ആലപ്പുഴ: അസാധാരണ വൈകല്യത്തോടെ പിറന്ന കുഞ്ഞ് ആൺകുട്ടിയെന്ന് ആരോഗ്യ വകുപ്പ്. ലിംഗമേതെന്ന് തിരിച്ചറിയാൻ കുടുംബം പരാതിപ്പെട്ടതോടെ നടത്തിയ ലിംഗനിർണയത്തിലാണ് ഇത് തിരിച്ചറിഞ്ഞത്. കുഞ്ഞിന്റെ ജനിതകവൈകല്യം കണ്ടെത്താൻ നേരത്തേ സാമ്പിളുകൾ ശേഖരിച്ചിരുന്നു. ജനിതക പരിശോധന ഫലം ലഭിക്കാൻ ആറുമാസം കാത്തിരിക്കണം.
അതുകൂടി കിട്ടിയശേഷമേ ഏതുതരം ചികിത്സ തുടങ്ങണമെന്ന കാര്യത്തിൽ തീരുമാനമെടുക്കൂ. അത്രയുംകാലം കുഞ്ഞിനുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സ നൽകുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. അതിനിടെ ശ്വാസതടസ്സം നേരിട്ടതോടെ കുഞ്ഞിനെ വീണ്ടും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
കടപ്പുറം വനിത-ശിശു ആശുപത്രിയിലെ ഡോക്ടർമാരുടെ ചികിത്സ പിഴവുമൂലമാണ് കുഞ്ഞിന് വൈകല്യമുണ്ടായതെന്ന് ആരോപിച്ചാണ് വീട്ടുകാർ പരാതി നൽകിയത്. ആരോഗ്യ വകുപ്പ് അഡീഷനൽ ഡയറക്ടർ അന്വേഷണം നടത്തിയെങ്കിലും തുടർനടപടിയുണ്ടായില്ല. ആലപ്പുഴ ലജ്നത്ത് വാർഡ് നവറോജി പുരയിടത്തിൽ അനീഷ്-സുറുമി ദമ്പതികളുടെ ഇളയ കുഞ്ഞിനാണ് ദുരവസ്ഥ.
ഒക്ടോബർ 30നാണ് മൂന്നാം പ്രസവത്തിനായി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിന് അനക്കമില്ലെന്ന് ചൂണ്ടിക്കാട്ടി നവംബർ രണ്ടിന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പറഞ്ഞയച്ചു. ഈ മാസം എട്ടിന് രാത്രി ഏഴിന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതോടെയാണ് അസാധാരണ അംഗവൈകല്യം തിരിച്ചറിഞ്ഞത്. കുഞ്ഞിനോടുള്ള അവഗണനക്കെതിരെ നാട്ടുകാർ ചൊവ്വാഴ്ച രാത്രി എട്ടിന് വട്ടപ്പള്ളി മദ്റസ ഹാളിൽ ചേരുന്ന യോഗം കർമസമിതി രൂപവത്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.