തൊടുപുഴ: തെരഞ്ഞെടുപ്പ് വേളയില്‍ തന്നെ വധിക്കാന്‍ ശ്രമം നടന്നുവെന്ന് പീരുമേട് എം.എല്‍.എ ഇ.എസ്. ബിജിമോള്‍. സി.പി.െഎയില്‍ തന്നെയുള്ള ചില പ്രമുഖർക്കെതിരെയാണ് ബിജിമോള്‍ ആരോപണം ഉന്നയിച്ചത്. ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ നടത്തിയ വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസം മണ്ഡലത്തില്‍ സ്വീകരണ പരിപാടിയിലും സ്വകാര്യ സംഭാഷണങ്ങളിലും അവര്‍ ആവര്‍ത്തിച്ചതോടെ സംഭവം വിവാദമായി.
തെരഞ്ഞെടുപ്പ് സമയത്ത് എല്‍.ഡി.എഫ് ക്യാമ്പില്‍ ഭക്ഷ്യവിഷബാധയുണ്ടാക്കാനായിരുന്നു ശ്രമമെന്ന് പറഞ്ഞ ബിജിമോള്‍ അതിനുപിന്നില്‍ തന്‍െറ കൂടെയുള്ളവരാണെന്നും വെളിപ്പെടുത്തി. ചൊവ്വാഴ്ച പുറത്തിറങ്ങിയ വാരികയില്‍ തനിക്കെതിരെ പാളയത്തില്‍ പടയുണ്ടായതായി അവര്‍ പറയുന്നുണ്ട്. അയ്യപ്പന്‍കോവിലും ഉപ്പുതറയിലും മറ്റും നടന്ന തെരഞ്ഞെടുപ്പ് വിജയാഘോഷ പരിപാടികളില്‍ സംസാരിക്കുമ്പോഴും തെൻറ പരാതി അവര്‍ പരസ്യമായി തന്നെ പ്രവര്‍ത്തകരോട് വ്യക്തമാക്കി. ‘തന്നെയും ഭര്‍ത്താവിനെയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കളെയും ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളും അതിനുള്ള ഗൂഢാലോചനകളുമാണ് തെരഞ്ഞെടുപ്പ് കാലത്ത് മണ്ഡലത്തില്‍ ചിലര്‍ നടത്തിയത്. താന്‍ അനധികൃത സ്വത്ത് സമ്പാദിച്ചതായി ലേഖനം തയാറാക്കി വിതരണം ചെയ്തവര്‍ വരെയുണ്ട്’- – ബിജിമോള്‍ പറഞ്ഞു.
അതേസമയം പാര്‍ട്ടി ഫോറത്തില്‍ പറയേണ്ട കാര്യം പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് കളങ്കം വരുത്തുംവിധം പുറംലോകത്തെ അറിയിച്ചത് നേതൃത്വത്തിന്‍െറ അപ്രീതിക്ക് കാരണമായി. ചൊവ്വാഴ്ച തൊടുപുഴയില്‍ നടന്ന സി.പി.ഐ ജില്ലാ എക്സിക്യൂട്ടിവില്‍ പങ്കെടുത്ത ബിജിമോളെ പാര്‍ട്ടി നേതൃത്വം ശക്തമായ ഭാഷയില്‍ കുറ്റപ്പെടുത്തി. ആരോപണം ഉയര്‍ത്തുമ്പോള്‍ പാര്‍ട്ടിയെ വിശ്വാസത്തിലെടുത്ത് വേണമായിരുന്നുവെന്ന് എക്സിക്യൂട്ടിവില്‍ പങ്കെടുത്ത നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ജില്ലാ എക്സിക്യൂട്ടിവില്‍ പങ്കെടുത്ത പീരുമേട്ടില്‍നിന്നുള്ള അംഗങ്ങള്‍ ബിജിമോളുടെ ആരോപണത്തെ സാധൂകരിക്കുംവിധം സംസാരിച്ചിരുന്നു. തോട്ടം മേഖലയില്‍ ബിജിമോള്‍ക്ക് വോട്ടുകള്‍ ഗണ്യമായി കുറഞ്ഞതിനുപിന്നില്‍ പീരുമേട്ടില്‍നിന്നുള്ള മുതിര്‍ന്ന നേതാവാണെന്ന് ജില്ലാ എക്സിക്യൂട്ടിവിലും വിമര്‍ശം ഉയര്‍ന്നു. എന്നാല്‍, യോഗം ഈ വിഷയം ചര്‍ച്ചചെയ്തില്ല. ബിജിമോള്‍ ആരോപിക്കുംപോലെയുള്ള ഒരു സംഭവം നടന്നിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അത് അന്വേഷിക്കപ്പെടേണ്ടത് തന്നെയാണെന്ന് ജില്ലാസെക്രട്ടറി കെ.കെ. ശിവരാമന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.