ശശീന്ദ്രന്‍െറ മരണം: ‘മാധ്യമ’ത്തിനെതിരായ അപകീര്‍ത്തി കേസ് ജില്ലാ കോടതിയും തള്ളി

പാലക്കാട്: മലബാര്‍ സിമന്‍റ്സ് ഫാക്ടറിയില്‍ കമ്പനി സെക്രട്ടറിയായിരുന്ന വി. ശശീന്ദ്രന്‍േറയും രണ്ട് മക്കളുടേയും ദുരൂഹ മരണത്തെ തുടര്‍ന്ന് ഫാക്ടറിയില്‍ അരങ്ങേറിയ വകുപ്പുതല അന്വേഷണത്തെ അധികരിച്ച് ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാര്‍ത്തക്കെതിരായ അപകീര്‍ത്തി കേസ് അഡീഷനല്‍ ജില്ലാ കോടതിയും തള്ളി. വാര്‍ത്ത തനിക്ക് ഏറെ മാനഹാനി വരുത്തിയെന്ന് പറഞ്ഞാണ് ഫാക്ടറിയിലെ ലീഗല്‍ ഓഫിസര്‍ പ്രകാശ് ജോസഫ് കേസ് ഫയല്‍ ചെയ്തത്. നേരത്തെ കേസ് തള്ളിക്കൊണ്ട് പാലക്കാട് പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീലിലാണ് മൂന്നാം അഡീഷനല്‍ ജില്ലാ ജഡ്ജി എം.ബി. സ്നേഹലതയുടെ വിധി.

‘മാധ്യമം’ പ്രസാധകരായ ഐഡിയല്‍ പബ്ളിക്കേഷന്‍സ് ട്രസ്റ്റ് സെക്രട്ടറിയായിരുന്ന പി.എ. അബ്ദുല്‍ ഹക്കീം, എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, പാലക്കാട് ചീഫ് റിപ്പോര്‍ട്ടര്‍ ടി.വി. ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരെയായിരുന്നു കേസ്. വസ്തുതകളുടെ പിന്‍ബലത്തില്‍ തയാറാക്കിയ സത്യസന്ധമായ വാര്‍ത്ത ആരെയും വ്യക്തിഹത്യ ചെയ്യാന്‍ ലക്ഷ്യമിട്ടുള്ളതല്ളെന്ന ‘മാധ്യമ’ത്തിന്‍െറ വാദം കോടതി സ്വീകരിച്ചു. പൊതുജന താല്‍പര്യാര്‍ഥം ആവശ്യമായ അന്വേഷണങ്ങള്‍ നടത്തിയ ശേഷം പ്രസിദ്ധീകരിച്ച വാര്‍ത്ത അപകീര്‍ത്തികരമാവുന്നില്ളെന്ന് കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി.
ഇതേ വാര്‍ത്തയെ ചൊല്ലി ‘മാധ്യമ’ത്തിനെതിരെ പ്രകാശ് ജോസഫ് ഫയല്‍ ചെയ്ത ക്രിമിനല്‍ കേസ് പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് നേരത്തെ തള്ളിയിരുന്നു.‘മാധ്യമ’ത്തിന് വേണ്ടി അഭിഭാഷകരായ ഉല്ലാസ് സുധാകരന്‍, ഷെജി ഉല്ലാസ് എന്നിവരും പ്രകാശ് ജോസഫിനുവേണ്ടി അഡ്വ. എം.സി. കുര്യാച്ചനും ഹാജരായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.