കറപ്പത്തോട്ടം കൈമാറ്റം: കാന്തപുരത്തെ ഒഴിവാക്കിയതിനെതിരെ കോടതിയെ സമീപിക്കും

തലശ്ശേരി: തോട്ടമാണെന്ന് മറച്ചുവെച്ച് അഞ്ചരക്കണ്ടി കറപ്പത്തോട്ടം കൈമാറ്റം നടത്തിയ കേസില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെ ഒഴിവാക്കിയ വിജിലന്‍സ് നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരന്‍ എ.കെ. ഷാജി പറഞ്ഞു. കാന്തപുരത്തെ കൂടി ഉള്‍പ്പെടുത്തിയാണ് പരാതി നല്‍കിയിരുന്നതെന്നും അദ്ദേഹത്തെ ഒഴിവാക്കിയതിനെതിരെ അഭിഭാഷകനുമായി ആലോചിച്ച് നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. കേസ് ജൂണ്‍ 25ന് തലശ്ശേരി വിജിലന്‍സ് ജഡ്ജി വി. ജയറാം പരിഗണിക്കും. 2015 നവംബര്‍ ആറിനാണ് ഷാജി വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്.

 കറപ്പത്തോട്ടം കൈമാറ്റത്തില്‍ വന്‍ ക്രമക്കേട് നടന്നതായി കാണിച്ച് കഴിഞ്ഞ ദിവസമാണ് വിജിലന്‍സ്, തലശ്ശേരി വിജിലന്‍സ് കോടതിയില്‍ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്. കേസില്‍ ഒമ്പത് പേരെയാണ് വിജിലന്‍സ് പ്രതിചേര്‍ത്തിട്ടുള്ളത്. നിയമപ്രകാരം മിച്ചഭൂമിയാകേണ്ട കറപ്പത്തോട്ടം തോട്ടമല്ളെന്ന് കാണിച്ച് സ്വകാര്യ വ്യക്തികള്‍ ഏറ്റെടുത്തതായാണ് വിജിലന്‍സ് കണ്ടത്തെിയിട്ടുള്ളത്. അഞ്ചരക്കണ്ടി കറപ്പത്തോട്ട ഇടപാടില്‍ കൃത്രിമം നടത്തിയെന്ന പരാതിയില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ തലശ്ശേരി വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് സി.ഐ എ.പി. ചന്ദ്രന്‍ അന്വേഷണം നടത്തി ആദ്യഘട്ടമെന്ന നിലയില്‍ ഒമ്പതുപേരെ പ്രതിചേര്‍ത്തത്.

മുക്ത്യാര്‍ അധികാരത്തിലൂടെ ഭൂമി മുറിച്ചുവിറ്റ കണ്ണൂര്‍ പഴയങ്ങാടി സ്വദേശി അബ്ദുല്‍ ജബ്ബാര്‍, വില്‍പനക്കും വ്യാജരേഖയുണ്ടാക്കാനും ഒത്താശചെയ്ത അഞ്ചരക്കണ്ടി സബ് രജിസ്ട്രാര്‍ ഓഫിസര്‍മാരായിരുന്ന കെ.വി. പ്രഭാകരന്‍, കെ. ബാലന്‍, സ്പെഷന്‍ വില്ളേജ് ഓഫിസറായിരുന്ന എ.പി.എം. ഫല്‍ഗുനന്‍, അഞ്ചരക്കണ്ടി വില്ളേജ് ഓഫിസറായിരുന്ന ടി. ഭാസ്കരന്‍, കണ്ണൂര്‍ കലക്ടറേറ്റിലെ ജൂനിയര്‍ സൂപ്രണ്ട് സി.ടി. സരള,  അഡ്വ. നിസാര്‍ അഹമ്മദ്, മിച്ചഭൂമിയായിട്ടും സര്‍ക്കാറിലേക്കു കണ്ടുകെട്ടുന്നതില്‍ വീഴ്ച വരുത്തിയ കണ്ണൂര്‍, തലശ്ശേരി ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്മാര്‍ എന്നിവരാണ് പ്രതികള്‍.

ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, അഴിമതി, വഞ്ചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ വിജിലന്‍സ് ചുമത്തിയത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കറപ്പത്തോട്ടമാണ് വെട്ടിനശിപ്പിച്ചതെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. കോടതി നിര്‍ദേശപ്രകാരമാണ് വിജിലന്‍സ് ത്വരിതാന്വേഷണം നടത്തിയത്. എസ്റ്റേറ്റ് ഭൂമി ഗാര്‍ഡന്‍ എന്നാക്കി വില്‍പന നടത്തുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.