??????? ???????

മുല്ലപ്പെരിയാർ അണക്കെട്ട്: നിലപാട് തിരുത്തി പിണറായി

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്ന മുൻ നിലപാടു തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. അണക്കെട്ട് സുരക്ഷിതമല്ലെന്ന നിയമസഭ, സർവകക്ഷിയോഗ നിലപാടുകളാണ് ശരിയെന്ന് പിണറായി നിയമസഭയിൽ പറഞ്ഞു. തന്റെ ഭാഗത്തുനിന്ന് വ്യത്യസ്തമായ പ്രസ്താവനകളുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയിൽ പി.ടി തോമസിനു നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് പിണറായിയുടെ നിലപാടു മാറ്റം. സ്കൂൾ കുട്ടികൾ സംസാരിക്കുന്നതുപോലെ പ്രതികരിക്കേണ്ട വിഷയമല്ല മുല്ലപ്പെരിയാറെന്നും മുഖ്യമന്ത്രിയുടെയും സർക്കാറിന്റെയും വ്യക്തമായ അഭിപ്രായമെന്താണെന്ന് വ്യക്തമാക്കണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാറിൽ നിലവിലുള്ള അണക്കെട്ടിനു ബലക്ഷയമില്ലെന്നു വിദഗ്ധസംഘം റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ പുതിയ അണക്കെട്ടെന്ന ആവശ്യത്തിനു പ്രസക്തിയില്ല എന്നായിരുന്നു പിണറായി നേരത്തെ പറഞ്ഞിരുന്നത്. മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിനു തൊട്ടടുത്ത ദിവസങ്ങളിൽ പിണറായി നടത്തിയ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധമുയർന്നിരുന്നു. സംഘര്‍ഷമല്ല, സമാധാനമാണ് വേണ്ടതെന്നും പ്രശ്നപരിഹാരത്തിന് തമിഴ്നാടുമായി തുറന്നചര്‍ച്ച നടത്തണം. കേരളത്തിന് ഏകപക്ഷീയമായി ഡാം നിര്‍മിക്കാന്‍ കഴിയില്ല. ഇരു സംസ്ഥാനങ്ങളും അംഗീകരിച്ച് ഡാം പണിയണമെന്നാണ് കേരള നിയമസഭ പാസാക്കിയ പ്രമേയത്തില്‍ നിഷ്കര്‍ഷിക്കുന്നത്. ഈ നിലപാടാണ് താന്‍ പറഞ്ഞതെന്നും അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

പിന്നീട് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ജില്ലയിലെ എം.എല്‍.എമാര്‍ക്കും എല്‍.ഡി.എഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി നല്‍കിയ പൗരസ്വീകരണത്തില്‍ വെച്ച് പിണറായി നിലപാട് മയപ്പെടുത്തിയിരുന്നു. ‘മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണ്ടെന്ന നിലപാട് തനിക്കോ സര്‍ക്കാറിനോ ഇല്ല. മുല്ലപ്പെരിയാര്‍ വിഷയത്തിലെ യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കി മുന്നോട്ടുപോകണമെന്നാണ് ഞാന്‍ ഡല്‍ഹിയില്‍ പറഞ്ഞത്. സുപ്രീംകോടതിവിധിയില്‍ പറയുന്നപോലെ ഡാമിന് ബലമുണ്ടെന്ന അഭിപ്രായം കേരളത്തിനില്ല. പക്ഷേ, ഡാമിന് ബലമില്ലെന്ന് പറയുമ്പോള്‍ അത് സമര്‍ഥിക്കാന്‍ നമുക്ക് കഴിയണം. അന്താരാഷ്ട്രതലത്തില്‍ നൂറുവര്‍ഷം കഴിഞ്ഞ ഡാമുകളെക്കുറിച്ച് പഠിക്കുന്ന വിദഗ്ധരുണ്ട്. അത്തരം വിദഗ്ധരുള്‍പ്പെട്ട സമിതിയെ നിയോഗിച്ച് ഡാമിന്‍െറ ബലം പരിശോധിക്കണമെന്ന സംസ്ഥാനത്തിന്‍െറ നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ തള്ളുകയായിരുന്നു. ഡാമിന്‍െറ ബലത്തെക്കുറിച്ച പരിശോധനയാണ് പ്രധാനം. ഇതാണ് സര്‍ക്കാറിന്‍െറ നിലപാട്’- പിണറായി അന്ന് പറഞ്ഞത് ഇപ്രകാരമായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.