രണ്ട് യുവതികള്‍ ട്രെയിനിടിച്ച് മരിച്ചു


തൃശൂര്‍: ഡ്രൈവിങ് ക്ളാസ് കഴിഞ്ഞ് റെയില്‍വേ പാളത്തിലൂടെ നടന്നു പോകുകയായിരുന്ന രണ്ടു യുവതികള്‍ ട്രെയിന്‍ തട്ടി മരിച്ചു. കണിമംഗലം കാഞ്ഞിങ്ങാടി പുതിയവീട്ടില്‍ സുധീറിന്‍െറ ഭാര്യ റുബീനയും (35) കണിമംഗലം കോണ്‍വന്‍റ് റോഡ് തയ്യില്‍ വീട്ടില്‍ ശൈലേഷിന്‍െറ മകള്‍ മാളവികയുമാണ് (18) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10ന് വടൂക്കര-നെടുപുഴ റെയില്‍വേ ഗേറ്റിനടുത്താണ് അപകടമുണ്ടായത്.
കണിമംഗലത്തുനിന്ന് ഡ്രൈവിങ് ക്ളാസ് കഴിഞ്ഞ് ടെയ്ലറിങ് ക്ളാസിലേക്ക് എളുപ്പവഴിയിലൂടെ പോകാനായി റെയില്‍ പാളത്തിലൂടെ നടക്കുമ്പോഴാണ് അപകടമുണ്ടായത്. രണ്ടു വശത്തു നിന്നും ട്രെയിന്‍ വന്നപ്പോള്‍ പാളങ്ങള്‍ക്കിടയില്‍ നില്‍ക്കുന്നതിനിടെ തൃശൂര്‍-എറണാകുളം മെമു ട്രെയിന്‍ തട്ടിയെന്നാണ് നിഗമനം. മെമു ട്രെയിനിന് ശബ്ദം കുറവായതിനാല്‍ വരുന്നത് അറിഞ്ഞില്ളെന്നും പാളത്തിന്‍െറ മറുഭാഗത്തേക്ക് രക്ഷപ്പെടാനായില്ളെന്നും കരുതുന്നു. സംഭവസമയത്ത് മഴയുമുണ്ടായിരുന്നു.
പാളത്തിനിരുവശത്തും ചെങ്കുത്തായ മണ്‍തിട്ടയും കാടുമാണ്. അപകടം നടന്നയുടന്‍ റുബീനയെ പരിസരവാസികള്‍ തിരിച്ചറിഞ്ഞെങ്കിലും തിരിച്ചറിയാനാകാത്ത വിധം മാളവികയുടെ ശരീരം ഛിന്നഭിന്നമായി. ബന്ധുക്കള്‍ എത്തിയാണ് തിരിച്ചറിഞ്ഞത്. വെങ്ങിണിശേരി ഗുരുകുലം പബ്ളിക് സ്കൂളില്‍നിന്നും പ്ളസ്ടു പാസായ മാളവികക്ക് ചെറുതുരുത്തി ജ്യോതി എന്‍ജിനീയറിങ് കോളജില്‍ എന്‍ജിനീയറിങ് പഠനത്തിന് പ്രവേശം ലഭിച്ചിരുന്നു. കോളജ് പ്രവേശത്തിനായി മാളവികയുടെ അച്ഛന്‍ ശൈലേഷ് ദുബൈയില്‍നിന്ന് നാട്ടിലത്തെിയിരുന്നു.
അമ്മ സരള അധ്യാപികയാണ്. സഹോദരി ദേവിക ഇതേ സ്കൂളില്‍ നാലാം ക്ളാസില്‍ പഠിക്കുകയാണ്. റുബീനയുടെ ഭര്‍ത്താവ് സുധീര്‍ തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റില്‍ ബിസിനസ് നടത്തുകയാണ്.  സംസ്കാരം ശനിയാഴ്ച നടക്കും. മാളവികയുടെ മൃതദേഹം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വടൂക്കര എസ്.എന്‍.ഡി.പി ശ്മശാനത്തില്‍ സംസ്കരിക്കും.
അസി. കമീഷണര്‍ കെ.പി. ജോസിന്‍െറ നേതൃത്വത്തില്‍ നെടുപുഴ പൊലീസ് ഇന്‍ക്വസ്റ്റ്
നടത്തി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.