പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് വി.എം. സുധീരൻ

തിരുവനന്തപുരം: കോൺഗ്രസ് പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും ആവശ്യമായ തിരുത്തലുകൾ വരുത്തി പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ. തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന ദ്വിദിന വിശകലന ക്യാംപിനുശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൂത്തുതലം മുതൽ കെ.പി.സി.സിയിൽ പുനഃക്രമീകരണം നടത്തും. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് നയരേഖ തയാറാക്കും. നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ചുള്ള പരാതികൾ പരിശോധിക്കാൻ സമിതികൾ രൂപീകരിച്ചു. ഇതിനായി വി.ഡി. സതീശൻ കൺവീനറായ ഉപസമിതിയെ നിയോഗിച്ചെന്നും അദ്ദേഹം പറഞ്ഞു.  

വിമർശനങ്ങളെ സഹിഷ്ണുതയോടെ നേരിടണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയും പ്രതികരിച്ചു. ചർച്ചയുടെ അന്തഃസത്ത ഉൾക്കൊണ്ട് പ്രവർത്തിക്കണം. ആർ.ശങ്കറിനെയും കരുണാകരനെയും കണ്ണീരു കുടിപ്പിക്കും വിധം വിമർശിച്ചിട്ടുണ്ട്. അവരെല്ലാം പുഞ്ചിരിയോടെയാണ് വിമർശനങ്ങളെ നേരിട്ടതെന്നും സംഘപരിവാർ സംഘടനകളുമായി ഒരു ബന്ധവും പാടില്ലെന്നും ആൻറണി പറഞ്ഞു. അതേസമയം വിമർശങ്ങൾ ഉൾക്കൊള്ളുന്നുവെന്നും തോൽവിയിൽ ദുഃഖമോ ജയത്തിൽ അമിത ആഹ്ലാദമോ പാടില്ലെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.

കഴിഞ്ഞ ദിവസം ആരംഭിച്ച ക്യാംപിൽ വി.എം സുധീരനും പാർട്ടി നേതൃത്വത്തിനുമെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്.  പാർട്ടിയുടെ സംഘടനാതല പരാജയം തോൽവിക്ക് കാരണമായെന്നും മുഖ്യ ഉത്തരവാദിത്വം സുധീരനാണെന്നും ഇരു ഗ്രൂപ്പുകളും ആരോപിച്ചു. മുൻ മന്ത്രി കെ.ബാബു കടുത്ത വിമർശനമാണ് സുധീരനെതിരെ ഉന്നയിച്ചത്. ആദർശം പറഞ്ഞാൽ പാർട്ടിയുണ്ടാകില്ല. തന്നെ മദ്യലോബിയുടെ ആളായി ചിത്രീകരിച്ച് കളങ്കിതനാക്കിതനാക്കി. പാർട്ടിക്ക് വേണ്ടാത്തവനാണ് താനെന്ന തോന്നലുണ്ടാക്കിയെന്നും കെ. ബാബു പറഞ്ഞിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.