ജിഷ വധം: അന്വേഷണ മേഖല പൊലീസ് വിപുലമാക്കി

കൊച്ചി: ജിഷ വധക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ മേഖല പൊലീസ് വിപുലമാക്കി. ഇതരസംസ്ഥാന തൊഴിലാളികള്‍ അടക്കം സംശയമുള്ള 200ഓളം പേരെയാണ് നേരത്തേ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ജിഷയെ വധിച്ച രീതിയില്‍ സ്ത്രീകളെ പീഡിപ്പിച്ച് കൊന്നവരെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. അതോടൊപ്പം ഘാതകനെക്കുറിച്ച് പരിസരവാസികളില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമോയെന്നും പൊലീസ് പരിശോധിക്കുന്നു.

നേരത്തേ ചോദ്യംചെയ്തവരെ തന്നെയാണ് വീണ്ടും ചോദ്യംചെയ്തത്. ഇതുകൂടാതെയുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ജിഷയുടെ വീട്ടില്‍നിന്ന് ലഭിച്ച വിരലടയാളങ്ങള്‍ ബംഗാള്‍ അടക്കം എല്ലാ സംസ്ഥാന പൊലീസിനും അയച്ചിട്ടുണ്ട്. ഇതുമായി സാമ്യമുള്ള പ്രതികള്‍ ഉണ്ടോ എന്നറിയാനാണിത്. അതിനിടെ, ജിഷയുടെ വീടിന് മുന്നിലൂടെ വൈകുന്നേരം നടക്കാന്‍ പോകുന്ന വീട്ടമ്മമാരില്‍നിന്നും ആ വഴി പോകുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്നും മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചു. നടക്കാന്‍ പോകുന്നവരില്‍നിന്ന് ഉന്നത ഉദ്യോഗസ്ഥര്‍ നേരത്തേ മൊഴിയെടുത്തിരുന്നില്ല. പൊലീസുകാര്‍ ചോദിച്ചപ്പോള്‍ അവര്‍ ഒഴിഞ്ഞുമാറുകയായിരുന്നു.

സായാഹ്ന നടത്തത്തിന് പോകുന്നവര്‍ ജിഷയുടെ വീട്ടില്‍നിന്ന് ശബ്ദം കേട്ടുവോ, അപരിചിതരായ ആരെയെങ്കിലും കണ്ടുവോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കാനാണ് തീരുമാനം. ഇതേപ്രകാരം വിദ്യാര്‍ഥികള്‍ അടക്കമുള്ളവരോടും അന്വേഷിക്കും. ജിഷ കൊല്ലപ്പെട്ടതിന്‍െറ തലേന്ന് ഇരിങ്ങോള്‍ മനയുടെ സമീപം അപരിചിതനെ കണ്ടുവെന്ന് മനയുമായി ബന്ധപ്പെട്ടവര്‍ പൊലീസിനോട് പറഞ്ഞിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് പൊലീസ് കഴിഞ്ഞ ദിവസം രണ്ടാമത്തെ രേഖാചിത്രം തയാറാക്കിയത്. മനയുമായി ബന്ധപ്പെട്ടവരില്‍നിന്ന് കൂടുതല്‍ മൊഴിയെടുക്കാനും ആലോചനയുണ്ട്.

ജിഷയുടെ വീടിനു പരിസരത്ത് കനാല്‍ ബണ്ടിനരികെ കാടുപിടിച്ച എല്ലാ ഭാഗങ്ങളും വെട്ടിവെളുപ്പിച്ച് പരിശോധിക്കാനും നീക്കമുണ്ട്. ആയുധങ്ങള്‍ കണ്ടത്തൊന്‍ കഴിയുമോ എന്നതിന് വേണ്ടിയാണിത്. വേണ്ടിവന്നാല്‍ ഇരിങ്ങോള്‍ കാവില്‍ അടിക്കാട് നീക്കിയശേഷം മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിക്കുമെന്ന് അന്വേഷണ സംഘാംഗം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.