തലശ്ശേരി/കണ്ണൂര്‍: പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച ദലിത് യുവതികളായ അഖില, അഞ്ജന എന്നിവര്‍ക്ക് തലശ്ശേരി ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചു. ഇരുവരും ഇന്നലെ വൈകീട്ട് 5.30ഓടെ കണ്ണൂര്‍ വനിതാ ജയിലില്‍നിന്ന് മോചിതരായി. തലശ്ശേരി ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയില്‍നിന്നുള്ള ജാമ്യ ഉത്തരവിന്‍െറ പകര്‍പ്പത്തെി ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇവര്‍ പുറത്തിറങ്ങുകയായിരുന്നു.
ഒന്നരവയസ്സുള്ള മകളുമായി ജയിലില്‍ കഴിഞ്ഞ സംഭവങ്ങള്‍ വിവരിക്കുമ്പോള്‍ അഖില വിതുമ്പി. എന്ത് തെറ്റുചെയ്തിട്ടാണ് തങ്ങള്‍ ജയിലിലടക്കപ്പെട്ടതെന്ന് അഖില ചോദിച്ചു. പാര്‍ട്ടി ഓഫിസില്‍ കയറിയിരുന്നു. എന്നാല്‍, ആരെയും അടിച്ചിട്ടില്ല. അച്ഛനെ നിരന്തരം അപമാനിക്കുമ്പോള്‍ സഹിക്കാനാവാതെ ചോദിക്കുകമാത്രമാണ് ചെയ്തത്. കോണ്‍ഗ്രസുകാരായതിനാലാണ് തങ്ങളെ ഉപദ്രവിക്കുന്നത്. ഈ ജാതികളെയൊന്നും ഇവിടെ നിര്‍ത്തരുതെന്നാണ് പറഞ്ഞത്. ഇക്കാര്യങ്ങള്‍ കാണിച്ച് തങ്ങള്‍ പരാതി നല്‍കിയിരുന്നു.
പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഏറെ കഴിഞ്ഞപ്പോഴാണ് ജാമ്യം ലഭിക്കില്ളെന്നറിഞ്ഞതെന്നും പൊലീസുകാര്‍ ക്രിമിനലുകളോടെന്നപോലെ പെരുമാറിയെന്നും അഖില പറഞ്ഞു. ഇവരുടെ പിതാവും ഐ.എന്‍.ടി.യു.സി നേതാവും കോണ്‍ഗ്രസ് ബ്ളോക് സെക്രട്ടറിയുമായ രാജനും ജയിലിലത്തെിയിരുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് തുടങ്ങിയ നേതാക്കള്‍ ജയിലില്‍ സന്ദര്‍ശിക്കാനത്തെി. പാസ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാക്കാനാവശ്യപ്പെട്ടും എല്ലാ ശനിയാഴ്ചയും ഹാജരാകണമെന്ന ഉപാധിയോടെയും രണ്ടാള്‍ ജാമ്യവ്യവസ്ഥയിലുമാണ് ജാമ്യം അനുവദിച്ചത്.
സംഭവത്തില്‍ പട്ടികജാതി -ഗോത്രകമീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. മാധ്യമവാര്‍ത്തയെ തുടര്‍ന്നാണ് കമീഷന്‍ സ്വമേധയാ സംഭവത്തില്‍ ഇടപെട്ടത്. പട്ടികജാതി-വര്‍ഗ പീഡനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കും. ജില്ലാ പൊലീസ് മേധാവിയോടും പട്ടിജാതി വികസന വകുപ്പ് ജില്ലാ ഓഫിസറോടുമാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. ഇത് ലഭിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് കമീഷന്‍ ചെയര്‍മാന്‍ പി.എന്‍. വിജയകുമാര്‍ അറിയിച്ചു.
സി.പി.എമ്മിന്‍േറത് ഭീകരസംഘടനകള്‍ക്ക് സദൃശ്യമായ നടപടികള്‍ –സുധീരന്‍
തിരുവനന്തപുരം: രാഷ്ട്രീയ പ്രസ്ഥാനം എന്നതിലുപരി ഭീകരസംഘടനകള്‍ക്ക് സദൃശ്യമായ നടപടികളാണ് കണ്ണൂരില്‍ സി.പി.എം നടത്തുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. അക്രമസംഭവങ്ങളില്‍ ഇരട്ടനീതിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
പാര്‍ട്ടി പ്രവര്‍ത്തകര്‍ അധികാരകേന്ദ്രങ്ങളാകരുതെന്നും വിനയത്തോടെ പെരുമാറണമെന്നും പുറമെ നിര്‍ദേശിക്കുന്ന സി.പി.എം നേതൃത്വം, നിയമം കൈയിലെടുക്കാനും അധികാര ദുര്‍വിനിയോഗത്തിനും അവസരമൊരുക്കുകയാണ്. തലശ്ശേരിയില്‍ പിഞ്ചുകുഞ്ഞിനൊപ്പം രണ്ട് ദലിത് യുവതികളെ ജയിലിലടച്ച പൊലീസ് നടപടിക്ക് പിന്നില്‍ സി.പി.എമ്മാണ്. ഭരണം പാര്‍ട്ടി ഘടകങ്ങളെ ഏല്‍പിക്കാന്‍ ശ്രമിക്കുന്നെന്ന് തോന്നിപ്പിക്കും വിധമാണ് സി.പി.എം നീങ്ങുന്നത്. തലശ്ശേരി, തിരുവനന്തപുരം സംഭവങ്ങളില്‍ ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണം.ദേശീയപാതവികസനത്തിന് ഭൂമി ഏറ്റെടുക്കുമ്പോള്‍ മെച്ചപ്പെട്ട പുനരധിവാസ പാക്കേജ് ഉറപ്പാക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
പൊലീസും കോടതിയും മനുഷ്യാവകാശ ലംഘനം നടത്തി-കെ. സുധാകരന്‍
കണ്ണൂര്‍: ദലിത് യുവതികളെ ജയിലിലടച്ച സംഭവത്തില്‍ പൊലീസിനും കോടതിയും മുനുഷ്യാവകാശ ലംഘനമാണ് നടത്തിയതെന്ന് കെ. സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുട്ടിമാക്കൂലിലെ സി.പി.എം ഓഫീസില്‍ കയറി അക്രമം നടത്തിയെന്ന കേസിലാണ് കൈകുഞ്ഞടക്കം രണ്ട് ദളിത് യുവതികളെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണിത്. ഇത് സി.പി.എമ്മിന്‍െറ പൊലീസ് നയമാണോ എന്ന് മുഖ്യമന്ത്രി പറയണം. മനുഷ്യത്വപരമായ യാതൊരു പരിഗണന പോലും നല്‍കാതെയാണ് ജാമ്യമില്ലാ വകുപ്പില്‍പ്പെടുത്തി പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. കോടതിയില്‍ കേസ് പരിഗണിച്ചപ്പോള്‍ യുവതികളുടെ ജാമ്യാപേക്ഷ പരിഗണിക്കാതെ കോടതി തിരികെ നല്‍കുകയായിരുന്നു. ജാമ്യാപേക്ഷ ലഭിച്ചാല്‍ സവീകരിച്ചുവെന്നോ, തിരസ്കരിച്ചുവെന്നോ
കോടതി പറയണം. ജുഡീഷ്യറിയുടെ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു സംഭവം ആദ്യമായിട്ടായിരിക്കും. ജഡ്ജി കൂത്തുപറമ്പുകാരനായതു കൊണ്ടാണിതെന്നും അദ്ദേഹം പറഞ്ഞു. ജഡ്ജി സി.പി.എമ്മിന് അനുകൂലമായ നിലപാട് എടുക്കുകയായിരുന്നോ എന്ന ചോദ്യത്തിന് കൂത്തുപറമ്പുകാരനാണെന്നാണ് പറഞ്ഞത് അത് എന്തുകൊണ്ടായിരിക്കുമെന്ന് നിങ്ങള്‍ ആലോചിച്ചാല്‍ മതിയെന്നും സുധാകരന്‍ പറഞ്ഞു. സി.പി.എം ആരും വിശ്വിസക്കാത്തെ കെട്ടുകഥയുണ്ടാക്കുകയായിരുന്നു. അതിനനുസരിച്ചാണ് പൊലീസ് നടപടി സ്വീകരിച്ചതെന്നും കെ. സുധാകരന്‍ പറഞ്ഞു. കെ.സി. ജോസഫ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
കോണ്‍ഗ്രസ് ജാതിരാഷ്ട്രീയം കളിക്കുന്നു –പി. ജയരാജന്‍
കണ്ണൂര്‍: കോണ്‍ഗ്രസ് ജാതിരാഷ്ട്രീയം കളിക്കുകയാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുട്ടിമാക്കൂലില്‍ അക്രമസംഭവത്തിലെ പ്രതികളെ ജാതിപറഞ്ഞ് രക്ഷപ്പെടുത്താനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഇത് അങ്ങേയറ്റം അപലപനീയമാണ്. സി.പി.എം ഓഫിസില്‍ കയറി അക്രമം നടത്തിയ പെണ്‍കുട്ടികളെ രാഷ്ട്രീയ നേട്ടത്തിനായി സി.പി.എമ്മിനെതിരെ കുപ്രചാരണങ്ങള്‍ നടത്തി വെള്ളപൂശുകയാണ് കോണ്‍ഗ്രസ്.
പെണ്‍കുട്ടികളുടെ പിതാവ് രാജനെതിരെ നിരവധി കേസുകളുണ്ട്. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ ചെള്ളക്കര ഭാഗത്ത് കോണ്‍ഗ്രസ് നേതാവ് കൂടിയായ രാജന്‍ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. ദേശീയ വനിതാ കമീഷന്‍ ആര്‍.എസ്.എസിന്‍െറ ചട്ടുകമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ജയരാജന്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.