സംഭരണം നാമമാത്രം; ഒത്തുകളി നൂറുമേനി

മലയാളി അന്നംതേടി സിലോണിലേക്കും ഗള്‍ഫിലേക്കും പോകുന്നതിനുമുമ്പ്, കേരളത്തിന്‍െറ വിശപ്പകറ്റിയിരുന്നത് തേങ്ങയായിരുന്നു. എന്നാല്‍, മണ്ഡരിയും കാറ്റുവീഴ്ചയും പോലുള്ള രോഗബാധയും തേങ്ങയുടെ വിലത്താഴ്ചയും കര്‍ഷകന്‍െറ മനംമടുപ്പിച്ചു. മാറിമാറി വന്ന സര്‍ക്കാര്‍ ഇങ്ങനെയൊരു കൃഷിയുണ്ടെന്നോ, കര്‍ഷകരുണ്ടെന്നോ പോലും ഗൗരവത്തിലെടുക്കാത്ത സാഹചര്യം. കര്‍ഷകരാവട്ടെ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് മാത്രമായൊരു സംഘടന രൂപവത്കരിക്കാനോ കൃത്യമായ സമരം നടത്താനോ ശ്രമിച്ചില്ല. ഏവരെയും ആകര്‍ഷിക്കുന്ന രീതിയിലുള്ള തെങ്ങുകയറ്റ ഉപകരണംപോലും ഇതിനകം  കണ്ടത്തൊനും കഴിഞ്ഞിട്ടില്ല.

ആഗോളീകരണത്തിന്‍െറ ഭാഗമായ വിപണി കീഴടക്കല്‍, മറ്റു ഭക്ഷ്യഎണ്ണകളുടെ ഇറക്കുമതി എന്നിവ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാറുകള്‍ക്കുണ്ടായ വീഴ്ച തുടങ്ങി പ്രതിസന്ധിക്ക്  കാരണമിനിയുമുണ്ട്. ഇടനിലക്കാരെ ഉപയോഗിച്ചുകൊണ്ടുള്ള ചില ലോബികളുടെ ഇടപെടലും തിരിച്ചടിയാവുന്നു.  ഇറക്കുമതിയുണ്ടാവുക, ഉപഭോഗം കുറയുക, ഉല്‍പാദനക്ഷമത ഗണ്യമായി കൂടുക എന്നീ മൂന്നു കാരണങ്ങളാണ് സാധാരണഗതിയില്‍ ഒരു ഉല്‍പന്നത്തിന്‍െറ വില കുറയാന്‍ ഇടയാക്കുന്നത്. എന്നാല്‍, നാളികേരം വിലകുറയാന്‍ ഇത്തരം സാഹചര്യം ഒന്നും വേണ്ട.  വിലനിയന്ത്രിക്കുന്നതില്‍ വിപണിക്ക് പുറത്തുള്ള ചില കരങ്ങളുണ്ടെന്ന് ബോധ്യപ്പെടുക. ഇത്തരം സന്ദര്‍ഭത്തിലിടപെടാനുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യമായില്ല. ഇവിടെ, കേരഫെഡിന്‍െറ പച്ചതേങ്ങ സംഭരണം മാത്രമാണ് കര്‍ഷകര്‍ക്ക് ആശ്വാസമായിരുന്നത്. കൃഷിഭവനില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകരില്‍നിന്നാണ് തേങ്ങ സംഭരിച്ചിരുന്നത്. എന്നാല്‍, കേരഫെഡ്  പൊതുവിപണിക്കനുസരിച്ച് വിലയില്‍ മാറ്റം വരുത്തി. 2013 ജനുവരിയില്‍ പച്ചതേങ്ങ കിലോക്ക് 14രൂപ നല്‍കിയാണ് കേരഫെഡ് സംഭരണം ആരംഭിച്ചത്. ഇത്, ക്രമേണ 30 രൂപക്ക് മുകളിലായി. പൊതുവിപണിയെ നിയന്ത്രിക്കുന്നതില്‍ ഈ സംവിധാനം പൂര്‍ണ പരാജയമാണെന്ന് ബന്ധപ്പെട്ടവര്‍ തന്നെ പറയുന്നു.

തൊഴിലാളിക്ഷാമം, ശാസ്ത്രീയമായ കൃഷി രീതിയെക്കുറിച്ചുള്ള അറിവില്ലായ്മ, ഉല്‍പന്നങ്ങളുടെ വൈവിധ്യവത്കരണത്തില്‍ സര്‍ക്കാറിന്‍െറ വീഴ്ച, വിലനിര്‍ണയിക്കുന്നതില്‍ സൊസൈറ്റിക്കള്‍ക്ക് അധികാരമില്ലായ്മ എന്നിവയാണ് ഈ മേഖലയിലെ പ്രധാനപ്രശ്നമെന്ന് വടകര കോക്കനട്ട് ഫാര്‍മേഴ്സ് കമ്പനി ചെയര്‍മാന്‍ പ്രഫ. ഇ. ശശീന്ദ്രന്‍ പറയുന്നു. മില്‍മയാണ് പാലിന്‍െറ വില നിര്‍ണയിക്കുന്നത്. അതുകൊണ്ടാണ് പാലിന്‍െറ വില കുറയാത്തത്. എന്നാല്‍, അത്തരമൊരു അവസ്ഥ നാളികേര മേഖലയിലില്ല. അങ്ങനെ വിലനിര്‍ണയാധികാരം ലഭിച്ചാല്‍ മാത്രമേ രക്ഷപ്പെടുകയുള്ളൂ. സര്‍ക്കാര്‍ സബ്സിഡി നാമമാത്രമാണ്. റബര്‍ വിലകുറഞ്ഞ അവസരത്തില്‍ 300കോടിയാണ് കേന്ദ്രം നല്‍കിയത്. എന്നാല്‍, 25കോടി രൂപപോലും നാളികേരത്തിന് നല്‍കാന്‍ തയാറല്ല. റബര്‍ മേഖലയേക്കാള്‍ എത്രയോ കൂടുതല്‍ ജനങ്ങളാണ് നാളികേരത്തെ ആശ്രയിച്ച് ജീവിക്കുന്നത്. സബ്സിഡി തന്നാല്‍ നഷ്ടം വരുന്നില്ല. പലവിധ നികുതിയിലൂടെ സര്‍ക്കാറിലിത് തിരിച്ചത്തെുന്നുണ്ട്. തുറന്ന മനസ്സോടെ ഈ മേഖലയെ കാണുന്ന ഭരണാധികാരികളാണാവശ്യമെന്നും പ്രഫ. ഇ. ശശീന്ദ്രന്‍ പറഞ്ഞു.

ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി

ലോക വ്യാപാരകരാര്‍, ആസിയാന്‍ കരാര്‍ ഇതിന്‍െറയൊക്കെ തുടര്‍ച്ചയായി ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍നിന്ന് നിരവധി ഭക്ഷ്യ എണ്ണകളും നാളികേര ഉല്‍പന്നങ്ങളും കേരളമണ്ണിലേക്ക് എത്തിത്തുടങ്ങി. പാമോയിലിനോടും സോയാബിന്‍ എണ്ണയോടും വിലയുടെ കാര്യത്തില്‍ വെളിച്ചെണ്ണക്ക് മത്സരിക്കാനാവാതായി. 2006ലെ കണക്ക് അനുസരിച്ച് ഒരു ഹെക്ടറില്‍ നിന്നും 600കിലോ വെളിച്ചെണ്ണയാണ് ഉല്‍പാദിപ്പിച്ചിരുന്നത്. അതേസമയം, മലേഷ്യ ഒരു ഹെക്ടറില്‍നിന്ന് മൂന്നര ടണ്‍ പാമോയിലാണുണ്ടാക്കുന്നത്. ഈ സാഹചര്യത്തില്‍ നാളികേരത്തിന് നിന്നു കിതക്കുകതന്നെ വേണ്ടിവരും. തമിഴ്നാട്ടിലും കര്‍ണാടകത്തിലും വിലയുള്ളപ്പോള്‍ കേരളവിപണിയില്‍ മാത്രം വില കുറയുന്നതിന്‍െറ കാരണം സംസ്ഥാനത്തെ കയറ്റുമതിക്കാരും ഉത്തരേന്ത്യയിലെ വന്‍കിട കച്ചവടക്കാരും തമ്മിലുള്ള ഒത്തുകളികൊണ്ടാണെന്ന് അഭിപ്രായമുണ്ട്.

ഉല്‍പാദനത്തില്‍ കുറവുണ്ടെങ്കിലും ഗുണനിലവാരത്തിന്‍െറ കാര്യത്തില്‍ കേരളത്തിലെ തേങ്ങയാണ് സൂപ്പര്‍. എന്നാല്‍, ചില കളികളിലൂടെ വിലവര്‍ധിപ്പിച്ച് നിലവാരം സൃഷ്ടിക്കുകയാണെന്നാണ് ആക്ഷേപം. 24,000 രൂപവരെയുണ്ടായിരുന്ന കൊപ്ര രാജാപുറിന് 7500 രൂപയാണിപ്പോള്‍ വില. 35 രൂപയുണ്ടായിരുന്ന പച്ചത്തേങ്ങക്കിപ്പോള്‍ എട്ടു രൂപമാത്രമാണുള്ളത്. ഇതോടെ ഉത്തരേന്ത്യന്‍ വിപണിയില്‍ കേരള വെളിച്ചെണ്ണക്കും മില്‍കൊപ്രക്കും ആവശ്യക്കാരുടെ എണ്ണം കുറഞ്ഞു. കയറ്റിയയക്കുന്ന ഭക്ഷണാവശ്യത്തിനുപയോഗിക്കുന്ന തേങ്ങക്കും വിപണിയില്ലാതായി. പതിനഞ്ചുവര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇത്തരം തേങ്ങക്ക് അന്യസംസ്ഥാന വിപണിയില്‍ ഇടമില്ലാതാകുന്നത്. കേരളത്തില്‍ രണ്ട് സ്വകാര്യ കമ്പനികളും സര്‍ക്കാറിന്‍െറ കേരഫെഡുമാണ് തേങ്ങ പ്രാദേശികമായി വാങ്ങിക്കൂട്ടിയിരുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ കേരളത്തിലെ കര്‍ഷകരില്‍നിന്നും തേങ്ങ വാങ്ങുന്നത് വളരെ കുറച്ചിരിക്കയാണ്. ഇവരും വെളിച്ചെണ്ണക്കും മറ്റുമായി ഇതരസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നതെന്ന് ആക്ഷേപമുണ്ട്.

 ഇതിനുപുറമെ കേരളത്തിലെ വെളിച്ചെണ്ണയില്‍ മായംചേര്‍ന്നതായുള്ള കണ്ടത്തെലും തിരിച്ചടിയായി. കേരളത്തിലെ നാളികേര ഉല്‍പാദനത്തിന്‍െറ 75 ശതമാനവും എണ്ണ ഉല്‍പാദിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. നീരക്കും മറ്റു അസംസ്കൃത വസ്തുക്കളുടെ ഉല്‍പാദനത്തിനും അനുമതി നല്‍കിയ പുതിയ സാഹചര്യത്തില്‍ തേങ്ങയുടെ വില വര്‍ധിക്കേണ്ടതാണ്. ഇത്തരം ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടത്തൊന്‍ കഴിയുന്നില്ല. കേരഫെഡ് നിശ്ചിത വിലവെച്ച് വാങ്ങാന്‍ തയാറായാല്‍ മറ്റു സ്വകാര്യകമ്പനികള്‍കൂടി വില വര്‍ധിപ്പിക്കേണ്ടിവരുമെന്നും അല്ലാത്തപക്ഷം കുത്തകകള്‍ സൃഷ്ടിക്കുന്ന കൃത്രിമ വിലയിടിവിനുള്‍പ്പെടെ വിപണിയിരയാവുമെന്നും പറയുന്നു.

രാജാപുര്‍ കൊപ്രയും വടകരയും

തേങ്ങയുടെ വിലയിടിവ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നാളികേര കര്‍ഷകരുള്ള കോഴിക്കോടിനെയാണ് ബാധിക്കുന്നത്. ഈ മേഖലയെ ആശ്രയിച്ച് ഏഴു ലക്ഷത്തോളം കര്‍ഷകര്‍ ഇവിടെയുണ്ടെന്നാണ് കണക്ക്. ജില്ലയില്‍ വലുതും ഗുണമേന്മയുള്ള തേങ്ങ ലഭിക്കുന്നതാകട്ടെ കുറ്റ്യാടിയിലാണ്. കൊപ്ര രാജാപുറിന് രാജ്യത്തെ തന്നെ പ്രധാന കേന്ദ്രം വടകരയാണ്. ഉണ്ടകൊപ്ര മുറിച്ച് തരംതിരിച്ച് വീണ്ടും ഉണക്കി സംസ്കരിച്ചാണ് രാജാപുര്‍ കൊപ്രയാക്കുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കാണിത് പ്രധാനമായും കയറ്റി അയക്കുന്നത്. നേരത്തേ അയ്യായിരത്തിലേറെ ചാക്ക് രാജാപുര്‍ വടകരയില്‍നിന്ന് കയറ്റി അയച്ചിരുന്നു. ഇപ്പോള്‍ പ്രതിദിനം ആയിരം ചാക്കുപോലുമില്ളെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

വടകരയുടെ രാജാപുര്‍ പെരുമ കവരാന്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും രാജാപുര്‍ കൊപ്ര വിപണിയിലത്തെുകയാണിപ്പോള്‍. നാളികേര വികസനബോര്‍ഡിന്‍െറ കണക്കുപ്രകാരം കോഴിക്കോട് ജില്ലയില്‍ 1,23,066 ഹെക്ടര്‍ സ്ഥലത്താണ് കൃഷിയുള്ളത്. ഉല്‍പാദനമാകട്ടെ വര്‍ഷത്തില്‍ 10010 ലക്ഷം തേങ്ങയുമാണ്. ഇതിനുപുറമെ പലവിധ രോഗങ്ങളും വരള്‍ച്ചയും തെങ്ങിനെ ബാധിക്കുകയാണ്. ഇക്കഴിഞ്ഞ മാര്‍ച്ച്, ഏപ്രില്‍, മാസങ്ങളില്‍ മാത്രം ജില്ലയിലെ കിഴക്കന്‍ മലയോരമേഖലയില്‍ വരള്‍ച്ച മൂലം നൂറുകണക്കിന് തെങ്ങുകളാണ് ഉണങ്ങി നശിച്ചത്.
(തുടരും)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.