കുട്ടിമാക്കൂലില്‍ ദലിത് കുടുംബത്തിന്‍െറ സുരക്ഷ ഉറപ്പാക്കാന്‍ ഇടപെടും -വനിതാ കമീഷന്‍

തലശ്ശേരി: കുട്ടിമാക്കൂലില്‍ അക്രമത്തിനിരയായ ദലിത് കുടുംബത്തിന്‍െറ സുരക്ഷ ഉറപ്പാക്കാനാവശ്യമായ ഇടപെടല്‍ വനിതാ കമീഷന്‍ നടത്തുമെന്ന് ചെയര്‍പേഴ്സന്‍ കെ.സി. റോസക്കുട്ടി ടീച്ചര്‍ അറിയിച്ചു. ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ജനയെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.  

സുരക്ഷിതത്വമില്ലാത്ത സ്ഥിതിയാണ് തങ്ങളുടേതെന്നാണ് അഞ്ജന പറഞ്ഞത്. അത് ദൗര്‍ഭാഗ്യകരമാണ്. ഒരുതരത്തിലും മുന്നോട്ടു പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് അഞ്ജന മൊഴിനല്‍കിയത്. ഭാവി സുരക്ഷയില്‍ യുവതികള്‍ക്ക് ആശങ്കയുണ്ട്. ഇത് കമീഷന്‍ ഗൗരവമായി കാണുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കാതിരിക്കാനും കുട്ടിമാക്കൂലിലെ രാജന്‍െറ നാല് പെണ്‍മക്കള്‍ക്കും സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കാന്‍ കമീഷന്‍ ശ്രമിക്കുമെന്നും റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു.

പട്ടിക വര്‍ഗ കമീഷന്‍ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനാലാണ് വനിതാ കമീഷന്‍ കേസെടുക്കാത്തത്. എങ്കിലും അവരുടെ കേസിന്‍െറ സ്ഥിതി കമീഷന്‍ നിരീക്ഷിക്കും. പൊലീസിന്‍െറ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായതായി അഞ്ജന സംസാരിച്ചിട്ടില്ളെന്ന് ചെയര്‍ പേഴ്സന്‍ പറഞ്ഞു. പൊലീസ് കേസെടുത്തത് ഏറെ പ്രയാസം സൃഷ്ടിച്ചതായി മാത്രമാണ് അവര്‍ പറഞ്ഞത്. ഒരു സംഭവം ഉണ്ടാകുമ്പോള്‍ പൊലീസ് കേസെടുക്കുന്നത് സ്വാഭാവികമാണ്. ഒരുഭാഗത്തെ വാദം മാത്രം കേട്ട് മുന്നോട്ടു പോകാനാവില്ളെന്നും ചെയര്‍പേഴ്സന്‍ പറഞ്ഞു. രണ്ട് പെണ്‍കുട്ടികള്‍ക്ക് എത്രമാത്രം അക്രമ സ്വഭാവം കാണിക്കാന്‍ കഴിയുമെന്നത് ആലോചിക്കേണ്ടതാണ്. പൊലീസ് കേസ് ഇവരെ എങ്ങനെ ബാധിക്കുമെന്നത് പരിശോധിക്കും. രാഷ്ട്രീയം കാണാതെയാകും കമീഷന്‍ ഇക്കാര്യത്തില്‍ മുന്നോട്ടു പോവുകയെന്നും അവര്‍ വ്യക്തമാക്കി. കമീഷന്‍ അംഗം അഡ്വ. നൂര്‍ബിന റഷീദും സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.