മാധ്യമസ്വാതന്ത്ര്യം ഉറപ്പാക്കുമെന്ന് ഹൈകോടതി ജഡ്ജിമാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കോടതികളുടെയും മാധ്യമങ്ങളുടെയും പ്രവര്‍ത്തനം സുഗമമാക്കാന്‍ വേണ്ട നടപടികള്‍ ഉടന്‍ കൈക്കൊള്ളുമെന്ന് ഹൈകോടതി ജഡ്ജിമാര്‍. ഹൈകോടതിയിലും തലസ്ഥാനത്തും അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയ അതിക്രമങ്ങളെക്കുറിച്ചും തുടര്‍ന്നുണ്ടായ അനിഷ്ടസംഭവങ്ങളെക്കുറിച്ചും അന്വേഷിക്കാനത്തെിയ മുതിര്‍ന്ന ജഡ്ജിമാരായ ജസ്റ്റിസ് പി.ആര്‍. രാമചന്ദ്രമേനോനും ജസ്റ്റിസ് പി.എന്‍. രവീന്ദ്രനുമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഈ ഉറപ്പുനല്‍കിയത്. ജനാധിപത്യത്തിന്‍െറ സുഗമമായ നടത്തിപ്പിന് കോടതികളും മാധ്യമങ്ങളും സ്തുത്യര്‍ഹ സേവനമാണ് നല്‍കുന്നത്. ഈ സാഹചര്യത്തില്‍ ഇരുകൂട്ടരും ഒരുമിച്ച് പോകേണ്ടതുണ്ട്. ഇതിന് മീഡിയ റിലേഷന്‍ കൗണ്‍സില്‍ രൂപവത്കരിക്കുമെന്നും ജഡ്ജിമാര്‍ വ്യക്തമാക്കി.

ജില്ലാജഡ്ജിയുടെ അധ്യക്ഷതയിലെ കമ്മിറ്റിയില്‍ മാധ്യമപ്രതിനിധികള്‍, ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍, ക്ളര്‍ക്ക് അസോസിയേഷന്‍ പ്രതിനിധികള്‍, വനിതാപ്രതിനിധികള്‍ എന്നിവരുണ്ടാകും. കോടതിയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥിരംസമിതിയായിരിക്കും രൂപവത്കരിക്കുക. ഹൈകോടതിയിലെയും തിരുവനന്തപുരം ജില്ലാകോടതിയിലെയും മീഡിയാറൂമുകള്‍ ഉടന്‍തുറക്കുമെന്ന്  ഉറപ്പുനല്‍കിയതായി പത്രപ്രവര്‍ത്തക യൂനിയന്‍ ഭാരവാഹികള്‍ അറിയിച്ചു. വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ കൈയേറ്റം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഏഴു കേസുകള്‍ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസുകള്‍ അനുരഞ്ജനത്തിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് ജഡ്ജിമാര്‍ ഉറപ്പുനല്‍കിയതായും അവര്‍ അറിയിച്ചു.

കേരളത്തില്‍ നടന്ന അനിഷ്ടസംഭവങ്ങളില്‍ ഇടപെടലാവശ്യപ്പെട്ട് ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യമായ ജസ്റ്റിസ് കുര്യന്‍ ജോസഫിന്‍െറ നിര്‍ദേശാനുസരണമാണ് ഹൈകോടതി ജഡ്ജിമാര്‍ തലസ്ഥാനത്തത്തെിയത്. രാവിലെ ജില്ലാകോടതിയിലത്തെിയ അവര്‍ പ്രിന്‍സിപ്പല്‍ ജില്ലാജഡ്ജി വി. ഷിര്‍സിയുടെ അധ്യക്ഷതയില്‍ അഭിഭാഷകരുമായും ബാര്‍അസോസിയേഷന്‍ പ്രതിനിധികളുമായും സംസാരിച്ചു. തുടര്‍ന്ന് തൈക്കാട് ഗെസ്റ്റ് ഹൗസിലത്തെി മാധ്യമപ്രതിനിധികളുമായി ചര്‍ച്ച നടത്തിയശേഷം പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു. പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ പ്രസിഡന്‍റ് സി. റഹീം, സെക്രട്ടറി ബി.എസ്. പ്രസന്നന്‍, പ്രസ്ക്ളബ് പ്രസിഡന്‍റ് പ്രദീപ് പിള്ള, സെക്രട്ടറി കെ.ആര്‍. അജയന്‍, ജോയന്‍റ് സെക്രട്ടറി കോവളം രാധാകൃഷ്ണന്‍, യൂനിയന്‍ സംസ്ഥാന സെക്രട്ടറി എ.വി. മുസാഫിര്‍, രവീന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.