മന്ത്രിസഭാ തീരുമാനങ്ങൾ മറച്ചുവെക്കില്ല– പിണറായി വിജയൻ
text_fieldsതിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങൾ മറച്ചുവെക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീരുമാനങ്ങൾ ഉത്തരവായതിനു ശേഷം മാത്രമേ പുറത്തുവിടുകയുള്ളൂ. വിവരാവകാശ നിയമത്തിലും പറയുന്നത് ഇക്കാര്യം തന്നെയാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. മന്ത്രിസഭാ തീരുമാനങ്ങൾ പുറത്തുവിടാനാവില്ലെന്ന നിലപാട് ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
മന്ത്രിസഭാ തീരുമാനങ്ങൾ പുറത്തു വിടില്ലെന്ന് പറയുന്നത് തെറ്റിദ്ധാരണ പരത്തുന്നതിന് വേണ്ടിയാണ്. തീരുമാനങ്ങൾ 48 മണിക്കൂറിനകം ഉത്തരവായി പുറത്തിറങ്ങും. അപ്പോൾ അത് സർക്കാറിെൻറ വെബ്സൈറ്റിലും ലഭ്യമാകും. തീരുമാനങ്ങൾ ഉത്തരവ് ആയതിനുശേഷം പുറത്തു വിട്ടാൽ മതിയെന്നാണ് വിവരാവകാശ നിയമത്തിലും പറയുന്നത്. നിയമം മുഴുവൻ ഉൾക്കൊണ്ടാണ് വിവരാവകാശ കമീഷണറുടെ ഉത്തരവെന്നു പറയാനാവില്ല. വിവരാവകാശ കമീഷെൻറ ഉത്തരവിൽ കൂടുതൽ വ്യക്തത തേടിയാണ് സർക്കാർ ഹൈകോടതിയെ സമീപിച്ചതെന്നും പിണറായി വിശദീകരിച്ചു.
മന്ത്രിസഭാ തീരുമാനം പുറത്തു വിടില്ലെന്നത് വിവരാവകാശ നിയമത്തിെൻറ അന്തസത്തക്ക് വിരുദ്ധമാണെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടിയ വി.ഡി.സതീശൻ പറഞ്ഞു. മന്ത്രിസഭായോഗത്തിനു ശേഷമുള്ള വാർത്താസമ്മേളനം നിർത്തലാക്കിയത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ഭരണാധികാരി ആയപ്പോൾ പിണറായി വിജയന് രഹസ്യ അജണ്ടകളുണ്ടായെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടർന്ന് സ്പീക്കർ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.