അഞ്ച് സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ അംഗീകാരം നഷ്ടമായി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മെഡിക്കല്‍ പ്രവേശത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുമതി നിഷേധിച്ചതോടെ ഇത്തവണ 700 എം.ബി.ബി.എസ് സീറ്റുകള്‍ നഷ്ടപ്പെടും. ഇതില്‍ പകുതി  മെറിറ്റ് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അലോട്ട്മെന്‍റ് നടത്തേണ്ട സീറ്റുകളാണ്. മതിയായ സൗകര്യങ്ങളില്ലാത്തതിനാല്‍ അനുമതി നല്‍കാനാവില്ളെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ശിപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണ് സീറ്റ് നഷ്ടമായത്.  
വയനാട് ഡി.എം, തൊടുപുഴ അല്‍അസ്ഹര്‍, ഒറ്റപ്പാലം പി.കെ. ദാസ്, പത്തനംതിട്ട മൗണ്ട് സിയോണ്‍, കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ പുതിയ ബാച്ചിലേക്കുള്ള പ്രവേശമാണ് തടഞ്ഞത്. കഴിഞ്ഞ വര്‍ഷവും ഈ കോളജുകളില്‍ പ്രവേശത്തിന് മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് ഹൈകോടതി വിധി സമ്പാദിച്ചാണ് അഞ്ച് കോളജുകളും വിദ്യാര്‍ഥി പ്രവേശം നടത്തിയത്.
അതേസമയം, തിരുവല്ല കുറ്റപ്പുഴ ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജില്‍ 100 സീറ്റിന് ഇക്കുറി അനുമതി ലഭിച്ചിട്ടുണ്ട്.
വയനാട് ഡി.എം മെഡിക്കല്‍ കോളജിന്‍െറ നാലാം ബാച്ചിനാണ് അനുമതി നഷ്ടമായത്. 150 സീറ്റുകളാണ് ഇവിടെ ഉണ്ടായിരുന്നത്. തൊടുപുഴ അല്‍അസ്ഹര്‍ മെഡിക്കല്‍ കോളജില്‍ 150 സീറ്റുകളിലേക്കുള്ള മൂന്നാം ബാച്ച് പ്രവേശമാണ് ആരോഗ്യ മന്ത്രാലയം തടഞ്ഞത്. ഒറ്റപ്പാലം പി.കെ. ദാസ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 150 സീറ്റുകളിലേക്കുള്ള നാലാം ബാച്ചിനും അനുമതി ലഭിച്ചില്ല. പത്തനംതിട്ട ഏഴംകുളത്ത് മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജില്‍ മൂന്നാം ബാച്ചിലേക്കുള്ള 100 സീറ്റിന്‍െറ അനുമതിയും നഷ്ടമായി. മലബാര്‍ മെഡിക്കല്‍ കോളജിന്‍െറ പുതിയ ബാച്ചിലേക്കുള്ള പ്രവേശത്തിനും വിലക്കുണ്ട്. 150 സീറ്റുകളിലേക്കാണ് അവര്‍ അപേക്ഷ നല്‍കിയിരുന്നത്.
ഇതോടൊപ്പം വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കല്‍ കോളജിന്‍െറ സീറ്റ് 50ല്‍നിന്ന് 150 ആയി ഉയര്‍ത്താനുള്ള അപേക്ഷ കൗണ്‍സില്‍ നിരസിച്ചു. 100ല്‍നിന്ന് 150 ആയി സീറ്റ് ഉയര്‍ത്താന്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജ്, കോഴിക്കോട് കെ.എം.സി.ടി മെഡിക്കല്‍ കോളജ് എന്നിവര്‍ നല്‍കിയിരുന്ന അപേക്ഷയും തള്ളി. സ്വകാര്യ മേഖലയില്‍ പുതുതായി തുടങ്ങാന്‍ മെഡിക്കല്‍ കൗണ്‍സിലിനെ സമീപിച്ചിരുന്ന രണ്ട് കോളജുകളുടെ അപേക്ഷയും നിരസിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.