യു.പി വെടിവെപ്പ്: മുസ്‌ലിം ആരാധനാലയങ്ങൾ കുഴിച്ചു നോക്കാൻ തുടങ്ങിയാൽ ആരാധനാലയ നിയമത്തിനു പിന്നെന്ത് പ്രസക്തി? -റസാഖ് പാലേരി

തിരുവനന്തപുരം: ഉത്തർപ്രദേശിലെ സംഭലിൽ ഷാഹി മസ്ജിദ് സർവേക്കെതിരെ പ്രതിഷേധിച്ച മുസ്‌ലിംകൾക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ മൂന്ന് മുസ്‌ലിം യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യത്തെ പ്രതിപക്ഷ കക്ഷികളും രാഷ്ട്രീയ പാർട്ടി നേതാക്കളും ഇടപെടണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ​പ്രസിഡന്റ് റസാഖ് പാലേരി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം ഉടൻ സംഭവസ്ഥലം സന്ദർശിക്കണം. സംഭവത്തിന്‌ തുടർച്ചയായി സർക്കാരിന്റെയും പൊലീസിന്റെയും ഭാഗത്തു നിന്ന് മുസ്‌ലിംകൾക്കെതിരെ കൂടുതൽ പ്രതികാരനടപടികൾ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ആരാധനാലയ നിയമം സംരക്ഷിക്കാനും അതിന്റെ പാലനം ഉറപ്പ് വരുത്താനും സുപ്രീം കോടതിക്ക് ബാധ്യതയുണ്ട്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വിഷയത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തെ മുസ്‌ലിം ആരാധനാലയങ്ങൾ ഒന്നൊന്നായി കുഴിച്ചു നോക്കാനും സർവേ നടത്താനും തുടങ്ങിയാൽ 1991ലെ ആരാധനാലയ നിയമത്തിനു പിന്നെന്ത് പ്രസക്തിയാണുള്ളത്? നീതി നിഷേധിക്കപ്പെടുന്ന ജനങ്ങൾ ആശ്രയിക്കുന്ന കോടതികൾ തന്നെ ശരവേഗത്തിൽ നിയമലംഘനത്തിന് നേതൃത്വം നൽകുന്ന കാഴ്ച ഞെട്ടിപ്പിക്കുന്നതാണ്. 1991 ലെ ആരാധനാലയ നിയമമൊക്കെ പിന്നെന്തിനാണ് യുവർ ഓണർ? -അദ്ദേഹം ചോദിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

1991 ലെ ആരാധനാലയ നിയമമൊക്കെ പിന്നെന്തിനാണ് യുവർ ഓണർ?

ഉത്തർപ്രദേശിലെ സംഭലിൽ ഷാഹി മസ്ജിദ് സർവേക്കെതിരെ പ്രതിഷേധിച്ച മുസ്‌ലിംകൾക്ക് നേരെ പോലീസ് വെടിയുതിർത്തതിനെ തുടർന്ന് 3 മുസ്‌ലിം യുവാക്കൾ കൊല്ലപ്പെട്ടിരിക്കുന്നു.

പതിനാറാം നൂറ്റാണ്ടിൽ മുഗൾ ഭരണ കാലത്ത് നിർമ്മിക്കപ്പെട്ടതാണ് ഷാഹി മസ്ജിദ്. സംഭൽ ജില്ലാ ഔദ്യോഗിക വെബ്സൈറ്റിൽ 'ചരിത്രസ്മാരകമായി' മസ്ജിദിനെ വിശേഷിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭൽ കോടതി ഷാഹി മസ്ജിദ് സർവേ ചെയ്യാൻ അഡ്വക്കറ്റ് കമ്മീഷണറെ ചുമതലപ്പെടുത്തുന്നത്. എതിർഭാഗത്തെ കേൾക്കാൻ പോലും കോടതി തയ്യാറായില്ല. മസ്ജിദ് മുമ്പ് ഹരിഹര ക്ഷേത്രമായിരുന്നു എന്നാണ് ഹരജിക്കാരുടെ വാദം. ഹരജിക്കാരിൽ ഒരാളായ ശങ്കർ ജെയിൻ വാരാണസി - മഥുര മസ്ജിദ് അവകാശവാദക്കേസുകളിലെ ഹരജിക്കാരൻ കൂടിയാണ്. ഹരജി സമർപ്പിച്ചു കേവലം മൂന്ന് മണിക്കൂർ കൊണ്ട് തന്നെ കോടതി സർവേ നടത്താൻ അനുമതി നൽകി! സുപ്രീം കോടതിയിലെ യു പി സർക്കാരിന്റെ സ്റ്റാൻഡിങ് കൗൺസലാണ് പരാതി തയ്യാറാക്കിയത്! പരാതി ഫയൽ ചെയ്ത അന്ന് തന്നെ സർവെക്ക് കോടതി അനുമതി നൽകുന്നു, അന്ന് വൈകീട്ട് തന്നെ സർവേ ആരംഭിക്കുകയും ചെയ്യുന്നു! ഇതെന്ത് നിയമവാഴ്ചയാണ്? ഇതേത് നീതിബോധമാണ്?

സംഭലിലെ മുസ്‌ലിം സമൂഹത്തിന്റെ പ്രതിഷേധം ന്യായമായ പ്രതിഷേധമാണ്. ആ പ്രതിഷേധത്തോട് എല്ലാ അർത്ഥത്തിലും ഐക്യദാർഢ്യപ്പെടുന്നു. നഗ്നമായ നിയമലംഘനത്തിന് കോടതിയും സർക്കാരും അധികൃതരും കൂട്ട് നിൽക്കുമ്പോൾ ജനങ്ങൾ പ്രതിഷേധിക്കാതെന്ത് ചെയ്യും? രാജ്യത്തെ മുസ്‌ലിം ആരാധനാലയങ്ങൾ ഒന്നൊന്നായി കുഴിച്ചു നോക്കാനും സർവേ നടത്താനും തുടങ്ങിയാൽ 1991ലെ ആരാധനാലയ നിയമത്തിനു പിന്നെന്ത് പ്രസക്തിയാണുള്ളത്? നീതി നിഷേധിക്കപ്പെടുന്ന ജനങ്ങൾ ആശ്രയിക്കുന്ന കോടതികൾ തന്നെ ശരവേഗത്തിൽ നിയമലംഘനത്തിന് നേതൃത്വം നൽകുന്ന കാഴ്ച ഞെട്ടിപ്പിക്കുന്നതാണ്.

രാജ്യത്തെ പ്രതിപക്ഷ കക്ഷികളും രാഷ്ട്രീയ പാർട്ടി നേതാക്കളും സംഭൽ വിഷയത്തിൽ ഇടപെടണം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം ഉടൻ സംഭവസ്ഥലം സന്ദർശിക്കണം. സംഭവത്തിന്‌ തുടർച്ചയായി സർക്കാരിന്റെയും പോലീസിന്റെയും ഭാഗത്തു നിന്ന് മുസ്‌ലിംകൾക്കെതിരെ കൂടുതൽ പ്രതികാരനടപടികൾ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ആരാധനാലയ നിയമം സംരക്ഷിക്കാനും അതിന്റെ പാലനം ഉറപ്പ് വരുത്താനും സുപ്രീം കോടതിക്ക് ബാധ്യതയുണ്ട്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വിഷയത്തിൽ ഇടപെടണം.

കൊല്ലപ്പെട്ടവർ ഹിന്ദുത്വ ഭരണകൂടഭീകരതയുടെ രക്തസാക്ഷികളാണ്. നീതിക്കായി ശബ്ദിച്ചു കൊണ്ട് തെരുവിൽ ഇറങ്ങിയവർ. അവർക്ക് വേണ്ടി ആദരവുകളോടെ പ്രാർത്ഥിക്കുന്നു. 

Tags:    
News Summary - sambhal police shooting: What is the relevance of Places of Worship Act - Razak Paleri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.