കിണറ്റില്‍ വീണ ഒന്നരവയസ്സുകാരിയെ ജീവിതത്തിലേക്ക് തിരിച്ചുവിളിച്ച് മാതാവ്

മൂവാറ്റുപുഴ: കുഞ്ഞു ശ്രദ്ധയെ ജീവിതത്തിലേക്ക് തിരിച്ചുവിളിച്ച് മാതാവ്. പിച്ചവെച്ച് നടന്നുതുടങ്ങിയ ഒന്നര വയസ്സുകാരി കിണറ്റില്‍ വീഴുന്നതുകണ്ട് മറ്റൊന്നും ആലോചിക്കാതെ കൂടെ ചാടിയാണ് മാതാവ് മഞ്ജു മകളെ ജീവിതത്തിലേക്ക് തിരിച്ചുനടത്തിയത്. മൂവാറ്റുപുഴ പായിപ്ര സൊസൈറ്റിപ്പടിയില്‍ ബുധനാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം.

സൊസൈറ്റിപ്പടി തെക്കേക്കരയില്‍ സാബുവിന്‍െറയും മഞ്ജുവിന്‍െറയും മകളായ ശ്രദ്ധ എന്ന പ്രിസ വീടിന്‍െറ വരാന്തയോടുചേര്‍ന്ന കിണറ്റിലേക്ക് വീഴുകയായിരുന്നു. വരാന്തയിലൂടെ പിച്ചവെച്ച കുഞ്ഞ് പെട്ടെന്ന് കിണറ്റില്‍ വീഴുന്നതു കണ്ട മാതാവ് പിറകെ ചാടുകയായിരുന്നു. മുപ്പതടിയിലധികം താഴ്ചയുള്ള കിണറ്റില്‍ നിറയെ വെള്ളവും ഉണ്ട്. മുങ്ങിത്താഴ്ന്ന കുഞ്ഞിനെ പെട്ടെന്ന് പൊക്കിയെടുത്ത് തോളിലിട്ട മഞ്ജു കിണറ്റിലെ റിങ്ങില്‍ പിടിച്ചുനിന്നു. ഇതിനിടെ ബഹളം കേട്ടത്തെിയ നാട്ടുകാര്‍ ഇട്ടുകൊടുത്ത കയറില്‍ ഒരു കൈ തൂങ്ങിനിന്ന മാതാവിനെയും കുഞ്ഞിനെയും അയല്‍വാസികള്‍ കയറില്‍ കോണി കെട്ടിയിറക്കി കരക്കത്തെിക്കുകയായിരുന്നു.

വിവരമറിഞ്ഞത്തെിയ ഫയര്‍ഫോഴ്സ് സംഘം ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസമയം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മറ്റു രണ്ടുമക്കള്‍ ഒച്ചവെച്ചതോടെയാണ് സംഭവം നാട്ടുകാരറിഞ്ഞത്. കുഞ്ഞ് കിണറ്റിലേക്ക് വീഴുന്നതുകണ്ട് ഒരു നിമിഷം സ്തംഭിച്ചെങ്കിലും മറ്റൊന്നും നോക്കാതെ എടുത്തു ചാടുകയായിരുന്നുവെന്ന് മഞ്ജു പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.