മന്ത്രിസഭാ തീരുമാനങ്ങൾ മറച്ചുവെക്കില്ല– പിണറായി വിജയൻ

തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങൾ മറച്ചുവെക്കി​ല്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. തീരുമാനങ്ങൾ ഉത്തരവായതിനു ശേഷം മാത്രമേ പുറത്തുവിടുകയുള്ളൂ. വിവരാവകാശ നിയമത്തിലും പറയുന്നത് ഇക്കാര്യം തന്നെയാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.  മന്ത്രിസഭാ തീരുമാനങ്ങൾ പുറത്തുവിടാനാവില്ലെന്ന നിലപാട്​ ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട്​ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന്​ മറുപടി നൽകുകയായിരുന്നു അദ്ദേഹം.

മന്ത്രിസഭാ തീരുമാനങ്ങൾ പുറത്തു വിടില്ലെന്ന് പറയുന്നത് തെറ്റിദ്ധാരണ പരത്തുന്നതിന് വേണ്ടിയാണ്. തീരുമാനങ്ങൾ 48 മണിക്കൂറിനകം ഉത്തരവായി പുറത്തിറങ്ങും. അപ്പോൾ അത് സർക്കാറി​െൻറ വെബ്സൈറ്റിലും ലഭ്യമാകും. തീരുമാനങ്ങൾ ഉത്തരവ് ആയതിനുശേഷം പുറത്തു വിട്ടാൽ മതിയെന്നാണ് വിവരാവകാശ നിയമത്തിലും പറയുന്നത്. നിയമം മുഴുവൻ ഉൾക്കൊണ്ടാണ്​ വിവരാവകാശ കമീഷണറുടെ ഉത്തരവെന്നു പറയാനാവില്ല. വിവരാവകാശ കമീഷ​െൻറ ഉത്തരവിൽ കൂടുതൽ വ്യക്തത തേടിയാണ് സർക്കാർ ഹൈകോടതിയെ സമീപിച്ചതെന്നും പിണറായി വിശദീകരിച്ചു.

മന്ത്രിസഭാ തീരുമാനം പുറത്തു വിടില്ലെന്നത് വിവരാവകാശ നിയമത്തി​െൻറ അന്തസത്തക്ക്​ വിരുദ്ധമാണെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടിയ വി.ഡി.സതീശൻ പറഞ്ഞു. മന്ത്രിസഭായോഗത്തിനു ശേഷമുള്ള വാർത്താസമ്മേളനം നിർത്തലാക്കിയത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്​. ഭരണാധികാരി ആയപ്പോൾ പിണറായി വിജയന് രഹസ്യ അജണ്ടകളുണ്ടായെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടർന്ന്​ സ്​പീക്കർ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച്​ പ്രതിപക്ഷം സഭയിൽ നിന്ന്​ ഇറങ്ങിപ്പോയി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.