മദ്റസ അധ്യാപകര്‍ക്ക് ഭവനവായ്പ അര്‍ഹരുടെ ലിസ്റ്റ് ഉടന്‍ തയാറാക്കാന്‍ നിര്‍ദേശം

കണ്ണൂര്‍: സംസ്ഥാന ന്യൂനപക്ഷക്ഷേമ മന്ത്രാലയത്തിന് കീഴില്‍ മദ്റസ അധ്യാപക ക്ഷേമനിധിയില്‍നിന്നുള്ള ആദ്യ ഭവനവായ്പ പദ്ധതിയുടെ അര്‍ഹതാ ലിസ്റ്റ് ഉടന്‍ തയാറാക്കാന്‍ വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കി. കഴിഞ്ഞ ഒരു വര്‍ഷമായി അപേക്ഷിച്ച് കാത്തിരിക്കുന്ന 528ഓളം പേരില്‍ അര്‍ഹരായവര്‍ക്ക് ഉടന്‍ സഹായം വിതരണം ചെയ്യാനാണ് നിര്‍ദേശം. രണ്ടു ഘട്ടങ്ങളിലായി നൂറുവീതം പേര്‍ക്ക് ഭവനവായ്പ നല്‍കാനാണ് നടപടി പുരോഗമിക്കുന്നത്. 2013ല്‍ ആരംഭിച്ച ക്ഷേമനിധിയില്‍നിന്ന് ഇതാദ്യമായാണ് ഭവനവായ്പ അനുവദിക്കുന്നത്. കഴിഞ്ഞവര്‍ഷമാണ് ഇതിനുള്ള അപേക്ഷ ക്ഷണിച്ചത്. 72 മാസത്തേക്കുള്ള തിരിച്ചടവായി രണ്ടരലക്ഷം വീതമാണ് പലിശരഹിത വായ്പ നല്‍കുന്നത്. യോഗ്യതാമാനദണ്ഡം കര്‍ക്കശമായതുകൊണ്ടാണ് അപേക്ഷകരില്‍ ഭൂരിഭാഗവും പുറത്തായത്.

ക്ഷേമനിധിയില്‍ അംഗത്വംനേടി ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും കഴിഞ്ഞവര്‍ക്കാണ് ഭവനവായ്പ അര്‍ഹത. വായ്പക്ക് ഈടുനല്‍കുന്നതിനും കടമ്പകളുണ്ടായിരുന്നു. ചില അപേക്ഷകള്‍ ക്രമപ്രകാരവുമായില്ല. ന്യൂനപക്ഷക്ഷേമ മന്ത്രാലയത്തിന്‍െറ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനാണ് ഇടതുമന്ത്രിസഭയുടെ തീരുമാനം. ഇതിന്‍െറ ഭാഗമായാണ് അര്‍ഹരായവര്‍ക്ക്  ഉടന്‍ തുക നല്‍കാന്‍ നിര്‍ദേശിച്ചത്. അപേക്ഷകരുടെ ഒരു വര്‍ഷത്തെ കാത്തിരിപ്പിന് ഇതോടെ വിരാമമാവും. ന്യൂനപക്ഷക്ഷേമ മന്ത്രാലയത്തിന് കഴിഞ്ഞവര്‍ഷം 49 കോടി രൂപ അനുവദിച്ചിരുന്നു. ഫണ്ടിന്‍െറ അപര്യാപ്തതയല്ല, ക്ഷേമനിധിയുടെ നടപടികളിലെ ദൗര്‍ബല്യങ്ങളാണ് മെല്ളെപ്പോക്കിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ക്ഷേമനിധിക്ക് നിലവില്‍ ഒരു ഭരണസമിതി ഇല്ല. മുസ്ലിം സംഘടനാനേതാക്കളുടെ മോണിറ്ററിങ് സമിതിയാണ് ചിലപ്പോഴെങ്കിലും കാര്യങ്ങളില്‍ ഇടപെടുന്നത്. ന്യൂനപക്ഷക്ഷേമ ധനകാര്യ കോര്‍പറേഷനാണ് ഇതിന്‍െറ സാമ്പത്തിക അനുമതി നല്‍കേണ്ടത്. കോര്‍പറേഷന് പുതിയ സാരഥികള്‍ ചുമതലയേറ്റ ഉടനെ ആദ്യ നടപടി ഭവനവായ്പ വിതരണമായിരിക്കും.  ക്ഷേമനിധിയില്‍ അംഗമായവര്‍ക്കുള്ള പെന്‍ഷന്‍പദ്ധതി ഇനിയും പ്രതീക്ഷിച്ചപോലെ നടപ്പായിട്ടില്ല. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ അംഗമായവരില്‍നിന്ന് പ്രായപരിധി 65 കഴിഞ്ഞ 14 പേര്‍ക്ക് മാത്രമാണ് പെന്‍ഷന് അംഗീകാരം കിട്ടിയത്.അതേസമയം, വകുപ്പ് ചുമതലയുള്ള മന്ത്രി കെ.ടി. ജലീലിന് മുന്നില്‍ പുതിയ ഏതാനും നിര്‍ദേശങ്ങള്‍കൂടി പരിഗണനക്ക് വന്നിട്ടുണ്ട്. ക്ഷേമനിധി അംഗങ്ങളുടെ മരണാനന്തര ചടങ്ങുകള്‍ക്ക് 10,000 രൂപ, മക്കളുടെ പ്രഫഷനല്‍ കോഴ്സുകളിലേക്കുള്ള വിദ്യാഭ്യാസസഹായം, അടുത്ത കുടുംബങ്ങളുടെ ചികിത്സാസഹായം തുടങ്ങിയവയും ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് നിര്‍ദേശം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.