ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം എതിര്‍ക്കും –മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്

കോഴിക്കോട്: ഏക സിവില്‍കോഡ് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന സമ്മര്‍ദവും പീഡനവും അംഗീകരിക്കാനാവില്ളെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അംഗം ഡോ. അസ്മ സെഹ്റ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ മതവിഭാഗങ്ങളിലുള്ളവരും അവരവരുടെ വിശ്വാസങ്ങളും ആചാരങ്ങളുമനുസരിച്ചാണ് രാജ്യത്ത് ജീവിക്കുന്നത്. ഏക സിവില്‍കോഡിന്‍െറ പേരില്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണ്. ഖുര്‍ആന്‍ അടിസ്ഥാനമാക്കി ജീവിക്കാന്‍ മുസ്ലിംകളെ അനുവദിക്കണം. വ്യക്തിനിയമം സംരക്ഷിക്കും. സിവില്‍കോഡ് നടപ്പില്‍ വരുത്താനുള്ള ശ്രമങ്ങളെ മുസ്ലിംകള്‍ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും അവര്‍ പറഞ്ഞു.   
ഇസ്ലാമില്‍ ത്വലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിനെതിരെ മാധ്യമങ്ങള്‍  പ്രചാരണം നടത്തുകയാണ്. വിവാഹബന്ധം ഒഴിവാക്കുന്നത് വിഷമകരമായ കാര്യമാണെങ്കിലും ഇസ്ലാമില്‍ ഇത് അനുവദിച്ചിട്ടുണ്ട്. മറ്റ് മത, ജാതി വിഭാഗങ്ങളിലും ദാമ്പത്യം അവസാനിപ്പിക്കുന്നുണ്ട്. മുസ്ലിം സമൂഹത്തിനകത്തെ 97 ശതമാനം വിവാഹങ്ങളും വിജയകരമാണ്. മുസ്ലിം വ്യക്തി നിയമത്തിനുകീഴില്‍ മുസ്ലിം സ്ത്രീകള്‍ സുരക്ഷിതരും സന്തുഷ്ടരുമാണ്. വിവാഹത്തില്‍ പുരുഷനും സ്ത്രീക്കും തുല്യ അവകാശങ്ങളാണ് ഇസ്ലാം വിഭാവനം ചെയ്യുന്നത്. വിവാഹബന്ധം വേര്‍പ്പെടുത്തുന്ന മുസ്ലിം സ്ത്രീയെ സംരക്ഷിക്കാന്‍ അവരുടെ പിതാവിനും സഹോദരനും ഉത്തരവാദിത്തമുണ്ട്. മുസ്ലിം പുരുഷന്മാര്‍ ത്വലാഖിനുള്ള അധികാരം ദുരുപയോഗം ചെയ്യാതിരിക്കാനായി അവരെ ബോധവത്കരണം നടത്തുകയാണ് ചെയ്യേണ്ടത്. പെണ്‍ഭ്രൂണഹത്യ, ശൈശവ വിവാഹം, സ്ത്രീധനം, ശരിയായ വിദ്യാഭ്യാസം ലഭിക്കാതിരിക്കല്‍ തുടങ്ങി സ്ത്രീകള്‍ നേരിടുന്ന യഥാര്‍ഥ പ്രശ്നങ്ങളിലിടപെടാതെ ത്വലാഖ് സംബന്ധിച്ച് വ്യാജപ്രചാരണങ്ങളും തെറ്റിദ്ധാരണകളും ഉണ്ടാക്കുകയാണ് ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.
നീതിയും തുല്യതയും ഉറപ്പുവരുത്തിക്കൊണ്ടുമാത്രമാണ് ബഹുഭാര്യത്വം ഇസ്്ലാം അനുവദിച്ചിട്ടുള്ളത്. മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ക്കും വിവാഹം, വിവാഹമോചനം തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുമായി പ്രത്യേക നിയമങ്ങളുണ്ട്. ഇവയെല്ലാം കൃത്യമായി നടപ്പാക്കുന്നുണ്ടെന്നും നിയമങ്ങളില്‍ മാറ്റം വരുത്തേണ്ടതില്ളെന്നും ഡോ. അസ്മ കൂട്ടിച്ചേര്‍ത്തു. സാമൂഹിക പരിഷ്കരണമാണ് മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ നടപ്പാക്കേണ്ടതെന്നും സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.