തൃശൂര്‍: ഈ കുട്ടികളുടെ മുഖം നമ്മുടെ മനസിനെ അലട്ടില്ല; കാരണം, ഇക്കൂട്ടത്തില്‍ ‘നമ്മുടെ’ കുട്ടികളില്ല. ബാലവേല എന്നാല്‍ നമുക്ക് മലയാളി കുട്ടികളെ പണിയെടുപ്പിക്കുന്നതാണ്. ബംഗാളി കുട്ടിയും ബിഹാറി കുട്ടിയും പണിയെടുക്കേണ്ടവനാണ്, പഠിക്കേണ്ടവനല്ല. നമ്മുടെ കുട്ടികളെ രാവിലെ പുസ്തകവും ബാഗുമായി വാഹനത്തില്‍ കയറ്റി വിട്ട് അഭിമാനിക്കുമ്പോള്‍ തൊട്ടടുത്ത് ഒരു ബംഗാളി അല്ളെങ്കില്‍ ഛത്തീസ്ഗഡുകാരന്‍ കുട്ടി നടുമുറിയുന്ന പണിയെടുക്കുന്നുണ്ട്. നമ്മളത് കണ്ടില്ളെന്ന് നടിക്കും. അവനെ നമ്മുടെ വീട്ടുവേലക്ക് കിട്ടിയാല്‍ നന്നെന്ന് ചിന്തിക്കും. ഈ കാപട്യത്തില്‍ പൊതിഞ്ഞ് നമ്മള്‍ ഒരിക്കല്‍കൂടി ബാലവേല വിരുദ്ധ ദിനം ആചരിക്കുകയാണ്.

മലയാളി കുട്ടികള്‍ ഇന്ന് ബാലവേലയില്‍നിന്ന് ഏറെക്കുറെ മോചിതരാണ്. അവരുടെ കാര്യത്തില്‍ നിയമം കര്‍ക്കശമായി നീങ്ങിയതിന്‍െറ ഫലം. ഹോട്ടലിലെ തീന്‍മേശക്കു മുന്നില്‍ മെനു കാര്‍ഡ് നോക്കി നമ്മള്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ മേശ വൃത്തിയാക്കുന്ന പയ്യന്‍െറ ശരീരഭാഗം നമ്മുടെ ദേഹത്ത് സ്പര്‍ശിക്കാതിരിക്കാന്‍ നമ്മള്‍ ശ്രദ്ധിച്ച കാലം ഏതാണ്ട് കഴിഞ്ഞു. സ്കൂളില്‍ പോയില്ളെങ്കിലും മലയാളി കുട്ടിയെ പണിക്കു വിടില്ളെന്ന് നമ്മള്‍ ഉറപ്പിച്ചു. എന്നാലും കണ്ണും കൈയും എത്താത്ത ഏതോ കോണുകളില്‍ ചില കുട്ടികളെങ്കിലും ഇപ്പോഴും പണിയെടുക്കുന്നുണ്ടാവും. ഇപ്പോള്‍ ബാലവേലക്കും നമുക്ക് ഇതര സംസ്ഥാനക്കാര്‍ മതി. കെട്ടിട നിര്‍മാണവും പാടത്ത് പണിയും വിറകു വെട്ടലും പാത വീതി കൂട്ടലും ബാംഗളിയെയും ബിഹാറിയെയും ഏല്‍പിച്ച് നമ്മള്‍ തൊഴിലില്ലായ്മക്കെതിരെ സെമിനാറും സംവാദവും നടത്തുന്നതു പോലെ നമ്മുടെ കുട്ടികളെ ബാലവേലയില്‍നിന്ന് മോചിപ്പിച്ച് മറ്റു സംസ്ഥാനക്കാരായ കുട്ടികളുടെ ചുമലില്‍ ആ ഭാരം ഏല്‍പിച്ച് ബോധവല്‍കരണം നടത്തുന്നു.

നിലവാരം ഉയര്‍ന്നു; ഇപ്പോള്‍ മാളുകളിലാണ്

നമ്മുടെ കണ്‍വെട്ടത്ത്, പൊരിവെയിലിലും പെരുമഴയത്തും പണിയെടുക്കുന്ന കുട്ടിയുടെ ചിത്രം മറക്കാം. അവന്‍െറ നിലവാരം ഉയര്‍ന്നിരിക്കുന്നു. പട്നയില്‍നിന്നുള്ള തീവണ്ടിയില്‍ കേരളത്തിലേക്ക് മുതിര്‍ന്നവര്‍ക്കൊപ്പം എത്തുന്ന ബിഹാറി കുട്ടികളും മലയാളികള്‍ക്ക് ഗള്‍ഫ് എന്ന പോലെ കുട്ടികളെ കേരളത്തില്‍ എത്തിക്കുന്ന ബംഗാളികളും ഇന്ന് ‘ശീതളിമ’യിലാണ് പണിയെടുക്കുന്നത്. തൃശൂര്‍ നഗരത്തിനടുത്ത പ്രസിദ്ധമായ ആഡംബര ആവാസ കേന്ദ്രത്തിനോടു ചേര്‍ന്ന ഷോപ്പിങ് മാളില്‍ ഇതര സംസ്ഥാനക്കാരായ കുട്ടികളെ പണിയെടുപ്പിക്കുന്നുവെന്നു കേട്ട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പരിശോധനക്കത്തെിയപ്പോള്‍ കേട്ടത് തെറ്റിയില്ല. പ്രായം 14ല്‍ താഴെയെന്ന് സംശയം തോന്നി മൂന്നു കുട്ടികളെ പിടികൂടി. അപ്പോള്‍ സ്ഥാപന മേധാവികള്‍ ‘മുതിര്‍ന്ന കുട്ടികളുടെ’ ആധാര്‍ കാര്‍ഡ് കാണിച്ചു കൊടുത്തു. അതില്‍ പ്രായം ഇരുപതും ഇരുപത്തൊന്നും.

സംശയം തീരാതെ ചൈല്‍ഡ് ലൈനുകാര്‍ അവരെ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. പരിശോധനയില്‍ പ്രായം 14ല്‍ താഴെയെന്ന് തെളിഞ്ഞു. അവരെ തല്‍ക്കാലം ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി ബംഗളിലുള്ള രക്ഷിതാക്കളെ അറിയിച്ചു. രക്ഷിതാക്കള്‍ വന്നപ്പോളാണ് ‘ട്വിസ്റ്റ്’. അവര്‍ക്ക് കുട്ടികളെ ഇവിടെ നിര്‍ത്തിയാല്‍ മതി. നേരത്തിന് ഭക്ഷണവും അത്ര മോശമല്ലാത്ത തുകയും കിട്ടും. പിന്നെന്ത് പ്രശ്നം എന്നാണ് ചോദ്യം. ഈ കുട്ടികള്‍ പഠിക്കേണ്ട പ്രായമല്ളേ എന്ന ചോദ്യം അവര്‍ അത്ഭുതത്തോടെയാണ് കേട്ടത്. ഏറെ നിര്‍ബന്ധിക്കേണ്ടി വന്നു, അവരെ കൊണ്ടുപോകാന്‍. അവര്‍ ബംഗാളിലേക്ക് തിരിച്ചുപോയോ, അതോ കേരളത്തിലെ മറ്റേതോ മാളില്‍ ഇതുപോലെ പണിയെടുക്കുന്നുണ്ടോ?

എറണാകുളം കേന്ദ്രീകരിച്ച് ‘റിക്രൂട്ടിങ് ഏജന്‍സി’

ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് നഴ്സുമാരെ ‘റിക്രൂട്ട്’ ചെയ്യാന്‍ മാത്രമല്ല, ബംഗാളിലും ബിഹാറിലും ഛത്തീസ്ഗഡിലുമുള്ള കുട്ടികളെ കേരളത്തില്‍ ജോലിക്കെടുക്കാനും എറണാകുളം കേന്ദ്രീകരിച്ച് ഏജന്‍സികളുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. അവര്‍ മുഖേനയാണ് കുട്ടികള്‍ എത്തുന്നത്. കുട്ടികളെ മുതിര്‍ന്നവരാക്കാന്‍ അവരുടെ നാട്ടില്‍ വ്യാജമായി ആധാര്‍ കാര്‍ഡ് ഉണ്ടാക്കുന്ന കേന്ദ്രങ്ങളുമുണ്ട്.

അറിഞ്ഞതിലും എത്രയോ അധികം

ജില്ലയില്‍ കഴിഞ്ഞ അഞ്ചു മാസതിനിടക്ക് തൊഴിലിടങ്ങളില്‍നിന്ന് 11 പേരെ മോചിപ്പിച്ച കേസുകളാണ് ചൈല്‍ഡ് ലൈനിനു മുന്നിലുള്ളത്. പക്ഷെ, പൊലിസും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ഇടപെട്ട ഇതിന്‍െറ എത്രയോ ഇരട്ടി കേസുകളുണ്ട്. അതിന്‍െറയൊന്നും കണക്ക് ലഭ്യമല്ല. സര്‍ക്കാര്‍ തലത്തില്‍ ഉയര്‍ന്ന പദവികള്‍ വഹിക്കുന്ന ചിലരുടെ വീടുകളില്‍ വരെ ബാലവേല നടക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ‘രഹസ്യമായി’ അറിയിക്കുന്നു. 14 വയസില്‍ താഴയുള്ള കുട്ടികളെ ജോലി ചെയ്യിക്കുന്നത് കുറ്റകരവും ശിക്ഷാര്‍ഹവുമാക്കി 1986ലാണ് ചൈല്‍ഡ് ലേബര്‍ (പ്രൊഹിബിഷന്‍ ആന്‍റ് റെഗുലേഷന്‍) ആക്ട് നിലവില്‍ വന്നത്. പുതിയ ഭേദഗതിയില്‍ പ്രായം 18 എന്നാക്കിയിട്ടുണ്ട്. ആറിനും 14നുമിടക്ക് പ്രായമുള്ളവര്‍ക്ക് സൗജന്യ-നിര്‍ബന്ധിത വിദ്യാഭ്യാസം ഭരണഘടന വിഭാവനം ചെയ്തിട്ടുണ്ട്. 1948ലെ ഫാക്ടറീസ് നിയമപ്രകാരം 14ല്‍ താഴെയുള്ള കുട്ടികളെ പണിയെടുപ്പിക്കുന്നത് കര്‍ശനമായി തടയുന്നുണ്ട്. 1952 മൈന്‍സ് ആക്ട് 18ല്‍ കുറഞ്ഞ പ്രായമുള്ളവരെ ജോലി ചെയ്യിക്കുന്നത് ശിക്ഷാര്‍ഹമാക്കി. 2000ലെ ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്‍റ് പ്രൊട്ടക്ഷന്‍) ആക്ട് പ്രകാരം ബാലവേല ചെയ്യിക്കുന്നത് ജയില്‍വാസം അനുഭവിക്കേണ്ട കുറ്റമാണ്.

ഉത്തരേന്ത്യന്‍ അവസ്ഥയുടെ സൗജന്യം പറ്റി നമ്മള്‍

കേരളത്തിന് ബാധകമല്ളെങ്കിലും യൂനിസെഫിന്‍െറ ഒരു കണ്ടത്തെലിന്‍െറ ‘സൗജന്യം’ പറ്റി ജീവിക്കുകയാണ് മലയാളികള്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജീവിതാവസ്ഥ 17ല്‍ താഴെയുള്ള കുട്ടികളെ ഏതുതരം വരുമാനത്തിനും അയക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. സ്കൂളില്‍ പോകാന്‍ വകയില്ലാത്ത എല്ലാ കുട്ടികളും ബാലവേലക്ക് നിര്‍ബന്ധിതരാവുന്നുണ്ട് എന്നാണ് യൂനിസെഫിന്‍െറ കണ്ടത്തെല്‍. സ്കൂളുകളുടെ കുറവ്, പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഭൂരിഭാഗം വരുന്ന കുട്ടികളെ ബാലവേലക്ക് പ്രേരിപ്പിക്കുകയാണത്രെ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.