തൊടുപുഴ: തെരഞ്ഞെടുപ്പ് വേളയില്‍ തന്നെ വധിക്കാന്‍ ശ്രമം നടന്നെന്ന പീരുമേട് എം.എല്‍.എ ഇ.എസ്. ബിജിമോളുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സി.പി.ഐ നേതൃത്വം അവരില്‍നിന്ന് വിശദീകരണം തേടും. ബിജിമോള്‍ പാര്‍ട്ടിക്ക് ദോഷകരമായ രീതിയില്‍ പ്രവര്‍ത്തിച്ചതായും അച്ചടക്കലംഘനം നടത്തിയതായും ബുധനാഴ്ച ചേര്‍ന്ന സി.പി.ഐ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ കടുത്ത വിമര്‍ശം ഉയര്‍ന്നു. കഴിഞ്ഞദിവസം സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനും ബിജിമോളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
പീരുമേട് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പിനിടെ ബിജിമോളെ പരാജയപ്പെടുത്താന്‍ നീക്കം നടത്തിയെന്ന ആരോപണത്തിന് വിധേയനായ മുതിര്‍ന്ന നേതാവിനെക്കുറിച്ചും ബിജിമോളുടെ ആരോപണത്തെക്കുറിച്ചും പാര്‍ട്ടി അന്വേഷണം ആരംഭിച്ചതായി കെ.കെ. ശിവരാമന്‍ പറഞ്ഞു. പാര്‍ട്ടിയെ കരിവാരിത്തേക്കാന്‍ ബിജിമോള്‍ ശ്രമിച്ചതായും ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ളെന്നും ജില്ലാ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന കമ്മിറ്റി അംഗം വാഴൂര്‍ സോമനെതിരെയും യോഗത്തില്‍ വിമര്‍ശം ഉയര്‍ന്നു. ഈ വിഷയങ്ങള്‍ പരിശോധിക്കാന്‍ 18ന് പാര്‍ട്ടി ജില്ലാ നേതൃയോഗം ചേരുമെന്നും ശിവരാമന്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് വേളയില്‍ തന്നെ വധിക്കാന്‍ ശ്രമം നടന്നെന്ന് ബിജിമോള്‍ ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. പാര്‍ട്ടി ഫോറത്തില്‍ പറയേണ്ടിയിരുന്ന കാര്യം പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് കളങ്കം വരുത്തുംവിധം പുറംലോകത്തെ അറിയിച്ചത് നേതൃത്വത്തെ ഒന്നാകെ ചൊടിപ്പിച്ചിട്ടുണ്ട്. വിഷയം ചര്‍ച്ചചെയ്ത ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ ബിജിമോള്‍ പങ്കെടുത്തിരുന്നില്ല.
പൊലീസ് അന്വേഷിക്കണം -സിറിയക് തോമസ്
ചില സി.പി.ഐ നേതാക്കള്‍ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന ഇ.എസ്. ബിജിമോളുടെ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം നടത്തണമെന്ന് ഇടുക്കി ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സിറിയക് തോമസ്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തുനല്‍കും. ഒരു എം.എല്‍.എക്കുപോലും രക്ഷയില്ളെന്ന സ്ഥിതി വളരെ ഗൗരവമുള്ളതാണ്. പാര്‍ട്ടി തലത്തിലുള്ള അന്വേഷണം സത്യം മറച്ചുവെക്കാന്‍ മാത്രമെ ഉപകരിക്കൂ. വെളിപ്പെടുത്തലുകള്‍ തെറ്റാണെങ്കില്‍ ബിജിമോള്‍ക്കെതിരെ നടപടിയെടുക്കണം. അന്യായമായി പണമൊഴുക്കി ജനാധിപത്യത്തിന് കളങ്കമുണ്ടാക്കിയ അധാര്‍മിക വിജയത്തെ വെള്ളപൂശുന്നതിനുള്ള വിഫല ശ്രമമാണ് ബിജിമോള്‍ നടത്തുന്നതെന്നും സിറിയക് തോമസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.