പാട്ടിന്‍െറ ആരാമവുമായി മ്യുസീഷ്യന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍

കോഴിക്കോട്: ഗായകരുടെയും വാദ്യോപകരണ വിദഗ്ധരുടെയും സംഘടനയായ മ്യുസീഷ്യന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍െറ (എം.ഡബ്ള്യു.എ) രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ടൗണ്‍ഹാളില്‍ സംഗീതപരിപാടി ഒരുക്കുന്നു. ‘പാട്ടിന്‍െറ ആരാമം’ എന്ന പേരില്‍ ജൂലൈ എട്ടിനും ആഗസ്റ്റ് മൂന്നിനുമിടയില്‍ നാലു ദിവസങ്ങളിലാണ് പരിപാടി. അന്തരിച്ച സംഗീതപ്രതിഭകള്‍ക്കുള്ള ആദരമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജൂലൈ എട്ടിന് ബി.എ. ചിദംബരനാഥ്, രാഘവന്‍ മാസ്റ്റര്‍, രാജാമണി എന്നിവര്‍ക്കുള്ള അനുസ്മരണമായൊരുക്കുന്ന കാര്‍ത്തികവിളക്ക് എന്ന സംഗീതസന്ധ്യക്ക് പിന്നണി ഗായകന്‍ കെ.കെ. നിഷാദ് നേതൃത്വം നല്‍കും.

ജൂലൈ 15ന് എ.ടി. ഉമ്മര്‍, കണ്ണൂര്‍ രാജന്‍ എന്നിവര്‍ക്കുള്ള സ്മരണാഞ്ജലിയായ വൃശ്ചികരാത്രി എന്ന സംഗീതനിശക്ക് ഗായകന്‍ സതീഷ്ബാബു നേതൃത്വം നല്‍കും. എം.എസ്. ബാബുരാജിനെയും പി.കെ. രഘുകുമാറിനെയും ആദരിക്കുന്നതിനായി ജൂലൈ 23ന് ഒരുക്കുന്ന കൈക്കുടന്ന നിലാവ് എന്ന പരിപാടി ചെങ്ങന്നൂര്‍ ശ്രീകുമാര്‍ നയിക്കും. ആഗസ്റ്റ് മൂന്നിന് സംഘടനയിലെ എല്ലാ അംഗങ്ങളും ചേര്‍ന്ന് കളേഴ്സ് എന്ന പരിപാടിയില്‍ ഹിന്ദി, തമിഴ് ഗാനങ്ങള്‍ ആലപിക്കും.  ടൗണ്‍ഹാളില്‍ വൈകീട്ട് 6.30നാണ് സംഗീതപരിപാടികള്‍ തുടങ്ങുക. പ്രവേശം സൗജന്യമാണെന്ന് എം.ഡബ്ള്യു.എ സെക്രട്ടറി അജിത്കുമാര്‍, നൗഷാദ് അരീക്കോട്, ചെങ്ങന്നൂര്‍ ശ്രീകുമാര്‍, പ്രേംരാജ്, അനില്‍, ഷാജിത് പൈക്കാട്ട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍  അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.