മതാചാരങ്ങളില്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ ഇടപെടരുത് –പ്രയാര്‍ ഗോപാലകൃഷ്ണന്‍

കൊല്ലം: ഹിന്ദുമതമടക്കം ഒരു മതത്തിന്‍െറയും ആചാരങ്ങളില്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ ഇടപെടരുതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ഇന്ത്യ മതേതര രാജ്യമാണ്. അതിനാല്‍ ഏതു മതത്തിലും വിശ്വസിച്ച് അതിന്‍െറ ആചാരങ്ങള്‍ തുടരാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് സ്വീകരിച്ച നിലപാടില്‍ മാറ്റമില്ല. സര്‍ക്കാറിന്‍െറ അഭിപ്രായം സര്‍ക്കാര്‍ പറയും.

700 വര്‍ഷത്തെ പാരമ്പര്യവും ആചാരങ്ങളുമുള്ള ശബരിമലയുടെ പവിത്രത അതേപടി നിലനിര്‍ത്തും. ഇസ്ലാം മത വിശ്വാസികളുടെ മക്കയും ക്രൈസ്തവരുടെ വത്തിക്കാനും പോലെ ലോകത്തിലെ ഹിന്ദുക്കളുടെ അത്യുന്നത ആരാധനാ കേന്ദ്രമായി ശബരിമലയെ മാറ്റണമെന്നാണ് ആഗ്രഹിക്കുന്നത്. ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ എങ്ങനെ വേണമെന്നതടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കര്‍ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. നിയമനങ്ങളടക്കം എല്ലാ കാര്യങ്ങളിലും ഭക്തരുടെ തൃപ്തിയാണ് പ്രധാനം.

 ആറ്റിങ്ങല്‍ കൊട്ടാരത്തിന്‍െറ ഭാഗമായി ദേവസ്വം ബോര്‍ഡിന്‍െറ നിയന്ത്രണത്തിലെ കെട്ടിടത്തില്‍ താന്ത്രികവിദ്യാലയം തുടങ്ങാന്‍ നടപടി ആരംഭിച്ചു. എല്ലാ ക്ഷേത്രങ്ങളിലെയും തന്ത്രിമാര്‍ക്ക് പരിശീലനം നല്‍കുന്ന സംവിധാനമാണ് ഒരുക്കുക. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ക്ഷേത്രകലാപീഠത്തിന്‍െറ സ്ഥാനത്താണ്  പുതിയ സ്ഥാപനം ക്രമീകരിക്കുക. ദേവസ്വം ബോര്‍ഡിനോട് സര്‍ക്കാറിന് നല്ല സമീപനമാണുള്ളതെന്നും ഇതുസംബന്ധിച്ച ചോദ്യത്തിന് പ്രയാര്‍ മറുപടി നല്‍കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.