കോഴിക്കോട്: സ്കൂൾ പരീക്ഷ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് സംഘം നിരവധി പേരുടെ മൊഴി രേഖപ്പെടുത്തി. ഡി.ഡി.ഇ മനോജ് മണിയൂർ, താമരശ്ശേരി ഡി.ഇ.ഒ എൻ. മൊയീനുദ്ദീൻ, കൊടുവള്ളി എ.ഇ.ഒ അബ്ദുൽ ഖാദർ, ചോദ്യപേപ്പർ ചോർന്നതായി ആദ്യം സംശയം പ്രകടിപ്പിച്ച മടവൂർ ചക്കാലക്കൽ എച്ച്.എസ്.എസിലെ അധ്യാപകർ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഇത്രയേറെ ചോദ്യങ്ങൾ പ്രവചിക്കുക അസാധ്യമാണെന്നാണ് ഇവരുടെ പൊതുവായ മൊഴി.
മൊഴികൾ പരിശോധിച്ച് ചോദ്യപേപ്പർ ചോർന്നെന്ന് വ്യക്തമായാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് എസ്.പി കെ.കെ. മൊയ്തീൻകുട്ടി പറഞ്ഞു.
അതിനിടെ, ട്യൂഷൻ സെന്ററുകൾ വഴി പ്രചരിച്ച ചോദ്യപേപ്പറുകളും യഥാർഥ ചോദ്യപേപ്പറുകളും ചോദ്യപേപ്പർ തയാറാക്കിയ കേന്ദ്രവും അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരുടെ വിവരവും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ചോദ്യപേപ്പർ ചോർന്നതായി വിവാദമുയർന്നതോടെ ആരോപണം നേരിട്ട എം.എസ് സൊലൂഷൻസ് യൂട്യൂബ് ചാനലിന്റെ പ്രവർത്തനം നിർത്തിയിരുന്നു. എന്നാൽ, ചൊവ്വാഴ്ച വീണ്ടും ഇവർ ചോദ്യപേപ്പർ പ്രവചന വിഡിയോ പുറത്തിറക്കി. ബുധനാഴ്ചത്തെ പത്താംക്ലാസ് കെമിസ്ട്രി പരീക്ഷയുടെ ചോദ്യങ്ങൾ വരുന്ന പാഠഭാഗങ്ങൾ പറഞ്ഞായിരുന്നു എം.എസ്. സൊലൂഷൻസ് സി.ഇ.ഒ ഷുഹൈബ് ലൈവിൽ വന്നത്. ഈ വിഡിയോയിൽ പറഞ്ഞ ഭാഗങ്ങളിൽനിന്നാണ് ബുധനാഴ്ചത്തെ പരീക്ഷയിലെ മിക്കചോദ്യങ്ങളും വന്നത്. ഇക്കാര്യവും ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കും. അതേസമയം, ചോദ്യപേപ്പർ ചോർത്തിയെന്ന ആരോപണം നിഷേധിച്ച ഷുഹൈബ്, ചില പ്രമുഖ ട്യൂഷൻ സെന്ററുകളുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി റജി കുന്നംപറമ്പന്റെ നേതൃത്വത്തിൽ സൈബർ വിദഗ്ധരടക്കമുള്ള അഞ്ചംഗ സംഘമാണ് പരാതി അന്വേഷിക്കുന്നത്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പും സമാന്തര അന്വേഷണം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.