ആര്‍ത്തിയെ നിയന്ത്രിക്കാനുള്ള പരിശീലനം

ഹകീം ബിന്‍ ഹുസാം മുഹമ്മദ് നബിയോട് കുറച്ച് പണം ആവശ്യപ്പെട്ടു. നബി അത് നല്‍കി. അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടു. പ്രവാചകന്‍ അപ്പോഴും നല്‍കി. വീണ്ടും ചോദിച്ചു. പിന്നെയും നബി  നല്‍കി. തുടര്‍ന്ന് പ്രവാചകന്‍ പറഞ്ഞു: ‘ഹകീം, ഈ ധനം പച്ചയും മധുരമേറിയതുമാണ്. ആരെങ്കിലും ഉദാരമായി അത് സ്വീകരിച്ചാല്‍ അല്ലാഹു അതില്‍ കൂടുതല്‍ അനുഗ്രഹങ്ങള്‍ നിറക്കും. സ്വാര്‍ഥതയോടെയാണ് സ്വീകരിക്കുന്നതെങ്കില്‍ ഒരു അനുഗ്രഹവും ലഭിക്കില്ല.  ഭക്ഷണം എത്ര കഴിച്ചിട്ടും വയറ് നിറയാത്ത പോലെയാകും അയാള്‍’ (ബുഖാരി).

വയറ് നിറയാത്ത മനുഷ്യനെന്നാല്‍ അത്യാഗ്രഹങ്ങള്‍ ഒരു നിലക്കും സാക്ഷാത്കരിക്കാത്തയാളാണ്. അധികാരം, പണം, ഇവയോടുള്ള ആഗ്രഹം ഒരു പരിധിവരെ മനുഷ്യനില്‍ ജന്മസിദ്ധമാണ്. പക്ഷേ, പരിധിവിട്ടാല്‍ അത് ആര്‍ത്തിയുടെ ഗണത്തിലാണ് പെടുക. ആര്‍ത്തി പൂണ്ട മനുഷ്യനെ അറബി കവി വിശേഷിപ്പിച്ചത് മത്സ്യത്തോടാണ്. മത്സ്യത്തിന് ദാഹം തീര്‍ക്കാനുള്ള ജലം സമുദ്രത്തിന്‍െറ മേല്‍ത്തട്ടില്‍ നിന്നുതന്നെ ലഭിക്കും. എന്നിട്ടും വെള്ളം തേടി മീന്‍ സമുദ്രത്തിന്‍െറ ആഴങ്ങളിലേക്ക് ഊളിയിട്ട് പോവുകയാണ്. ഇതുപോലെയാണ് മനുഷ്യരും. മരണം വരെ ജീവിക്കാനാവശ്യമായ ധനം പലരുടെയും പക്കലുണ്ട്. എന്നിട്ടും പണത്തിനു വേണ്ടി അഴിമതിയും കവര്‍ച്ചയും നടത്തുകയാണ് അവര്‍.

അതിമോഹം നാശത്തിലേക്കാണ് മനുഷ്യനെ കൊണ്ടത്തെിക്കുക. അബൂലഹബ് അറേബ്യയിലെ വലിയൊരു സമ്പന്നനായിരുന്നു. എന്നിട്ടും അബൂലഹബിനെതിരെ ഒരു കേസുണ്ടായിരുന്നു. കഅ്ബാലയത്തിന്‍െറ ഭണ്ഡാരം കുത്തിത്തുറന്ന കേസ്. അല്ലാഹു വ്യക്തമാക്കിയത് പോലെ അബൂലഹബിന് സമ്പാദ്യവും സ്വത്തും ഉപകരിച്ചില്ല. അത്യന്തം ഗുരുതരമായ, ജനങ്ങള്‍ക്കെല്ലാം അറപ്പ് തോന്നുന്ന രോഗം ബാധിച്ചാണ് അയാള്‍ മരിച്ചത്. ശവശരീരം മാന്യമായി സംസ്കരിക്കാന്‍ പോലും ഭാര്യയോ മക്കളോ വന്നില്ല. ഇത്യോപ്യക്കാരായ ഏതാനും തൊഴിലാളികള്‍ ചത്ത പൂച്ചയെ കുഴിച്ചിടുന്നത് പോലെയാണ് അബൂലഹബിന്‍െറ മൃതദേഹം സംസ്കരിച്ചത്. പൊതുസ്വത്ത് അന്യായമായി അപഹരിക്കുന്ന എല്ലാ ആര്‍ത്തിപ്പണ്ടാരങ്ങള്‍ക്കുമുള്ള ഒരു മുന്നറിയിപ്പാണ് അബൂലഹബിന്‍െറ അന്ത്യം.

ലോകം കൈപ്പിടിയിലൊതുക്കുകയായിരുന്നു അലക്സാണ്ടറുടെ ലക്ഷ്യം. പടയോട്ടത്തില്‍ ഒരുപാട് മുന്നോട്ടുപോയി. ഭൂമിയില്‍ ചോരപ്പുഴയൊഴുക്കി. പക്ഷേ, ഒരു രാജ്യം കീഴടക്കാന്‍ കഴിയാത്തതിലുള്ള നിരാശ അദ്ദേഹത്തെ രോഗിയാക്കി. ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ കഴിയാത്ത ഒരു രോഗമാണ് ബാധിച്ചതെന്ന് മനസ്സിലാക്കിയ അലക്സാണ്ടര്‍ പ്രജകളോട് പറഞ്ഞു: ‘നിങ്ങള്‍ എന്‍െറ മൃതദേഹം സംസ്കരിക്കാന്‍ കൊണ്ടുപോകുമ്പോള്‍ ഇരുകരങ്ങളും  ഇടത്തോട്ടും വലത്തോട്ടുമായി തുറന്നിടണം. അലക്സാണ്ടര്‍ ചക്രവര്‍ത്തി ലോകത്തുനിന്ന് ഒന്നും കൊണ്ടുപോയിട്ടില്ളെന്ന് ജനങ്ങള്‍ മനസ്സിലാക്കട്ടെ’. ഭക്ഷണം നിയന്ത്രിച്ച് അതിമോഹവും ആര്‍ത്തിയും നിയന്ത്രിക്കാനുള്ള പരിശീലനമാണ് നോമ്പ്.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.