പാലക്കാട്: വാളയാറില്‍ എക്സൈസ് സ്പെഷല്‍ സ്ക്വാഡ് 30 ലക്ഷം രൂപ കുഴല്‍പണവും നികുതിവെട്ടിച്ച് കടത്താന്‍ ശ്രമിച്ച 35 കിലോ വെള്ളിയും 1.7 കിലോഗ്രാം സ്വര്‍ണവും എട്ടുലിറ്റര്‍ വിദേശനിര്‍മിത മദ്യവും പിടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പിടികൂടി. ദേശീയപാതയില്‍ ബി.പി.എല്‍ കൂട്ടുപാതക്ക് സമീപം ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമുതല്‍ ആറര വരെ നടത്തിയ പരിശോധനയിലാണ് കെ.എസ്.ആര്‍.ടി.സി ബസില്‍നിന്നും സ്വകാര്യ ടൂറിസ്റ്റ് ബസുകളില്‍നിന്നുമായി പണവും സ്വര്‍ണവും മറ്റും പിടികൂടിയത്. സ്വകാര്യ എ.സി ബസില്‍നിന്നാണ് കണക്കില്‍പ്പെടാത്ത 30 ലക്ഷം രൂപയുമായി രാമനാഥപുരം പരമക്കുട്ടി സ്വദേശി അഷ്റഫിനെ (52) പിടികൂടിയത്. മധുരയില്‍നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുപോകുകയായിരുന്നു പണമെന്ന് അഷ്റഫ് മൊഴിനല്‍കി. ഇയാള്‍ കുഴല്‍പണ ലോബിയുടെ കാരിയറാണെന്നാണ് സൂചന. പ്രതിയെ തുടര്‍നടപടികള്‍ക്ക് സെന്‍ട്രല്‍ എക്സൈസിന് കൈമാറി.
ആലത്തൂര്‍ സ്വദേശി വിനോദ് (35), തൃശൂര്‍ സ്വദേശി ബിജു (34) എന്നിവരുടെ പക്കല്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്. മധുരയില്‍നിന്ന് തൃശൂരിലെ ജ്വല്ലറികളിലേക്ക് കൊണ്ടുപോകുകയായിരുന്നു സ്വര്‍ണം. സേലത്തുനിന്ന് തൃശൂര്‍, കോഴിക്കോട് ടൗണുകളിലെ കടകളിലേക്ക് കൊണ്ടുപോകുകയായിരുന്ന 35 കിലോ വെള്ളി സേലം സ്വദേശികളായ വേദമൂര്‍ത്തി (48), അബ്ദു (54) എന്നിവരില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്. സ്വര്‍ണം, വെള്ളി കടത്തുമായി ബന്ധപ്പെട്ട് പിടിയിലായവരെ വാണിജ്യനികുതി വകുപ്പിന് കൈമാറി.
ചെന്നൈ തിരുവള്ളൂര്‍ സ്വദേശി രവികുമാറാണ് (49) എട്ട് ലിറ്റര്‍ വിദേശനിര്‍മിത മദ്യവുമായി പിടിയിലായത്.
ചെന്നൈയിലെ ഡ്യൂട്ടി പെയ്ഡ് ഷോപ്പില്‍നിന്ന് വാങ്ങിയതാണെന്നും തൃശൂരില്‍ ഒരാള്‍ക്ക് കൈമാറാനുള്ളതാണെന്നും ഇയാള്‍ മൊഴി നല്‍കിയെങ്കിലും മതിയായ രേഖയില്ലായിരുന്നു. പ്രതിയെ പാലക്കാട് എക്സൈസ് റെയ്ഞ്ചില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് റിമാന്‍ഡിലാക്കി. റെയ്ഡില്‍ പാലക്കാട് എക്സൈസ് സ്പെഷല്‍ സ്ക്വാഡ് സി.ഐ ഡി. ശ്രീകുമാര്‍, പ്രിവന്‍റീവ് ഓഫിസര്‍ കെ.സി. രൂപേഷ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പ്രസന്നന്‍, സതീഷ്, ഡ്രൈവര്‍ ലൂക്കോസ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.