നോമ്പാണ് ജീവിതം പഠിപ്പിച്ചത്

എനിക്ക് ഏറെയുള്ളത് മുസ്ലിം സുഹൃത്തുക്കളാണ്. റമദാന്‍ കാലമാകുന്നതോടെ സുഹൃത്തുക്കളുടെ ജീവിതചര്യകളിലെ മാറ്റം പണ്ടുമുതലേ ഞാന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു. ഉച്ചസമയത്ത് ഞാന്‍ ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ സുഹൃത്തുക്കള്‍ പാര്‍ട്ടി ഓഫിസിലായിരിക്കും. ആദ്യകാലത്ത് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. പിന്നീട് നോമ്പിനെ കുറിച്ച് ചോദിച്ച് മനസ്സിലാക്കി. നോമ്പുവഴി അനുഭവിക്കുന്ന വിശപ്പ് എന്താണെന്ന് അറിയേണ്ടത് ആവശ്യമാണെന്ന തിരിച്ചറിവുണ്ടായി. അങ്ങനെയാണ് നോമ്പെടുക്കാന്‍ തുടങ്ങിയത്.

പുലര്‍ച്ചെ നാലുമണിക്കുമുമ്പ് എഴുന്നേല്‍ക്കും. കുളിച്ച് ഇടയത്താഴം കഴിക്കും. ബ്രെഡ് അല്ളെങ്കില്‍ ഏത്തപ്പഴം, ചായ തുടങ്ങി ലഘുവായ എന്തെങ്കിലും.
 പകല്‍സമയത്ത് പൂര്‍ണമായും ഭക്ഷണം ഒഴിവാക്കും. നോമ്പുതുറ മിക്കപ്പോഴും സുഹൃത്തുക്കളുടെ വീട്ടിലായിരിക്കും. സമ്മേളനങ്ങളിലാണെങ്കിലും കൃത്യസമയത്ത് നോമ്പുതുറക്കാന്‍ എന്തെങ്കിലും കരുതും. മൂവാറ്റുപുഴ നഗരത്തില്‍ വിവിധ സംഘടനകള്‍ നോമ്പുതുറ സംഘടിപ്പിക്കാറുണ്ട്. നോമ്പുപിടിക്കുന്ന ആളാണെന്ന് അറിയുന്നതുകൊണ്ട് ഒട്ടുമിക്ക നോമ്പുതുറക്കും വിളിക്കാറുണ്ട്. രാത്രിയില്‍ പഴവര്‍ഗങ്ങളും വെള്ളവും കുടിച്ച് ഉറങ്ങും.

ഒമ്പതുവര്‍ഷം തുടര്‍ച്ചയായി നോമ്പെടുത്തു. വിശപ്പിനേക്കാള്‍ വലിയ വികാരം നമുക്കില്ല എന്ന തിരിച്ചറിവ് നോമ്പെടുക്കുന്നതിലൂടെ ലഭിക്കുന്നു.
ആന്തരികമായ അച്ചടക്കവും സഹനശക്തിയും നല്‍കുന്നു. ഏറ്റവും പ്രിയപ്പെട്ടത് വര്‍ജിക്കാന്‍ കഴിഞ്ഞാല്‍ അതാണ് ഏറ്റവും വലിയ മനക്കരുത്ത്. പലതും ജീവിതത്തില്‍ വേണ്ട എന്നുതീരുമാനിക്കാന്‍ നോമ്പ് സഹായിച്ചിട്ടുണ്ട്. വിശപ്പും ദാഹവും നിയന്ത്രിക്കുക വഴി സഹനത്തിന്‍െറ മൂല്യം അറിയാനും മറ്റൊരാളുടെ വിശപ്പിനെപ്പറ്റി ചിന്തിക്കാനും സാധിക്കുന്നു.

നോമ്പുവഴി ലഭിക്കുന്ന ആത്മസമര്‍പ്പണം പൊതുപ്രവര്‍ത്തനത്തെ ഒരുപാട് മുന്നോട്ടുനയിച്ചിട്ടുണ്ട്. നേരായ വഴിയില്‍ സഞ്ചരിക്കാന്‍ എന്നും പ്രചോദനമായിട്ടുണ്ട്. പട്ടിണികിടക്കുന്നവരുടെ വിഷമം മനസ്സിലാക്കാന്‍ നോമ്പിലൂടെ സാധിക്കുന്നു. നമ്മുടെ രാജ്യത്ത് പതിനായിരങ്ങള്‍ ഭക്ഷണം കിട്ടാതെ പട്ടിണികിടക്കുന്നുണ്ട്. വര്‍ഷത്തില്‍ ഒരുമാസം നോമ്പെടുക്കുമ്പോള്‍ ഏകദേശം 13 മണിക്കൂറാണ് വിശപ്പറിയുക. എന്നാല്‍, 365 ദിവസവും വിശപ്പറിയുന്നവര്‍ നമ്മുടെ രാജ്യത്തുണ്ട്. നോമ്പെടുക്കുന്ന കാലത്ത് പൊതുപ്രവര്‍ത്തനത്തിന്‍െറ ഭാഗമായി കൂടുതല്‍ സഹായം ചെയ്യാന്‍ ശ്രമിക്കാറുണ്ട്. അച്ഛനും അമ്മയും പെങ്ങളുടെ രണ്ടു മക്കളും സുഹൃത്തുക്കളും നല്ല പിന്തുണയാണ് നല്‍കുന്നത്. നോമ്പുതുറക്കും അത്താഴത്തിനും എല്ലാ സൗകര്യങ്ങളും അവര്‍ ഒരുക്കുന്നു.

തയാറാക്കിയത്:  കെ.എം. മുഹമ്മദ് അസ് ലം

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.