ബാര്‍ കോഴ: കെ. ബാബു പദവി ദുരുപയോഗം ചെയ്തെന്ന് വിജിലന്‍സ്

കൊച്ചി: യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് ബാര്‍ ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ നൂറ് കോടി രൂപയുടെ അഴിമതി നടന്നുവെന്ന് വിജിലന്‍സ് നിഗമനം. ലൈസന്‍സ് അനുവദിച്ചതിലും ചില അപേക്ഷകള്‍ നിരസിച്ചതിലും മറ്റുചിലത് വൈകിച്ചതിലുമെല്ലാം അഴിമതിക്കുള്ള സാധ്യതയാണ് വിജിലന്‍സ് പരിശോധിക്കുന്നത്. ചില അപേക്ഷയില്‍ വേഗം തീരുമാനം ഉണ്ടായതിനും മറ്റ് ചിലത് പിടിച്ചുവെച്ചതിനും പിന്നില്‍ ബാര്‍ ഹോട്ടല്‍ ഉടമാ സംഘത്തിന്‍െറ ഇടപെടല്‍ ഉണ്ടെന്നും വിജിലന്‍സ് സംശയിക്കുന്നു. ഇതോടെ,  ബാര്‍ ലൈസന്‍സ് അഴിമതി സംബന്ധിച്ച് പരസ്യമായി ആരോപണമുന്നയിച്ചവര്‍വരെ സംശയനിഴലിലാണ്.

യു.ഡി.എഫ് സര്‍ക്കാര്‍ മദ്യനയമനുസരിച്ച് പത്ത് ശതമാനം ബിവറേജസ് വില്‍പനശാലകള്‍ പൂട്ടിയതിലും ബാര്‍ ഉടമകളുടെ താല്‍പര്യമുണ്ടെന്ന് വിജിലന്‍സ് വിലയിരുത്തുന്നു. എക്സൈസ് വകുപ്പിന്‍െറ ചുമതല വഹിച്ച കെ. ബാബു ബാര്‍ ഹോട്ടല്‍ ഉടമകള്‍ക്ക് അധികാരം ദുര്‍വിനിയോഗം ചെയ്തതായി അന്വേഷണ സംഘം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച പ്രഥമ വിവര റിപ്പോര്‍ട്ടിലുണ്ട്. വിവാദ വ്യവസായി വി.എം. രാധാകൃഷ്ണന്‍ പ്രസിഡന്‍റായ കേരള ഹോട്ടല്‍ ഇന്‍ഡസ്ട്രിയലിസ്റ്റ്സ് അസോസിയേഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പരിശോധന തുടങ്ങിയത്. 2011-16 കാലയളവിലെ ബാര്‍ ലൈസന്‍സ് അപേക്ഷകളും അനുമതി നല്‍കിയതിന്‍െറ ഫയലുകളും പരിശോധിച്ചു.

ഈ കാലയളവില്‍ ബാര്‍ ലൈസന്‍സിന് 94 അപേക്ഷയും ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്ക് നൂറ് അപേക്ഷകളുമാണ് ലഭിച്ചത്. നടപടിക്രമം അനുസരിച്ച് ബാര്‍ ലൈസന്‍സ് അപേക്ഷ ബാര്‍ ഹോട്ടല്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തെ എക്സൈസ് റേഞ്ച് ഓഫിസര്‍ക്കാണ് സമര്‍പ്പിക്കേണ്ടത്. അപേക്ഷ ലഭിച്ചാല്‍, എക്സൈസ് സി.ഐ ഹോട്ടലും പരിസരവും പരിശോധിക്കണം. തുടര്‍ന്ന് ഡെ. എക്സൈസ് കമീഷണര്‍, ജോ. എക്സൈസ് കമീഷണര്‍, എക്സൈസ് കമീഷണര്‍ എന്നിവര്‍ മുഖേനെ അപേക്ഷ ശിപാര്‍ശയോടെ സര്‍ക്കാറിന് സമര്‍പ്പിക്കണം. മന്ത്രിയാണ് ലൈസന്‍സ് അനുവദിക്കേണ്ടത്. മുമ്പ് എക്സൈസ് കമീഷണര്‍ക്കായിരുന്നു ലൈസന്‍സ് അനുവദിക്കുന്നതിനുള്ള അധികാരം. ഇത് മന്ത്രിയിലേക്ക് മാറ്റിയതുസംബന്ധിച്ചും സംശയമുണ്ട്. ചില അപേക്ഷകളില്‍ മിന്നല്‍ വേഗത്തില്‍ തീരുമാനമായി. മറ്റുചിലതില്‍ ഒച്ചിഴയും വേഗത്തിലായിരുന്നു നടപടി. അപേക്ഷ ലഭിച്ച അന്നുതന്നെ ലൈസന്‍സ് അനുവദിച്ച സംഭവങ്ങളും മൂന്നുമാസത്തിലധികം ഫയല്‍ പിടിച്ചുവെച്ച സംഭവങ്ങളുമുണ്ട്.  ഇല്ലാത്ത കമ്പനികളുടെ പേരില്‍ ബാര്‍ ലൈസന്‍സിന് അപേക്ഷിച്ചതും അത് അനുവദിച്ചതും കണ്ടത്തെി. ബിവറേജസ് കോര്‍പറേഷന്‍െറ വില്‍പനശാലകളില്‍ പത്ത് ശതമാനം ഓരോ വര്‍ഷവും പൂട്ടാന്‍ തീരുമാനിച്ചിരുന്നു.

ആദ്യവര്‍ഷം പൂട്ടേണ്ട 34 വില്‍പനശാലകളുടെ പട്ടികയിലും മന്ത്രി വെട്ടിത്തിരുത്തല്‍ വരുത്തി. ദേശീയ പാതക്കരികിലുള്ള പത്ത് ശതമാനം വില്‍പനശാലകള്‍ പൂട്ടണമെന്ന ഹൈകോടതി  നിര്‍ദേശത്തിന്‍െറ ഭാഗമായി തയാറാക്കിയ12 വില്‍പന ശാലകളുടെ പട്ടികയും മന്ത്രി തിരുത്തി. തന്‍െറ സുഹൃത്തുക്കളുടെയും ബാര്‍ ഹോട്ടല്‍ ഉടമകളുടെയും ബിനാമികളുടെയും താല്‍പര്യം സംരക്ഷിക്കാനാണ് മന്ത്രി മാറ്റം വരുത്തിയതെന്നാണ് വിജിലന്‍സ് നിഗമനം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.