രാജ്യം നീങ്ങുന്നത് ഫാഷിസത്തിലേക്ക് –സീതാറാം യെച്ചൂരി

തൃശൂര്‍: രാജ്യം ഫാഷിസത്തിലേക്കാണ് നീങ്ങുന്നതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഹിന്ദുരാഷ്ട്ര വാദം പഴയതിനേക്കാള്‍ ഉറച്ച ശബ്ദത്തില്‍ ഉയര്‍ന്നുതുടങ്ങി. ഹിന്ദുരാഷ്ട്രത്തെ ദേശീയതയായി ഉയര്‍ത്തിക്കാട്ടുന്നത് ഫാഷിസമാണ്. കേന്ദ്ര സര്‍ക്കാര്‍ ഓരോ പ്രതിസന്ധി നേരിടുമ്പോഴും പാര്‍ലമെന്‍ററി ജനാധിപത്യം നീക്കിനിര്‍ത്തപ്പെടുകയും ആ സ്ഥാനത്ത് ഭീകര സ്വേച്ഛാധിപത്യം അടിച്ചേല്‍പിക്കുകയും ചെയ്യുന്നു. ജയ്ഹിന്ദിന് പകരം ഭാരത് മാതാ കീ ജയ് എന്നു പറയുന്നതാണ് ദേശീയതയെന്നതാണ് ഫാഷിസത്തിന്‍െറ ലക്ഷണമെന്ന് യെച്ചൂരി പറഞ്ഞു. തൃശൂരില്‍ കോസ്റ്റ്ഫോര്‍ഡിന്‍െറ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഇ.എം.എസ് സ്മൃതി ദേശീയ സംവാദം ‘ഇന്ത്യ എന്ന പരികല്‍പന’ എന്ന വിഷയം അവതരിപ്പിച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യാനന്തര ഇന്ത്യ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ളിക്കാവണമെന്ന് കോണ്‍ഗ്രസും അതിനൊപ്പം സോഷ്യലിസത്തില്‍ ഊന്നിയ സാമൂഹിക-സാമ്പത്തിക സ്വാതന്ത്ര്യംകൂടി വേണമെന്ന് ഇടതുപക്ഷവും വാദിച്ചപ്പോള്‍ മതപരമായകൂറിന്‍െറ അടിസ്ഥാനത്തില്‍ വേണമെന്ന് ആവശ്യപ്പെട്ടവരുടെ പിന്തുടര്‍ച്ചക്കാരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. അന്ന് കോണ്‍ഗ്രസും ഇടതുപക്ഷവും ഉയര്‍ത്തിയ ആവശ്യമാണ് നടപ്പായതെങ്കിലും മൂന്ന് വീക്ഷണവും തമ്മിലുള്ള ഏറ്റുമുട്ടല്‍ അന്നത്തേതുപോലെ ഇന്നുമുണ്ട്. മതവും ജാതിയും അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ ധ്രുവീകരണം ഇന്ന് ശക്തമാണ്. ജാതീയമായ അടിച്ചമര്‍ത്തല്‍ യാഥാര്‍ഥ്യമായി നിലകൊള്ളുന്നു. സാമ്പത്തിക അടിച്ചമര്‍ത്തലിനൊപ്പം ഇതും ഇടതുപക്ഷത്തിന്‍െറ അജണ്ടയാവേണ്ടതുണ്ട്.
ജനാധിപത്യ സ്ഥാപനങ്ങളെ അപ്രസക്തമാക്കുന്ന നടപടികള്‍ രാജ്യത്ത് ശക്തമാണ്. രാജ്യസഭയില്‍ ഭൂരിപക്ഷമില്ളെങ്കില്‍ ധനകാര്യ ബില്ലായി മുകളിലൂടെ കൊണ്ടുവന്ന് നിയമം പാസാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്നു. ജെ.എന്‍.യുവിലെ വ്യാജ ടേപ്പ് ഇപ്പോള്‍ ഒറിജിനല്‍ ആവുന്നതും ദാദ്രിയിലെ മട്ടന്‍ മാസങ്ങള്‍ക്കുശേഷം ബീഫാവുന്നതും വര്‍ഗീയ ധ്രുവീകരണത്തിനുള്ള കടുത്ത ശ്രമങ്ങളുടെ ഭാഗമാണ്. ഇന്ത്യയെ അമേരിക്കയുടെ തന്ത്രപരമായ ജൂനിയര്‍ പങ്കാളിയാക്കാന്‍ മോദി തീരുമാനിക്കുമ്പോള്‍ അതിലൂടെ ഏഷ്യയില്‍ ചൈനയെ തടയുകയെന്ന ലക്ഷ്യമാണ് അമേരിക്കന്‍ ലക്ഷ്യത്തിനാണ് വഴങ്ങുന്നത്. മന്‍മോഹന്‍ സിങ്ങിനേക്കാള്‍ വലിയ ആക്രമണമാണ് മോദി നടത്തുന്നതെന്നും യെച്ചൂരി പറഞ്ഞു.
ഇന്ത്യയുടെ അഖണ്ഡതക്ക് മോദിയും ബി.ജെ.പിയും ഭീഷണിയാണെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢി പറഞ്ഞു. എല്ലാ മേഖലയിലും ഹിന്ദുത്വ രാഷ്ട്ര ആശയം അടിച്ചേല്‍പിക്കുകയാണ്. ഹിന്ദുരാഷ്ട്രമെന്നത് ദേശീയതായി ചിത്രീകരിക്കുന്നു. ദേശീയതയെ ദുരുപയോഗം ചെയ്തതിന്‍െറ അപകടം പല രാഷ്ട്രങ്ങളും അനുഭവിച്ചത്. സാര്‍വദേശീയതയെക്കുറിച്ച് പറയുന്നവരെ ദേശവിരുദ്ധരാക്കുകയാണ്. ദേശീയത എന്നത് രാജ്യസ്നേഹത്തിന്‍െറ മറ്റൊരു പേരാക്കി. 2016-‘17 അക്കാദമികവര്‍ഷം രാജ്യത്ത് അക്കാദമിഷ്യന്‍മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഹിന്ദുത്വ ശക്തികള്‍ക്കെതിരായ കടുത്ത പോരാട്ടത്തിന്‍േറതായിരിക്കും എന്ന സൂചനയാണ് ജെ.എന്‍.യുവിലെയും മറ്റും പുതിയ സംഭവങ്ങള്‍ നല്‍കുന്നതെന്നും സുധാകര്‍ റെഡ്ഢി പറഞ്ഞു.
പ്രതിസന്ധി വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ക്ക് പ്രോത്സാഹനത്തിനുള്ള ഘടകമാണെന്ന് പ്രഫ. പ്രഭാത് പട്നായിക് പറഞ്ഞു. നവ ഉദാര മുതലാളിത്ത സമ്പദ് വ്യവസ്ഥ ലോകമാകെ പ്രതിസന്ധി നേരിടുമ്പോഴാണ് ‘മേക് ഇന്‍ ഇന്ത്യ’യുടെ പേരില്‍ മോദി മൂലധന ശക്തികളെ രാജ്യത്തേക്ക് ക്ഷണിക്കുന്നത്.
ഉദ്ദേശ്യം നടക്കാതെ വരുമ്പോള്‍ രൂപപ്പെടുന്ന പ്രതിസന്ധിയെ വര്‍ഗീയ ഫാഷിസത്തിലൂടെ നേരിടാനാണ് ശ്രമിക്കുകയെന്നും പട്നായിക് അഭിപ്രായപ്പെട്ടു. പി.കെ. ബിജു എം.പി അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ സ്വാഗതവും എം. മുരളീധരന്‍ നന്ദിയും പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.