രാജീവ് വധം: പ്രതികളെ വിട്ടയക്കാന്‍ മോചനജാഥ

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ ഏഴു പ്രതികളുടെ ജയില്‍വാസത്തിന് 25 വര്‍ഷം പൂര്‍ത്തിയായി. വധശിക്ഷ, ദയാഹരജികള്‍, ശിക്ഷ ഇളവ്, പരോളില്ലാത്ത ഏകാന്തവാസം തുടങ്ങി ദീര്‍ഘമായ നിയമപോരാട്ടങ്ങളിലൂടെയാണ് പ്രതികള്‍ കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്നത്. രാജീവ് ഗാന്ധിയുടെ കൊലപാതകം കാല്‍നൂറ്റാണ്ട് പിന്നിട്ടത് കഴിഞ്ഞമാസം 21നാണ്. പ്രതികളുടെ മോചനം ആവശ്യപ്പെട്ട് പ്രതികളിലൊരാളായ പേരറിവാളന്‍െറ മാതാവ് അര്‍പ്പുതാമ്മാളിന്‍െറ നേതൃത്വത്തില്‍ രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും സിനിമാരംഗത്തെ പ്രമുഖരുടെയും സാന്നിധ്യത്തില്‍ ചെന്നൈയില്‍ മോചനജാഥ നടത്തി മുഖ്യമന്ത്രി ജയലളിതക്ക് നിവേദനം കൈമാറി. ചരിത്രപരമായ വിജയം തമിഴ് ജനത സമ്മാനിച്ച സാഹചര്യത്തില്‍ ഇവരെ മോചിപ്പിക്കണമെന്ന് നടന്‍ സത്യരാജ് ഉള്‍പ്പെടെയുള്ള സിനിമാരംഗത്തെ പ്രമുഖര്‍ ജയലളിതയോട് ആവശ്യപ്പെട്ടു.

ഭരണഘടനയുടെ 161ാംവകുപ്പ്  പ്രകാരം തന്നെ വിട്ടയക്കണമെന്ന് അഭ്യര്‍ഥിച്ച്  എ.ജി. പേരറിവാളന്‍ ഗവര്‍ണര്‍  കെ. റോസയ്യക്ക് ദയാഹരജി നല്‍കിയിട്ടുണ്ട്. 72ാം വകുപ്പ് പ്രകാരം മാപ്പ് നല്‍കാന്‍ രാഷ്ട്രപതിക്കുള്ള അവകാശത്തിന് തുല്യമാണ് 161ാം വകുപ്പ് പ്രകാരം സംസ്ഥാന ഗവര്‍ണര്‍ക്കുമുള്ളത്. തന്‍െറ കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയതില്‍ വ്യക്തത കൈവരാനുണ്ടെന്ന, കേസ് അന്വേഷിച്ച സി.ബി.ഐ ഉദ്യോഗസ്ഥന്‍ ത്യാഗരാജന്‍െറ വെളിപ്പെടുത്തല്‍ പരിഗണിക്കണം. 74 വയസ്സായ പിതാവ് ജ്ഞാനശേഖരന്‍ കിടപ്പിലാണെന്നും 69 വയസ്സുള്ള മാതാവ് അര്‍പ്പുതാമ്മാള്‍ രോഗിയാണെന്നും ഹരജിയില്‍ പറയുന്നു. തന്നെ അലട്ടുന്ന രോഗവിവരങ്ങളും പേരറിവാളന്‍ തെളിവായി നല്‍കിയിട്ടുണ്ട്.   25 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ജയില്‍ മോചിതയാക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു പ്രതി നളിനിയും സംസ്ഥാസര്‍ക്കാറിന് അപേക്ഷ നല്‍കി കാത്തിരിപ്പാണ്.

തീരുമാനം വൈകിയതിനത്തെുടര്‍ന്ന് നളിനി  മദ്രാസ് ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. മറ്റ് പ്രതികളും സംസ്ഥാന സര്‍ക്കാറിന്‍െറയും ഗവര്‍ണറുടെയും ദയാവായ്പിന് അപേക്ഷ നല്‍കും. രാജീവ് ഗാന്ധി കൊലപാതക കേസ് അന്വേഷണസംഘത്തിലെ പ്രമുഖരുടെ ഏറ്റുപറച്ചിലും വ്യക്തമായ തെളിവുകളുടെ അഭാവവും പ്രതികളെ ശിക്ഷിച്ച രീതിയില്‍ വ്യാപകമായ സംശയം നിലനിര്‍ത്തുന്നുണ്ട്. പ്രതികളുടെ മോചനത്തില്‍ തമിഴ്നാട്ടിലെ ദ്രാവിഡ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഒരുമയോടെ നില്‍ക്കുമ്പോള്‍  സംസ്ഥാനവും കേന്ദ്രവും അധികാരതര്‍ക്കം രൂപപ്പെടുകയും നീതിപീഠങ്ങളില്‍ വിഷയം എത്തുകയും ചെയ്തു.

പ്രതികളെ വിട്ടയക്കാന്‍ രണ്ടുപ്രാവശ്യം ജയലളിതാ സര്‍ക്കാര്‍ നീക്കം നടത്തിയെങ്കിലും കേന്ദ്രസര്‍ക്കാറിന്‍െറ വിയോജിപ്പില്‍ തട്ടി തീരുമാനം നീണ്ടു. മോചനം സംസ്ഥാന അധികാരത്തില്‍പെട്ടതാണെന്ന് തമിഴ്നാടും പ്രമുഖ കേസായതിനാല്‍ ആഭ്യന്തര മന്ത്രാലയവും കേന്ദ്ര സര്‍ക്കാറുമാണ് അവസാന വാക്കെന്നും തര്‍ക്കം ഉടലെടുത്തു. അവസാനം സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഡിസംബര്‍ രണ്ടിന് പുറപ്പെടുവിച്ച ഉത്തരവില്‍ കുറ്റവാളികള്‍ക്ക് മാപ്പ് നല്‍കുന്നത് കേന്ദ്രപരിധിയിലുള്ള വിഷയമാണെന്ന് വ്യക്തമാക്കി.

മുരുകന്‍, ശാന്തന്‍, പേരറിവാളന്‍, നളിനി, റോബര്‍ട്ട്  പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരുടെ ജയില്‍വാസം കാല്‍നൂറ്റാണ്ട് പൂര്‍ത്തിയായ മുറക്ക് മോചനത്തിന് ഫെഡറല്‍ വ്യവസ്ഥയില്‍ നിയമപരമായ പിന്‍ബലമുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാറിന്‍െറ അഭിപ്രായം. 1994ല്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 20 വര്‍ഷം പൂര്‍ത്തിയാക്കിയ തടവുകാരെ മാനുഷിക പരിഗണനനല്‍കി വിട്ടയക്കാമെന്ന് പറയുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.