അംഗീകാരമില്ലാത്ത കോഴ്സ്: ചതിക്കപ്പെട്ടത് 69 വിദ്യാര്‍ഥികള്‍

തൃശൂര്‍: കര്‍ണാടക സ്റ്റേറ്റ് ഓപണ്‍ സര്‍വകലാശാലയുടെ വിവിധ കോഴ്സുകളിലേക്ക് 2013, 2014 വര്‍ഷങ്ങളില്‍ പ്രവേശം നേടിയവര്‍ വഞ്ചിതരായി. പണം ചെലവാക്കി നേടിയ കോഴ്സിന് അംഗീകാരവുമില്ല. തൃശൂര്‍ വിമല, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജുകളില്‍  തട്ടിപ്പിന് ഇരയായത് 69 പേര്‍. ഇന്‍റീരിയര്‍ ഡിസൈനിങ് ബിരുദ കോഴ്സിന് ചേര്‍ന്നവരാണിവര്‍. രാജ്യത്ത് ഒമ്പതുലക്ഷം പേരും സംസ്ഥാനത്ത് 34,000 പേരുമാണ് ചതിക്കപ്പെട്ടത്. അംഗീകാരമില്ലാത്ത 82 സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഓരോ വിദ്യാര്‍ഥിയും രണ്ടര ലക്ഷം രൂപയാണ് ഫീസായി നല്‍കിയതെന്ന് ചതിക്കപ്പെട്ട വിദ്യാര്‍ഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഓപണ്‍ സര്‍വകലാശാലയുടെ ഇടനിലക്കാരന്‍ ബ്രെയിന്‍നെറ്റ് സെന്‍റര്‍ ഉടമ ലിജോ പോളിനും വിമല, ക്രൈസ്റ്റ് കോളജ് അധികൃതര്‍ക്കുമെതിരെയാണ് വിദ്യാര്‍ഥികള്‍ പരാതിയുമായി രംഗത്തുവന്നത്.  ഹൈകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍. മൂന്നുവര്‍ഷത്തെ കോഴ്സിന്  സെമസ്റ്ററിന് 30,600 രൂപയാണ് ഫീസ്.
വിമലയില്‍ 45ഉം ക്രൈസ്റ്റില്‍ 24 പേരുമാണ് വഞ്ചിക്കപ്പെട്ടത്. വിദ്യാഭ്യാസ വായ്പയെടുത്ത് പഠിച്ച വിദ്യാര്‍ഥിനിയും തട്ടിപ്പിന് ഇരയായിട്ടുണ്ട്. 11 ശതമാനം പലിശ സഹിതം വായ്പ തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ നടപടി തുടങ്ങി. തങ്ങള്‍ക്ക് കോഴ്സുമായി ബന്ധമില്ളെന്ന് പറഞ്ഞ് തടിതപ്പാന്‍ കോളജ് അധികൃതര്‍ ശ്രമിക്കുന്നതായി വിദ്യാര്‍ഥികള്‍ ആരോപിച്ചു. എന്നാല്‍, വിമല, ക്രൈസ്റ്റ് കോളജുകളുടെ തിരിച്ചറിയല്‍ കാര്‍ഡ്, ബസ് കണ്‍സെഷന്‍ കാര്‍ഡ്, യൂനിഫോം, ഫീസ് രസീത്, ഹോസ്റ്റല്‍ സൗകര്യം എന്നിവയോടെയാണ് ഇവര്‍ പഠിച്ചിരുന്നത്. ബ്രെയിന്‍നെറ്റ് സെന്‍ററുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി കോളജ് വെബ്സൈറ്റുകളിലുണ്ട്.

സെമസ്റ്റര്‍ പരീക്ഷ നടക്കാത്തതാണ് സംശയത്തിന് ഇടയാക്കിയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. യു.ജി.സിയുമായി ബന്ധപ്പെട്ടപ്പോള്‍ അംഗീകാരം ഇല്ളെന്ന് അറിയിച്ചു. തുടര്‍ന്നാണ് രക്ഷിതാക്കള്‍ രംഗത്തുവന്നത്. കോടതിയില്‍നിന്ന് അംഗീകാരം നേടിയെടുക്കുമെന്ന് ലിജോപോള്‍ രക്ഷിതാക്കള്‍ക്ക് വാഗ്ദാനം നല്‍കി. എന്നാല്‍, ഇതുസംബന്ധിച്ച നടപടികളൊന്നും ഉണ്ടായിട്ടില്ല. ഇതോടെയാണ് മൂന്നുവര്‍ഷത്തെ പഠനം അവസാനിപ്പിച്ച് വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തിന് ഒരുങ്ങിയത്. അവര്‍ വിദ്യാഭ്യാസമന്ത്രിക്ക് പരാതി നല്‍കി. കേരള സ്റ്റേറ്റ് പാരന്‍റ്സ് അസോസിയേഷന്‍ ഫോര്‍ കര്‍ണാടക ഓപണ്‍ സര്‍വകലാശാല സെക്രട്ടറി ബേബി തോമസ്, വിദ്യാര്‍ഥികളായ വിനു വര്‍ഗീസ്, കെ.ഐ. ഹാരിസ്, പി.എസ്. നിഹില, സി.ആര്‍. അമൃത എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
അതേസമയം, കോളജിന്‍െറ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചില കോഴ്സുകള്‍ നടത്തുന്നുണ്ടെന്ന് കോളജ് അധികൃതര്‍ പറഞ്ഞു. ഇതിന്‍െറ ഭാഗമായാണ് വാടകക്ക് കെട്ടിടം നല്‍കിയത്. രണ്ടു വര്‍ഷമായി പരീക്ഷ നടക്കുന്നില്ളെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞാണ് അറിഞ്ഞത്. അപ്പോള്‍തന്നെ സെന്‍റര്‍ ഡയറക്ടറെ വിളിച്ചു വരുത്തി കാര്യം തിരക്കി.

ഓപണ്‍ സര്‍വകലാശാലയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ് പ്രതിസന്ധിക്ക് കാരണമെന്നും ഹൈകോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ടെന്നും രണ്ടു മാസത്തിനകം ഉത്തരവ് ഉണ്ടാവുമെന്നും സെന്‍റര്‍ ഡയറക്ടര്‍ ലിജോ പോള്‍ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.