പ്ളസ് വണ്‍ അലോട്ട്മെന്‍റ് തുടങ്ങി; എസ്.എസ്.എല്‍.സി  പുനര്‍മൂല്യനിര്‍ണയ ഫലംവന്നില്ല

കക്കോടി(കോഴിക്കോട്): പ്ളസ് ടു പരീക്ഷയുടെ അലോട്ട്മെന്‍റ് തുടങ്ങിയിട്ടും എസ്.എസ്.എല്‍.സി പുനര്‍മൂല്യനിര്‍ണയ ഫലം പുറത്തുവന്നില്ല. മേയ് 31നകം എല്ലാ വിഷയങ്ങളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം വരുമെന്ന അറിയിപ്പുണ്ടായെങ്കിലും ഹിന്ദി പരീക്ഷയുടെ പുനര്‍ മൂല്യനിര്‍ണയത്തിന് അപേക്ഷിച്ചവര്‍ വെട്ടിലായിരിക്കുകയാണ്. നൂറുകണക്കിന് വിദ്യാര്‍ഥികളാണ് പുനര്‍ മൂല്യനിര്‍ണയത്തിന് അപേക്ഷിച്ച് കാത്തിരിക്കുന്നത്. 
ഫലം പുറത്തുവരാത്തതുമൂലം പല അവസരങ്ങളും വിദ്യാര്‍ഥികള്‍ക്ക് നഷ്ടമായിരിക്കുകയാണ്. എസ്.എസ്.എല്‍.സി പരീക്ഷാ ഫലം 27നാണ് പ്രസിദ്ധീകരിച്ചിരുന്നത്. ഏപ്രില്‍ 29 മുതല്‍ മേയ് നാലുവരെയായിരുന്നു പുനര്‍ മൂല്യനിര്‍ണയത്തിന് അപേക്ഷിക്കേണ്ടിയിരുന്നത്. 
ഹിന്ദിയുള്‍പ്പെടെയുള്ളവക്ക് അപേക്ഷിച്ചപ്പോള്‍ മറ്റ് വിഷയങ്ങളുടെ ഫലം ലഭിക്കുകയും ഹിന്ദിയുടേത് ആര്‍.എ.എല്‍ (റിസല്‍ട്ട് പിന്നീട് അറിയിക്കും) എന്നാണ് മാര്‍ക്ക് ലിസ്റ്റില്‍ ചേര്‍ത്തിരിക്കുന്നത്. ജൂണ്‍ ഒമ്പതിനാണ് മറ്റു വിഷയങ്ങളുടെ ഫലം വന്നത്.  ഇതു സംബന്ധിച്ച് പരീക്ഷാഭവനുമായി ബന്ധപ്പെട്ടപ്പോള്‍ അടുത്ത ആഴ്ച ഉണ്ടായേക്കാമെന്ന ഉറപ്പില്ലാത്ത ഉത്തരമാണ് ലഭിക്കുന്നത്. നിരവധി വിദ്യാര്‍ഥികളുടെ ഭാവി നിര്‍ണയിക്കുന്ന പരീക്ഷാ ഫലത്തെ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് തികഞ്ഞ അനാസ്ഥയാണുണ്ടായിരിക്കുന്നതെന്ന് രക്ഷിതാക്കള്‍ പരാതിപ്പെടുന്നു. ഹിന്ദിയില്‍ മാത്രം എ പ്ളസ് ലഭിക്കാതെ പോയവര്‍ സംസ്ഥാനതലത്തില്‍ തന്നെ നിരവധിയാണ്. ഇവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിലൂടെ എ പ്ളസ് ലഭിച്ചാലും പ്ളസ് വണ്‍ അഡ്മിഷനോ മറ്റ് സാമൂഹിക അംഗീകാരങ്ങള്‍ക്കോ അത് പ്രയോജനപ്പെടില്ല. 
പ്ളസ് വണ്‍ ഏക ജാലകത്തിനുള്ള അപേക്ഷ മേയ് 17 മുതല്‍ 31 വരെയായിരുന്നു സമയം നല്‍കിയത്. പിന്നീട് ജൂണ്‍ നാലുവരെ നീട്ടിയെങ്കിലും അതിനിടയില്‍ ഫലം പുറത്തുവിടാനും കഴിഞ്ഞില്ല. പുനര്‍മൂല്യനിര്‍ണയ പരീക്ഷാ ഫലം വന്ന് ഗ്രേഡ് മെച്ചപ്പെട്ടവര്‍ക്ക് മാര്‍ക്ക്ലിസ്റ്റ് തിരുത്തി ലഭിക്കാന്‍ സ്കൂളില്‍നിന്ന് അയച്ച് കാത്തിരിക്കണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.