ഹൈകോടതി അക്രമം: അഭിഭാഷകരില്‍നിന്ന് ജഡ്ജിമാര്‍ തെളിവെടുത്തു

കൊച്ചി: അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ അഭിഭാഷകരില്‍നിന്ന് ജഡ്ജിമാരുടെ തെളിവെടുപ്പ്. വിശദ അന്വേഷണത്തിനാണ് ഹൈകോടതി ജഡ്ജിമാരായ എ. മുഹമ്മദ് മുഷ്താഖ്, എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ഷാജി പി. ചാലി, പി.ബി. സുരേഷ് കുമാര്‍, രാജ വിജയരാഘവന്‍ എന്നിവര്‍ അഭിഭാഷകരില്‍നിന്ന് തെളിവ് ശേഖരിച്ചത്.

ബാര്‍ അസോസിയേഷന്‍ പ്രതിനിധികളുമായും ഇവര്‍ ചര്‍ച്ച നടത്തി. തുടര്‍ന്ന് സംഭവം സംബന്ധിച്ച ആഭ്യന്തര അന്വേഷണത്തിന് മുതിര്‍ന്ന അഭിഭാഷകരായ എം.കെ. ദാമോദരന്‍, എസ്. ശ്രീകുമാര്‍, ബച്ചു കുര്യന്‍, തോമസ് എബ്രഹാം, ജാജു ബാബു തുടങ്ങിയവരടങ്ങുന്ന സമിതിയെ യോഗം ചുമതലപ്പെടുത്തി. അസോസിയേഷന്‍ ഭാരവാഹികളും ഇതില്‍ അംഗങ്ങളാകും. സമിതിയിലേക്കുള്ള ജഡ്ജിമാരെ പിന്നീട് തീരുമാനിക്കും. കഴിഞ്ഞ ദിവസം അഡ്വക്കറ്റ് ജനറലിന്‍െറ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകരെയും അഭിഭാഷക പ്രതിനിധികളെയും ഉള്‍പ്പെടുത്തി നടത്തിയ യോഗത്തിലെ തീരുമാനങ്ങള്‍ യോഗത്തില്‍ അംഗീകരിച്ചു. ഹൈകോടതിയിലെ മീഡിയാ റൂം അടച്ചിടാനുള്ള തീരുമാനം ജഡ്ജിമാര്‍ അറിയിച്ചു. ജുഡീഷ്യല്‍ അന്വേഷണ കമീഷന്‍െറ വിവരങ്ങളും അന്വേഷണപരിധിയില്‍ കൊണ്ടുവരുന്ന കാര്യങ്ങളും യോഗത്തില്‍ വ്യക്തമാക്കി.

അതേസമയം, വെള്ളിയാഴ്ചയും അഭിഭാഷകര്‍ കോടതി ബഹിഷ്കരിച്ചു. പ്രകോപനപരമായ മുദ്രാവാക്യങ്ങളുയര്‍ത്തി എറണാകുളം പ്രസ്ക്ളബ് പരിസരത്തേക്ക് പ്രകടനം നടത്തുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകരെ കായികമായി നേരിടുമെന്ന് വിളിച്ചുകൂവിയായിരുന്നു പ്രകടനം. സമവായത്തിന്‍െറ ഭാഗമായി വ്യാഴാഴ്ച ഗെസ്റ്റ് ഹൗസില്‍ നടന്ന യോഗ തീരുമാനങ്ങള്‍ ഇരുപക്ഷവും അംഗീകരിച്ചിരിക്കെയാണ് വീണ്ടും പ്രതിഷേധ പ്രകടനവുമായി പ്രസ്ക്ളബിലേക്ക് അഭിഭാഷകര്‍ മാര്‍ച്ച് നടത്തിയത്. മറൈന്‍ ഡ്രൈവില്‍ നിന്നാരംഭിച്ച മാര്‍ച്ച് ഗെസ്റ്റ് ഹൗസ് പരിസരത്ത് പൊലീസ് തടഞ്ഞു. സംഘര്‍ഷത്തിന്‍െറ പശ്ചാത്തലത്തില്‍ സി.പി.എം നേതൃത്വത്തിലുള്ള അഭിഭാഷക സംഘടനയായ ഇന്ത്യന്‍ ലോയേഴ്സ് യൂനിയന്‍ യോഗം ചേര്‍ന്ന് മീഡിയ റൂം തുറന്നുനല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.