തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിന്റെ ഭാഗമായി നൽകിയ വാർത്തകളുടെ പേരിൽ റിപ്പോർട്ടർ ടി.വി പ്രിൻസിപ്പൽ കറസ്പോണ്ടൻറ് ആർ. റോഷിപാലിനെതിരെ കൊലവിളി നടത്തുന്നവർക്കതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യു.ജെ). വാർത്ത നൽകിയതിനെതിരെ കോൺഗ്രസ് നേതാക്കളുടേയും പ്രവർത്തകരുടേയും സൈബർ അക്രമവും കൊലവിളിയും അതീവ ഗൗരവമുള്ളതാണ്.
ഒത്തു കിട്ടിയാൽ തീർത്തേക്കണമെന്ന് ആഹ്വാനവുമായി സിസാർ കുംമ്പിള എന്നയാളുടെ ഫേസ് ബുക്ക് പോസ്റ്റ് ഞെട്ടിക്കുന്നതാണ്. തെരഞ്ഞെടുപ്പുഫലം വന്നയുടൻ വിജയാഹ്ലാദത്തിന്റെ മറവിലുള്ള ഇത്തരം പ്രവണതകൾ അംഗീകരിക്കാൻ കഴിയില്ല. വാർത്ത നൽകിയതിന്റെ പേരിൽ റോഷിപാലിനെതിരെ നടത്തുന്ന കൊലവിളിയിലും സൈബർ ആക്രമണത്തിലും കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മറ്റി അതിശക്തമായി പ്രതിഷേധിക്കുന്നു.
ഇതിനു പിന്നിലുള്ളവരെ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കണമെന്ന് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡൻറ് കെ.പി. റെജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും സംസ്ഥാന പൊലിസ് മേധാവിക്കും പരാതി നൽകുമെന്നും യൂനിയൻ നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.