മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്താന്‍ അനുവദിച്ചില്ളെങ്കില്‍ കേരളത്തിലേക്കുള്ള ചരക്കുനീക്കം സ്തംഭിപ്പിക്കുമെന്ന്

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142ല്‍നിന്ന് പരമാവധി സംഭരണ ശേഷിയായ 152ലേക്ക് ഉയര്‍ത്താന്‍ അനുവദിച്ചില്ളെങ്കില്‍ കേരളത്തിലേക്കുള്ള ചരക്കുനീക്കം സ്തംഭിപ്പിച്ച് ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് തമിഴ്നാട് ഐക്യകര്‍ഷക സംഘം മുന്നറിയിപ്പ് നല്‍കി. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഇടവേളക്കുശേഷം സമരങ്ങള്‍ക്ക് തുടക്കമിട്ട് സംസ്ഥാന അതിര്‍ത്തിയിലെ ഗൂഡല്ലൂരില്‍ ചൊവ്വാഴ്ച നടന്ന ഏകദിന സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യവെയാണ് സംഘം സംസ്ഥാന പ്രസിഡന്‍റ് പി.ആര്‍. പാണ്ഡ്യന്‍ കേരളത്തിനെതിരായ നിലപാട് പ്രഖ്യാപിച്ചത്.

അണക്കെട്ടിന് ബലക്ഷയമാണെന്ന പേരില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്‍െറ നീക്കം അവസാനിപ്പിക്കുക, മുല്ലപ്പെരിയാറിലെ തമിഴ്നാട് ഉദ്യോഗസ്ഥര്‍ക്കെതിരെ കേരളം എടുത്ത കേസുകള്‍ പിന്‍വലിക്കുക, അണക്കെട്ടിലേക്ക് പെരിയാര്‍ കടുവാ സങ്കേതത്തിലൂടെ ഭൂഗര്‍ഭ കേബ്ള്‍ സ്ഥാപിച്ച് വൈദ്യുതി എത്തിക്കുക, പ്രധാന അണക്കെട്ടിന് സമീപത്തെ ബേബിഡാം ബലപ്പെടുത്താന്‍ അനുവദിക്കുക, തേക്കടി തടാകത്തില്‍ തമിഴ്നാടിന്‍െറ ബോട്ടിന് അനുമതി നല്‍കുക, വനത്തിനുള്ളിലെ റോഡ് ടാര്‍ ചെയ്യുക തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷക സംഘം കേരളത്തിനെതിരെ സമരം സംഘടിപ്പിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍െറ സുരക്ഷക്കായി കേരളം സ്ഥാപിച്ച പൊലീസ് സ്റ്റേഷന്‍ നീക്കം ചെയ്യണമെന്നും അണക്കെട്ടിന്‍െറ സുരക്ഷക്കായി കേന്ദ്രസേനയെ നിയോഗിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സമരത്തിന് സംസ്ഥാന സെക്രട്ടറി ശെങ്കുട്ടവന്‍ നേതൃത്വം നല്‍കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.