സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ സ്വാശ്രയ കോഴ്സുകള്‍ അനുവദിക്കേണ്ടെന്ന് മന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ സ്വാശ്രയ കോഴ്സുകള്‍ക്ക് അനുമതി നല്‍കേണ്ടതില്ളെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ.സി. രവീന്ദ്രനാഥ്. തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിലാണ് പ്രോ-ചാന്‍സലര്‍ കൂടിയായ മന്ത്രിയുടെ നിര്‍ദേശം. സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ കോഴ്സുകള്‍ മാത്രമായിരിക്കും പ്രോത്സാഹിപ്പിക്കുക. സ്വാശ്രയ കോളജുകളും കോഴ്സുകളും പ്രോത്സാഹിപ്പിക്കില്ല. പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്ന സമീപനമായിരിക്കും സര്‍ക്കാറിന്‍േറത്. നിലവില്‍ സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ നടത്തുന്ന സ്വാശ്രയ കോഴ്സുകള്‍ തുടരാം. ഏകീകൃത പരീക്ഷാ കലണ്ടര്‍, അക്കാദമിക് കലണ്ടര്‍ എന്നിവ യാഥാര്‍ഥ്യമാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. പരീക്ഷയും ഫലപ്രഖ്യാപനവും സമയബന്ധിതമായി നടത്താന്‍ നടപടിയെടുക്കണം. സര്‍വകലാശാലകളിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ജനകീയവത്കരിക്കണം. ഗവേഷണ ഫലങ്ങള്‍ ജനങ്ങളിലത്തെിക്കാന്‍ നടപടി വേണം. ഗവേഷണഫലങ്ങളുടെ സംഗ്രഹം മലയാളത്തിലും ഇംഗ്ളീഷിലും പ്രസിദ്ധീകരിക്കണം.

അന്തര്‍ദേശീയ നിലവാരത്തിലുള്ള ജേണല്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികള്‍ക്ക് അഞ്ച് വിദഗ്ധരുടെ പാനലിനും യോഗത്തില്‍ രൂപം നല്‍കി. കേന്ദ്രസര്‍ക്കാറിന്‍െറ ഉന്നതവിദ്യാഭ്യാസ പദ്ധതിയായ ‘റുസ’യുടെ ഭാഗമായി ഗവേഷണ സ്ഥാപനങ്ങള്‍ മെച്ചപ്പെടുത്തണം. ഉന്നത വിദ്യാഭ്യാസ മേഖലയിലും വിവരസാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം. സര്‍വകലാശാലകളിലെ ലബോറട്ടറി, ലൈബ്രറി സംവിധാനങ്ങള്‍ നവീകരിക്കണം. റാഗിങ്ങിനെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ഇതുസംബന്ധിച്ച യു.ജി.സിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. റാഗിങ് സംബന്ധിച്ച നടപടികള്‍ സ്വീകരിക്കേണ്ട സമിതികള്‍ രൂപവത്കരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ബി. ശ്രീനിവാസ്, വൈസ് ചാന്‍സലര്‍മാരായ ഡോ.പി.കെ. രാധാകൃഷ്ണന്‍ (കേരള), ഡോ. ബാബു സെബാസ്റ്റ്യന്‍ (എം.ജി), ഡോ. ഖാദര്‍ മങ്ങാട് (കണ്ണൂര്‍), ഡോ. കുഞ്ചെറിയ പി. ഐസക് (കെ.ടി.യു), ഡോ. റോസ് വര്‍ഗീസ് (നുവാല്‍സ്), കെ. ജയകുമാര്‍ (മലയാളം), ഡോ.എം.സി. ദിലീപ്കുമാര്‍ (കാലടി ശ്രീശങ്കര) എന്നിവരും പ്രോ-വൈസ് ചാന്‍സലര്‍മാരായ ഡോ.പി. മോഹന്‍ (കാലിക്കറ്റ്), ഡോ. കെ. പൗലോസ് ജേക്കബ് (കുസാറ്റ്) എന്നിവരുമാണ് യോഗത്തില്‍ പങ്കെടുത്തത്. റുസ സംസ്ഥാന നോഡല്‍ ഓഫിസര്‍ ക്രിസ്റ്റി ക്ളമന്‍റ് റുസ പദ്ധതികള്‍ വിശദീകരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.