ദലിത് യുവതികളുടെ അറസ്റ്റ്: വീഴ്ചയുണ്ടായിട്ടില്ലെന്ന് പൊലീസ് റിപ്പോർട്ട്

തലശേരി: തലശേരിയിൽ ദലിത് സഹോദരിമാരെ അറസ്‌റ്റു ചെയ്ത സംഭവത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് പൊലീസ്. അറസ്റ്റുമായി ബന്ധപ്പെട്ട് പൊലീസ് നടപടികളില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കാണിച്ച് കണ്ണൂർ എസ്.പി സഞ്ജയ് കുമാർ ഗുരുദിൻ ഡി.ജി.പിക്ക് റിപ്പോർട്ട് നൽകി.

നടപടിക്രമങ്ങൾ പാലിച്ചാണ് യുവതികളെ അറസ്റ്റ് ചെയ്തത്. ആശുപത്രിയില്‍ കഴിയുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും എസ്പി സഞ്ജയ് കുമാർ ഗുരുദിൻ പറഞ്ഞു.

സി.പി.എം പാർട്ടി ഓഫീസിൽ കയറി ആക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനാലാണ് യുവതികളെ അറസ്‌റ്റു ചെയ്‌തത്. ഇക്കാര്യത്തിൽ നിയമാനുസൃതമായാണ് പൊലീസ് പ്രവർത്തിച്ചത്. യുവതികളോട് യാതൊരു തരത്തിലും പൊലീസ് അപമര്യാദയായി പെരുമാറിയിട്ടില്ല. വനിതാ പൊലീസിന്‍റെ സാന്നിദ്ധ്യത്തിലായിരുന്നു യുവതികളെ കസ്‌റ്റഡിയിൽ എടുത്തത്. യുവതികളെ പിന്നീട് കോടതിയിൽ ഹാജരാക്കിയതായും റിപ്പോർട്ടിൽ എസ്‌.പി വ്യക്തമക്കി.

ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന് ആരോപിച്ച് ജാമ്യമില്ലാത്ത വകുപ്പുപ്രകാരമാണ് യുവതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. നിരന്തരമായി തങ്ങളെ ജാതിപ്പേരു വിളിച്ച് ആക്ഷേപിക്കുകയും പിതാവിനെ മർ‌ദിക്കുകയും ചെയ്യുന്നതിനെ കുറിച്ചു ചോദിക്കാനാണ് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എൻ.രാജന്‍റെ മക്കളായ അഖിലയും അഞ്ജനയും സി.പി.എം ഓഫിസിൽ ചെന്നത്. രണ്ടുപേരും ചേർന്നു സിപിഎം പ്രവർത്തകൻ ഷിജിലിനെ മർദിച്ചുവെന്നു കാണിച്ചാണു പൊലീസ് ഇവർക്കെതിരെ കേസ് എടുത്തത്. പിന്നീട് കേടതി ഇവർക്ക് ജാമ്യം അനുവദിച്ചു. എന്നാൽ പുറത്തെത്തിയ അഞ്ജന അമിതമായി ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.

അറസ്റ്റിനെ കുറിച്ചുളള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയും വിവാദമായി. സംഭവത്തെ കുറിച്ച് പൊലീസിനോട് ചോദിക്കണമെന്നാണ് പിണറായി പറഞ്ഞത്. ഇതിനെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. പൊലീസിനോട് ചോദിക്കാനാണെങ്കില്‍ എന്തിനാണൊരു മുഖ്യമന്ത്രിയെന്നും എന്തിനാണൊരു ആഭ്യന്തര മന്ത്രിയെന്നും കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരൻ ചോദിച്ചു. കണ്ണൂരില്‍ പൊലീസിനെ നിയന്ത്രിക്കുന്നത് സി.പി.എമ്മാണെന്ന് പ്രതിപക്ഷനേതാവ് രമേശ് െചന്നിത്തലയും ആരോപിച്ചു.

എന്നാൽ, ദലിത് യുവതികളുടെ അറസ്റ്റില്‍ ജാമ്യമെടുക്കാതെ പ്രശ്നം വഷളാക്കുകയായിരുന്നുവെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രതികരണം. പാരസെറ്റാമോള്‍ കഴിച്ചാല്‍ ആത്മഹത്യ ചെയ്യാന്‍ പറ്റുമോയെന്നാണ് പി. ജയരാജന്‍ പറഞ്ഞത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.