കശുവണ്ടി വികസന കോര്‍പറേഷനില്‍ വിജിലന്‍സ് പരിശോധന; കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ കണ്ടെടുത്തു

കൊല്ലം : തോട്ടണ്ടി ഇറക്കുമതിയിലെ ക്രമക്കേടിനത്തെുടര്‍ന്ന് കശുവണ്ടി വികസന കോര്‍പറേഷന്‍ ഹെഡ് ഓഫിസില്‍ വിജിലന്‍സ് പരിശോധന നടത്തി. വിജിലന്‍സ് കൊല്ലം ഡിവൈ.എസ്പി എന്‍.ജീജിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.ചൊവ്വാഴ്ച രാവിലെ 11ന് ആരംഭിച്ച പരിശോധന ഉച്ചവരെ നീണ്ടു. തോട്ടണ്ടി ഇടപാടുമായി  ബന്ധപ്പെട്ട വിവിധ ഫയലുകള്‍ കണ്ടെടുത്തു. ഇതിന്‍െറ വിശദാംശങ്ങള്‍ പരിശോധിക്കുമെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2015ലെ ഓണക്കാലത്ത് 2000 ടണ്‍ തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ കോര്‍പറേഷന് 2.86 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കേസ്. ഇതിന്‍െറ ഭാഗമായി തെളിവുശേഖരണത്തിനായിരുന്നു പരിശോധന.

കൊല്ലം വിജിലന്‍സ് യൂനിറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോര്‍പറേഷന്‍ മുന്‍ ചെയര്‍മാനും ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്‍റുമായ  ആര്‍. ചന്ദ്രശേഖരന്‍ ഒന്നാം പ്രതിയും മുന്‍ എം.ഡി കെ.എ. രതീഷ് രണ്ടാം പ്രതിയുമായാണ്. തോട്ടണ്ടി ഇറക്കിയ ജെ.എം.ജെ ട്രേഡേഴ്സ് ഉടമ ജയ്മോന്‍ ജോസഫ്, ക്വാളിറ്റി ടെസ്റ്റ് നടത്തിയ ഏജന്‍സിയുടെ കൊല്ലം മാനേജര്‍ എസ്. ഭുവനചന്ദ്രന്‍ എന്നിവരാണ് മൂന്നും നാലും പ്രതികള്‍. സംസ്ഥാന വിജിലന്‍സ് മേധാവിയായി ജേക്കബ് തോമസ് ചുമതലയേറ്റ ശേഷമാണ് തോട്ടണ്ടി  ഇറക്കുമതി ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം കാര്യക്ഷമമാക്കാന്‍ നിര്‍ദേശം നല്‍കിയത്.

അതേസമയം, ആര്‍. ചന്ദ്രശേഖരന്‍, കെ.എ. രതീഷ് എന്നിവരടക്കം പ്രതിപ്പട്ടികയിലുള്ളവരില്‍നിന്ന് തോട്ടണ്ടി ഇറക്കുമതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമം അന്വേഷണസംഘം ആരംഭിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍നിന്ന് തോട്ടണ്ടി ഇറക്കുമതി ചെയ്താണ് കശുവണ്ടി വികസന കോര്‍പറേഷന്‍ ഫാക്ടറികളില്‍ കശുവണ്ടിപ്പരിപ്പിന്‍െറ ഉല്‍പാദനം നടത്തുന്നത്. ഇങ്ങനെയുള്ള ഇറക്കുമതിയുടെ മറവില്‍ വന്‍ ക്രമക്കേടുകള്‍ ഏറെക്കാലമായി കോര്‍പറേഷനില്‍ നടക്കുന്നുണ്ടെന്ന നിഗമനത്തിലാണ് വിജിലന്‍സ്. കൂടുതല്‍ സമയമെടുത്തുള്ള അന്വേഷണം ഇതുമായി ബന്ധപ്പെട്ട് വേണമെന്ന അഭിപ്രായമാണ് വിജിലന്‍സിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കടക്കമുള്ളത്്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.