കൊന്നു കെട്ടിത്തൂക്കുന്നത് ആത്മഹത്യയാവുന്നത്രേ -കെ.ജി.എസ്

കോഴിക്കോട്: വർത്തമാനാനുഭവങ്ങളുടെ ദുരന്തകാഴ്ചയുടെ വിചാരലോകമാണ് കെ.ജി. ശങ്കരപ്പിള്ളയുടെ 'കൂർമം' എന്ന കവിത തുറന്നുവെക്കുന്നത്. ടി.പി.ചന്ദ്രശേഖരന്‍റെ കൊലപാതകത്തില്‍ ' ഒറ്റവെട്ടിന്‌ കഴിയുമായിരുന്നല്ലോ, പിന്നെന്തിനായിരുന്നു ഇത്രയേറെ? എന്നായിരുന്നു കെ.ജി.എസ് ചോദിച്ചത്. കൂർമം എന്ന കവിതയിലാകട്ടെ വർത്തമാനകാല സംഭവത്തോടാണ് (നവീൻ ബാബുവിന്റെ ) സംവദിക്കുന്നത്. കൊന്നു കെട്ടിത്തൂക്കുന്നത് ആത്മഹത്യയാകുന്ന കാലമാണിതെന്ന് കവി ഓർമപ്പെടുത്തുകയാണ്. നേരു പറയുന്നതല്ല നേര് നടിക്കുന്നതാണ് ഇന്നത്തെ വിപ്ലവം എന്നാണ് കവിയുടെ ദർശനം. വിപ്ലവമെന്ന പദത്തിന് കാലാന്തരത്തിൽ അർഥാന്തരത്തിലേക്കാണ് കവിത സഞ്ചരിക്കുന്നത്.

കേരളപാണിനി എം.ആർ. രാജരാജവർമ്മ വ്യാഖ്യാനിച്ച നാമം, ക്രിയ വിശേഷണങ്ങളിൽ വാച്യവും വ്യംഗ്യവും ധ്വനി എന്ന ദർശനവും വിപ്ലവം പോലെ മാറി. അതാകട്ടെ അവൻ മറ്റവനാകുന്നതുപോലെ കാര്യങ്ങൾ മാറി. വാഗ്ദാനങ്ങൾ വഞ്ചനകളായി. പിക്കാസുകൊണ്ട് ഉയിർ വെട്ടിപ്പിളർക്കുന്നത് ജീവൻ രക്ഷാപ്രവർത്തനം എന്നായപ്പോൾ സിദ്ധാന്തം മാത്രമല്ല പ്രയോഗവും മാറി.

കാലാന്തരത്തിലുണ്ടായ അർഥാന്തരന്യാസത്തിലേക്കാണ് കവി സഞ്ചരിക്കുന്നത്. വിശക്കുന്ന മനുഷ്യാ, പുസ്തകം എടുക്കൂ സുഖമായി ഉറങ്ങാം എന്നാണ് പുതിയകാല മുദ്രാവാക്യം. കമ്മ്യൂണിസ്റ്റ് നേതാവ് ലെനിന്‍റെ വാക്കുകൾക്ക് അർഥാന്തരം സംഭവിച്ചു. ഇതൊരു പ്രതിവിപ്ലവ താരാട്ടായി കവിക്ക് അനുഭവപ്പെടുന്നു. എന്നാൽ, കവിക്ക് ആ താരാട്ടിൽ ഉറങ്ങാനാവുന്നില്ല.

പ്രതിവിപ്ലകാരികൾ കവിയോട് പറഞ്ഞത് നീ കണ്ണടച്ചാൽ മതിയെന്നാണ്. അപ്പോൾ കൊലത്തെളിവും കൊള്ളമുതലുമായി കണ്മുന്നിലൂടെ മാന്ത്രിക കുതിര പായും. അപ്പോൾ കവി കണ്ടില്ലെന്ന് നടിക്കണം. ഞെട്ടിക്കുന്ന കുതിരക്കുളമ്പടി കേട്ടാലും കേട്ടില്ലെന്ന് ഭാവിക്കണം. അതു മാത്രമല്ല കവി നീതി കുതിരയായിനിന്ന് കുരക്കരുതെന്നും അധികാരി താക്കീത് നൽകുന്നു.

കാണൽ ഉണരൽ ആണെന്നും ഉണരൽ നിലപാടാണെന്നും നിലപാട് പ്രവർത്തനമാണെന്നും ആരും ഇനി വാദിക്കരുതെന്നുമാണ് പുതിയ വിപ്ലവ വ്യാഖ്യാനം. സത്യം പറയുന്നത് വിപ്ലവകരമാണെന്ന് സ്വപ്നത്തിൽ പോലും പുലമ്പരുത്. ശബരിമലക്ക് പോകുന്നതുപോലെ കാലിക്ക് മുള്ളും മുള്ളുക്ക് കനലുമായ സഹന മലകയറി നേടിയ പദവിയിലാണ് ഇരിക്കുന്നതെന്ന ഓർമ വേണം. അതിനാൽ ചൂത് കളിക്കരുത്. നഷ്ടപ്പെടാൻ നമുക്ക് കൊടിമുടികൾ ഉണ്ടെന്ന് അറിയാമല്ലോയെന്നാണ് അധികാരി ഓർമിപ്പിക്കുന്നത്.

കവിതയുടെ സഞ്ചാരം പിന്നെ പൂർണമായും പുരാണത്തിലേക്കാണ്. ഹൈന്ദവ പുരാണപ്രകാരം മഹാവിഷ്ണുവിന്റെ രണ്ടാമത്തെ അവതാരമാണ് കൂർമം. ദുർവാസാവ് മഹർഷിയുടെ ശാപം നിമിത്തം ജരാനര ബാധിച്ചുപോയ ദേവന്മാർ, തങ്ങളുടെ ജരാനര പാലാഴി കടഞ്ഞെടുത്ത് അമൃതം ഭക്ഷിച്ചാൽ മാറുമെന്ന് മനസിലാക്കി. അതിൻപ്രകാരം ദേവാസുരന്മാർ പാലാഴി കടയാൻ തുടങ്ങി. മന്ഥരപർവതം കടകോലും വാസുകി എന്ന സർപ്പം കയറുമാക്കി പാലാഴി മഥനം ആരംഭിച്ചു. ഈ സമയം സമുദ്രത്തിലാണ്ടുപോയ മന്ഥരപർവതത്തെ പൂർവസ്ഥിതിയിൽ എത്തിക്കുന്നതിനാണ് വിഷ്ണു ആമയായി അവതാരമെടുത്ത്. തന്‍റെ പുറത്തുതാങ്ങി പർവതത്തെ മേല്പോട്ടുയർത്തിയ കഥയാണ് കവി അവതരിപ്പിക്കുന്നത്.

കൂർമാവതാര കാലം തന്ത്രപരമായി വിപ്ലവത്തിന്‍റെ മാഫിയ അപഹാര കാലമാണെന്ന് കവി തിരിച്ചറിയുന്നു. അതും കൂർമ മാസമാണ്. ആഴിയിലാണ്ട വേദങ്ങൾ വീണ്ടെടുക്കാൻ സ്റ്റാലിൻ തമ്പ്രാൻ കൂർമാവതാരം ആകുന്ന കാലമാണിത്. ചരിത്ര സാധനയെന്നാൽ കവിയുടെ അഭിപ്രായത്തിൽ കൂർമോപാസനയാണ്. ഉപാസനയിൽ കൈയും തലയും സ്വരവും വെളിച്ചവും ഇന്ദ്രിയങ്ങളും ആത്മവീര്യവും പുറത്തിടരുത്. വീടിന്‍റെ കതകെല്ലാം തുറന്നാലും അടഞ്ഞതായിരിക്കണം. മനസാകട്ടെ ഭേദിക്കാനാവാത്ത ഒരു ഗൂഢ കഠിന പേടകമാകണമെന്നാണ് കവിയുടെ ഉപദേശം.

പണ്ട് പണ്ട് പാറക്കെട്ടും പർവതവും കൂർമമായിരുന്നു എന്ന് കവി വിചാരിക്കുന്നു. ഗ്രഹണ നേരത്ത് വേണ്ടത് നേതൃനാമ ജപ ശരണമാണ്. ഈ കെടുകാലത്ത് വിമർശിക്കരുത്. ഉറുമ്പ് കടിയുടെ പാഠമെങ്കിലും പഠിക്കണം എന്ന് ഉപദേശിക്കുന്നു. നവീൻ ബാബുവിന്റെ മരണത്തെക്കുറിച്ചുള്ള പുതുരാഷ്ടീയ വായനയാണ് കെ.ജി.എസിന്റെ കവിത. 'കൂർമം' എഴുത്തിലെ കവി പ്രതിവിപ്ലവ പക്ഷത്തല്ല. പ്രതിവിപ്ലവത്തിന്റെ താരാട്ടിൽ ഉറക്കാനാവില്ലെന്ന പ്രഖ്യാപനമാണിത്. 

Tags:    
News Summary - Poet K. G. S. said that killing and hanging is suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.