മരണക്കിടക്കയില്‍ കോഴിക്കോട്ടെ കൊപ്രബസാര്‍

കോഴിക്കോട്: ഇതര സംസ്ഥാന ലോബികളുടെയും സ്വകാര്യ കമ്പനികളുടെയും കടന്നുകയറ്റത്തില്‍, മരണമുഖത്താണ് ഒരുകാലത്ത് ദേശീയ പ്രശസ്തമായിരുന്ന കോഴിക്കോട്ടെ കൊപ്രബസാര്‍. നേരത്തേ ദിനേന ലോഡുകണക്കിന് കൊപ്ര മഹാരാഷ്ട്ര, ബിഹാര്‍, ഗോവ, യു.പി തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്കും  കയറ്റിഅയച്ചിരുന്ന ഇവിടെ ഇപ്പോഴുള്ളത് വിരലിലെണ്ണാവുന്ന പാണ്ടികശാലകള്‍ മാത്രമാണ്.

തൊഴിലാളികളും കച്ചവടവും 20 വര്‍ഷത്തിനിടെ പത്തിലൊന്നായി ചുരുങ്ങി. ദില്‍പസന്ത്, റായി തുടങ്ങിയ മികച്ച കൊപ്ര ഇനങ്ങളുടെ സംഭരണവും കയറ്റുമതിയും പൂര്‍ണമായി നിലച്ചു. നേരത്തേ 2000 ക്വിന്‍റലോളം കൊപ്ര ശേഖരിച്ചിരുന്നത് ഇപ്പോള്‍ പ്രതിദിനം 500 ക്വിന്‍റല്‍ ആയി. ഇരുനൂറ്റി അമ്പതോളം പാണ്ടികശാലകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോഴുള്ളത് ഇരുപത്തഞ്ചോളം മാത്രം.

രണ്ടായിരത്തോളമുണ്ടായിരുന്ന തൊഴിലാളികള്‍ കഷ്ടിച്ച് 100 പേരായി. പ്രതിദിനം 12 ലോഡിലേറെ ഇതര സംസ്ഥാനത്തേക്ക് കയറ്റിയിരുന്നതെങ്കില്‍, ഇപ്പോള്‍  മാസത്തില്‍ ഒരു ലോഡാണ് തൃശൂരിലെ സംസ്കരണശാലകളിലേക്ക് കൊണ്ടുപോകുന്നത്. കൊപ്ര വെട്ടിയുണക്കുന്ന രീതി കോഴിക്കോട്ട് ഇപ്പോള്‍ ഇല്ലാതായി.  ഇതര സംസ്ഥാനങ്ങളില്‍ ശക്തിപ്പെട്ട നാളികേര വിപണിയാണ് കേരളത്തിന്‍െറ പൊതുവിലും കോഴിക്കോടിന്‍െറ പ്രത്യേകിച്ചും നഷ്ടപ്രതാപത്തിന് വഴിവെച്ചത്. അവിടങ്ങളില്‍ കൃഷിക്ക് വന്‍ ആനുകൂല്യങ്ങളും സഹായങ്ങളും കൂടിയായപ്പോള്‍ കൃഷി അവരുടേതായി.

കൂടുതല്‍ വെയിലുള്ള കാലാവസ്ഥയും മികച്ച കൊപ്ര ഉല്‍പാദനത്തിന് ഇവര്‍ക്ക് സഹായകമായി. കേരളത്തില്‍ വ്യവസായത്തിന് മേല്‍ വന്ന നികുതികള്‍ തിരിച്ചടിയായി.  കൊപ്ര മാത്രമല്ല, കുരുമുളക്, അടക്ക, കച്ചോലം, മുള്ളിലക്കുരു, കശുവണ്ടി, സോപ്പുംകായ്, സാബൂന്‍ കായ്, ജാതിക്ക, ജാതിപ്പരിപ്പ്  തുടങ്ങിയ ഇനങ്ങളുടെയും വിപണി മേധാവിത്വം കോഴിക്കോടിന് നഷ്ടമായി.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.