മൈക്രോ ഫിനാന്‍സ്: സ്വയംസഹായസംഘം ഭാരവാഹികളുടെ മൊഴിയെടുക്കും

തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാന്‍സ് തട്ടിപ്പുകേസില്‍ അന്വേഷണത്തിന്‍െറ ആദ്യഘട്ടമായി സ്വയംസഹായസംഘം ഭാരവാഹികളുടെ മൊഴിയെടുക്കും. പിന്നാക്ക വികസന കോര്‍പറേഷന് വെള്ളാപ്പള്ളി സമര്‍പ്പിച്ച പട്ടികയിലെ സംഘങ്ങളില്‍നിന്നാണ് മൊഴിയെടുക്കുന്നത്.
തുടര്‍ന്ന്, സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ വെള്ളാപ്പള്ളിക്കെതിരെ പരാതി നല്‍കിയ സംഘങ്ങളുടെ ഭാരവാഹികളുടെ മൊഴിയെടുക്കും. ഇതോടൊപ്പം ശ്രീനാരായണ ധര്‍മവേദി പ്രവര്‍ത്തകരില്‍നിന്ന് തെളിവ് ശേഖരിക്കും. ഇത് പൂര്‍ത്തിയാകുന്ന മുറക്കാകും വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ള ഉന്നതരുടെ മൊഴി രേഖപ്പെടുത്തുക. അന്വേഷണത്തില്‍ പാളിച്ച പറ്റാതിരിക്കാന്‍ വിവിധ സംഘങ്ങളെ നിയോഗിക്കാനും നിര്‍ദേശമുണ്ട്. വെള്ളിയാഴ്ച മൈക്രോ ഫിനാന്‍സ് പ്ളാന്‍ ഓഫ് ആക്ഷന്‍ ചര്‍ച്ച ചെയ്യാന്‍ വിജിലന്‍സ് ആസ്ഥാനത്ത് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. എസ്.എന്‍.ഡി.പി യോഗത്തിനു കീഴിലെ 250 സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് രണ്ടുലക്ഷം വീതം സഹായം എത്തിക്കുമെന്നുപറഞ്ഞ് പിന്നാക്ക വികസന കോര്‍പറേഷനില്‍നിന്ന് എടുത്ത വായ്പയിലാണ് തിരിമറി നടന്നത്. 3900 പേര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, പല സംഘങ്ങളും തങ്ങളുടെ പേരില്‍ വായ്പ എടുത്തത് അറിഞ്ഞിട്ടുപോലുമില്ല. വ്യാജ ഒപ്പിട്ട് യൂനിയന്‍ ഭാരവാഹികള്‍ ലോണ്‍ തുക കൈപ്പറ്റുകയായിരുന്നു.
ബെനഫിഷറി ലിസ്റ്റില്‍ എസ്.എന്‍.ഡി.പി യോഗം ഉള്‍പ്പെടുത്തിയ പല സംഘങ്ങള്‍ക്കും ഫണ്ട് നല്‍കാതെ മറ്റ് സംഘങ്ങള്‍ക്ക് തുക നല്‍കിയതായി പിന്നാക്ക വികസന കോര്‍പറേഷന്‍ ജില്ലാ ഓഫിസര്‍മാര്‍ നടത്തിയ ഫീല്‍ഡ് വിസിറ്റില്‍ ബോധ്യമായി. ഇതിന്‍െറ രേഖകള്‍ ഹെഡ് ഓഫിസിലേക്ക് അയച്ചെങ്കിലും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം താഴത്തെട്ടില്‍നിന്ന് ആരംഭിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.