വിദഗ്ധ സമിതി തലവൻ ജോൺ മത്തായി, ദുരന്തഭൂമി

‘വയനാട്ടിലെ ഉരുൾപൊട്ടലിന് കാരണം ഡാമിങ് പ്രതിഭാസം; പുഞ്ചിരിമട്ടം വാസയോഗ്യമല്ലാതായി’

കൽപറ്റ: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടലിനു കാരണമായത് ഡാമിങ് പ്രതിഭാസമെന്ന് മേഖലയിൽ പരിശോധന നടത്തിയ വിദഗ്ധ സമിതി തലവനും ഭൗമശാസ്ത്രജ്ഞനുമായ ജോൺ മത്തായി. ഉരുൾപൊട്ടി സീതമ്മക്കുണ്ടിൽ തടയണക്ക് സമാനമായ നിർമിതി രൂപപ്പെടുകയും മഴ ശക്തമായ വേളയിൽ ഇത് തകരുകയും പിന്നീടുണ്ടായ ഉരുൾപൊട്ടലിൽ എട്ട് കിലോമീറ്റർ ദൂരത്തിൽ ദുരന്തമുണ്ടാകാൻ കാരണമായെന്നും ജോൺ മത്തായി പറഞ്ഞു. പുഞ്ചിരിമട്ടം ഇനി വാസയോഗ്യമല്ല. എന്നാൽ ചൂരൽമലയിലെ ഭൂരിഭാഗം പ്രദേശങ്ങളും വാസയോഗ്യമാണ്. എന്നാൽ താമസം അനുവദിക്കണോ എന്ന കാര്യത്തിൽ സർക്കാറാണ് തീരുമാനം കൈക്കൊള്ളേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

“പുഞ്ചിരിമട്ടത്തെ പുഴയോട് ചേർന്ന ഭാഗങ്ങൾ ആപൽക്കരമാണ്. വീടുണ്ടെങ്കിൽ പോലും ദീർഘകാലാടിസ്ഥാനത്തിൽ അവിടെ തുടരാത്തതാവും നല്ലത്. ചൂരൽമലയിലെ ചിലയിടങ്ങൾ മാത്രമേ സുരക്ഷിതമല്ലാതുള്ളൂ. അവിടെ താമസം വേണോ എന്നത് നയപരമായ തീരുമാനമാണ്. സുരക്ഷിതവും അല്ലാത്തതുമായ സ്ഥലങ്ങൾ ഞങ്ങൾ അടയാളപ്പെടുത്തി നൽകും. എന്ത് മുൻകരുതൽ സ്വീകരിക്കണമെന്നും പറയും. അപകടം മറികടക്കാനുള്ള ആധുനിക സംവിധാനങ്ങളുണ്ട്. അതനുസരിച്ച് ചിലപ്പോൾ ചെലവേറിയ നിർമാണം വേണ്ടിവന്നേക്കാം. വേണോ വേണ്ടയോ എന്ന കാര്യം സർക്കാർ തീരുമാനിക്കണം” -ജോൺ മത്തായി പറഞ്ഞു.

ദേശീയ ഭൗമശാസ്ത്ര കേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞനാണ് ജോൺ മത്തായി. അഞ്ചംഗ വിദഗ്ധ സംഘം കഴിഞ്ഞ മൂന്ന് ദിവസമായി മുണ്ടക്കൈയിലും ചൂരൽ മലയിലും ഉരുൾപൊട്ടലിന്‍റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്തും പരിശോധന നടത്തി. വെള്ളരിമലയുടെ ഒരുഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ ഒഴുകിവന്ന കല്ലും മണ്ണും വെള്ളവും മറ്റ് അവശിഷ്ടങ്ങളുമാണ് വീതികുറഞ്ഞ സീതമ്മക്കുണ്ടിൽ താൽക്കാലിക തടയണ പോലെ രൂപപ്പെട്ടത്. ഇത് തകർന്നതോടെ ആ പ്രദേശത്തെ മരങ്ങളുൾപ്പെടെ താഴേക്ക് വന്നത് നാശനഷ്ടത്തിന്‍റെ വ്യാപ്തി വർധിപ്പിച്ചെന്നാണ് സമിതിയുടെ കണ്ടെത്തൽ.

ഹൈസ്കൂൾ ഭാഗത്തുവച്ച് പുഴ ഗതിമാറി ജനവാസ മേഖലയിലേക്ക് പ്രവേശിക്കുകയായിരുന്നു. പ്രദേശത്തെ വീടുകളും കെട്ടിടങ്ങളും പൂർണമായും തകർന്നു. മേഖലയിൽ രണ്ട് ദിവസത്തിനിടെ 570 മില്ലിമീറ്റർ മഴയുണ്ടായെന്നും വിദഗ്ധ സമിതി പറയുന്നു. വിശദമായ റിപ്പോർട്ട് പത്ത് ദിവസത്തിനകം സർക്കാറിന് സമർപ്പിക്കും. 

Tags:    
News Summary - Damming Effect Was the Reason for Wayanad Landslide, Says Expert Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.