം കൃഷിയെ ഇഷ്ടപ്പെടാനും ഗൗരവത്തോടെ സമീപിക്കാനും തയാറാകുന്നെന്നത് ശുഭപ്രതീക്ഷ നൽകുന്നു.
സർക്കാർ കാർഷിക മേഖലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതിളെക്കുറിച്ച് കൃഷിവകുപ്പ് ഡയറക്ടർ ഡോ.അദീല അബ്ദുല്ല സംസാരിക്കുന്നു.
സംസ്ഥാനത്തെ കൃഷി വികസനത്തിനായി വ്യത്യസ്ത പദ്ധതികൾ നടപ്പാക്കിവരുന്നുണ്ട്. മുൻവർഷങ്ങളിൽ ആരംഭിച്ചതും നിലവിൽ തുടർന്നുവരുന്നതുമായ വിവിധ കർഷക്ഷേമ, കൃഷി വികസന പദ്ധതികളുണ്ട്. കൃഷിയുടെ വികസനം നാടിന്റെ വികസനായി കണ്ട് കാര്യക്ഷമായ ഇടപെടലുകളും കർഷകർക്കാവശ്യമായ എല്ലാ പിന്തുണയും ലഭ്യമാക്കാനും കാർഷികവികസന കർഷകക്ഷേമവകുപ്പ് സന്നദ്ധമാണ്. എല്ലാതലങ്ങളിലും വകുപ്പ് കാര്യക്ഷമമായ ഇടപെടൽ നടത്തിവരുന്നു. ‘കതിർ’ സോഫ്റ്റ് വെയർ, ന്യൂട്രീഷ്യൻ സെക്യൂരിറ്റി ലക്ഷ്യമിട്ടുള്ള ഇടപെടലുകൾ എന്നിവ ഇതിൽ പ്രധാനമാണ്.
പച്ചക്കറി ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി ‘സമഗ്ര പച്ചക്കറി വികസന പദ്ധതി’ ആവിഷ്കരിച്ച് നടപ്പാക്കിവരുന്നു. പദ്ധതിയിൽ ‘ഗാർഹിക പച്ചക്കറി കൃഷി’ മുഖ്യഘടകമായി ഉൾപ്പെടുത്തിയിട്ടുണ്ട്. പച്ചക്കറി വിത്തുകളുടെയും തൈകളുടെയും സൗജന്യ വിതരണവും നടത്തുന്നു. 2024-25 സാമ്പത്തിക വർഷം സുരക്ഷിത പച്ചക്കറികൾ നമ്മുടെ വീട്ടുവളപ്പുകളിൽനിന്നുതന്നെ ഉൽപാദിപ്പിക്കുന്നത് ലക്ഷ്യമിട്ട് സങ്കരയിനം പച്ചക്കറികളുടെ വിവിധ ഇനങ്ങളടങ്ങിയ നൂറു രൂപ വിലവരുന്ന 88000ത്തിൽ അധികം വിത്തുപാക്കറ്റുകൾ വിതരണം ചെയ്തു.
ഇൗ കാലയളവിൽ ഒരു ലക്ഷം വിത്തുപാക്കറ്റുകളുടെ വിതരണമാണ് ലക്ഷ്യമിടുന്നത്. മൂന്നു രൂപ വില വരുന്ന 50 ലക്ഷം സങ്കരയിന പച്ചക്കറി തൈകൾ വിതരണം ചെയ്യാൻ ആവിഷ്കരിച്ച പദ്ധതിയിൽ 44.29 ലക്ഷത്തിന്റെ വിതരണം ഇതിനകം നടത്താനായി. കൂടാതെ, 10 രൂപ വിലയുള്ള 25 ലക്ഷം വിത്ത് പാക്കറ്റുകളുടെ വിതരണം ലക്ഷ്യമിട്ടതിൽ 24.9 ലക്ഷം പൂർത്തീകരിച്ചു. 2.5 രൂപ വിലയുള്ള 40 ലക്ഷം പച്ചക്കറി തൈകളുടെ വിതരണം തീരുമാനിച്ചതിൽ ഇതിനകം 37.63 ലക്ഷം തൈകൾ വിതരണം ചെയ്തു.
കർഷകർക്ക് നല്ല വിളവ് ലഭിക്കുന്ന ഗുണനിലവാരമുള വിത്തുകളും തൈകളും ലഭ്യമാക്കുകയാണ് ലക്ഷ്യം. ദീർഘകാല പച്ചക്കറി വിളികളുടെ പ്രോത്സഹനത്തിനായി മുരിങ്ങ, അഗത്തി, കറിവേപ്പില തുടങ്ങിയ ഇനങ്ങളുടെ ഒരു ലക്ഷം തൈകൾ കർഷകർ സൗജന്യമായി വിതരണം ചെയ്യാനുള്ള പദ്ധതി തയാറാക്കി. ഇതിൽ 86000 തൈകൾ ഇതിനകം വിതരണം ചെയ്യാനായി. ശേഷിക്കുന്നവയുടെ വിതരണം സമയബന്ധിതമായി പൂർത്തിയാക്കും. ഓണത്തിന് വിഷരഹിതമായ പച്ചക്കറി വീട്ടുവളപ്പിൽ നിന്നുതന്നെ ലഭ്യമാക്കാൻ ഉദ്ദേശിച്ചാണ് ഇത്തരം പദ്ധതികൾ നടപ്പാക്കുന്നത്.
നഗരപ്രദേശങ്ങഴിൽ സ്ഥലപരിമിതിമൂലം കൃഷി ചെയ്യാൻ സാധിക്കാത്തവരെ ലക്ഷ്യമിട്ട് ചെടിച്ചട്ടികളിലുള്ള പച്ചക്കറി കൃഷി പ്രോത്സാഹിപ്പിച്ചുവരുന്നു. ഒരു കർഷകന് 25 പച്ചക്കറി തൈകൾ, മൺചട്ടി/എച്ച്.ഡി.പി.ഇ ചട്ടികളിൽ ആക്കിയ യൂനിറ്റുകൾ ലഭ്യമാക്കുന്നു. 5000 രൂപ വിലയുള്ള ഒരു യൂനിറ്റിന് 75 ശതമാനം സബ്സിഡി നൽകുന്നുണ്ട്. ഇത്തരം 8000 യൂനിറ്റുകളാണ് ഈ വർഷം ലക്ഷ്യമിടുന്നത്. ഇതിൽ 5651 യൂനിറ്റുകളുടെ വിതരണം പൂർത്തീകരിക്കാനായി. കൂടാതെ, വീടുകളിൽ ‘പോഷകത്തോട്ടം നിർമാണത്തിന് സബ്സിഡി നൽകിയുള്ള പദ്ധതിയും നടപ്പാക്കി. ഒരുലക്ഷം തോട്ടങ്ങൾ സ്ഥാപിക്കാൻ ഉദ്ദേശിച്ചതിൽ പകുതിയിലേറെയും യാഥാർഥ്യമാക്കാനായി.
കേരളത്തിന്റെ കാർഷികമേഖലയുടെ പുരോഗതിക്ക് വിവരസാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കൃഷിവകുപ്പ് തയാറാക്കിയ പ്ലാറ്റ്ഫോമാണ് കതിർ (കേരള അഗ്രികൾചർ ടെക്നോളജി ഹബ് ആൻഡ് ഇൻഫർമേഷൻ റെപ്പോസിറ്ററി). കർഷകർക്കുള്ള എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യസംയോജിത പോർട്ടൽ കൂടിയാണിത്. കർഷകർക്ക് എളുപ്പത്തിലും സുതാര്യമായും സമയോചിതമായും സേവനങ്ങൾ എത്തിക്കാനും കൃഷി ഉദ്യോഗസ്ഥർക്ക് കൂടുതൽ സമയം കൃഷിയിടത്തിൽ ചെലവഴിക്കാനും സോഫ്റ്റ്വെയർ സഹായകരമാകുമെന്നതാണ് നേട്ടം. വെബ് പോർട്ടലായും മൊബൈൽ ആപ്ലിക്കേഷനായും രൂപപ്പെടുത്തിയിട്ടുള്ള സോഫ്റ്റ്വെയർ കർഷകസൗഹൃദമാണ്.
===============
അദീല അബ്ദുല്ല ,ഡയറക്ടർ, കാർഷികവിഭാഗം,കേരള സർക്കാർ
തയ്യാറാക്കിയത്: എസ്. ഷാജിലാൽ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.