ആത്മഹത്യക്കു ശ്രമിച്ചത് അപമാനം സഹിക്കാതെയെന്ന് ദലിത് യുവതി

തലശ്ശേരി: അപമാനം സഹിക്കാതെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ചികിത്സയില്‍ കഴിയുന്ന ദലിത് യുവതി. സി.പി.എം ഓഫിസില്‍ കയറി പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസില്‍ ജയിലിലായി ജാമ്യത്തിലിറങ്ങിയശേഷം ആത്മഹത്യക്ക് ശ്രമിച്ച  ദലിത് പെണ്‍കുട്ടി മാക്കൂലിലെ കോണ്‍ഗ്രസ് നേതാവ് നടമ്മല്‍ രാജന്‍െറ മകള്‍ അഞ്ജനയാണ് വനിതാ കമീഷനും വനിതാ പൊലീസ് സി.ഐക്കും മൊഴി നല്‍കിയത്.

ഞങ്ങള്‍ അച്ഛനും നാല് പെണ്‍മക്കളും ആര്‍ക്കും ശല്യത്തിന് പോകാത്തവരാണ്. എന്നിട്ടും പൊതുശല്യക്കാരായും ക്വട്ടേഷന്‍ സംഘമായും ചിത്രീകരിക്കപ്പെടുന്നു. അതില്‍ ഏറെ വിഷമം തോന്നി. ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുന്നതും അപമാനിക്കുന്നതും നിത്യസംഭവമാണ്. പെണ്‍കുട്ടികളായതിനാല്‍ അച്ഛന്‍ ഒന്നും ചെയ്യാറില്ല. സി.പി.എമ്മിന്‍െറ ഓഫിസില്‍ കയറിയെന്ന ചെറിയ തെറ്റിനാണ് ഇത്രയും അനുഭവിക്കേണ്ടി വന്നത്. എന്നാല്‍, ഓഫിസില്‍ കയറിയിട്ടില്ളെന്നും സ്റ്റെയര്‍കേസില്‍ നില്‍ക്കുക മാത്രമാണ് ചെയ്തതെന്നും അഞ്ജന മൊഴി നല്‍കി. ഞങ്ങള്‍ ആരെയും തല്ലിയിട്ടില്ല, അവരാണ് ചേച്ചിയെ കസേര കൊണ്ട് അടിച്ചത് -അവര്‍ പറഞ്ഞു.

വനിതാ കമീഷന്‍ ചെയര്‍പേഴ്സന്‍ കെ.സി. റോസക്കുട്ടി ടീച്ചര്‍,  അംഗം അഡ്വ. നൂര്‍ബീന റഷീദ് എന്നിവരാണ് മൊഴിയെടുത്തത്. പിന്നീട് മാധ്യമ പ്രവര്‍ത്തകരെയും കോണ്‍ഗ്രസ് നേതാക്കളെയും മുറിയില്‍ നിന്ന് പുറത്താക്കിയ ശേഷം കമീഷന്‍ യുവതിയില്‍ നിന്ന് രഹസ്യ മൊഴിയും രേഖപ്പെടുത്തി. ചാനല്‍ ചര്‍ച്ചയില്‍ അഡ്വ.എ.എന്‍. ഷംസീര്‍ എം.എല്‍.എയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.പി. ദിവ്യയും അപമാനിച്ചതായും ഇത് ഏറെ മനോവിഷമത്തിന് ഇടയാക്കിയതായും അഞ്ജന കമീഷന്‍ മുമ്പാകെ മൊഴിനല്‍കി. തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് ഇരുവരും ആശുപത്രിയിലത്തെി അഞ്ജനയെ സന്ദര്‍ശിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് അഞ്ജനയെ ഐ.സി.യുവില്‍ നിന്ന് എക്സിക്യൂട്ടിവ് ലോഞ്ചിലെ 336ാം നമ്പര്‍ മുറിയിലേക്ക് മാറ്റിയത്. വൈകീട്ടോടെയാണ് കണ്ണൂര്‍ വനിത സെല്‍ സി.ഐ കമലാക്ഷിയുടെ നേതൃത്വത്തിലുള്ള സംഘവും ആശുപത്രിയിലത്തെി അഞ്ജനയില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയത്.

വനിതാ കമീഷന് നല്‍കിയ മൊഴി തന്നെയാണ് അഞ്ജന വനിതാ സി.ഐക്കും നല്‍കിയത്. വനിതാ സി.ഐ രേഖപ്പെടുത്തിയ മൊഴി തലശ്ശേരി സി.ഐ പി.എം. മനോജിന് കൈമാറി. അതിനിടെ കേസന്വേഷണത്തിന്‍െറ മേല്‍നോട്ടം എ.ഡി.ജി.പി സുധേഷ് കുമാര്‍ ഏറ്റെടുത്തിട്ടുണ്ട്. ഞായറാഴ്ച രാത്രി തലശ്ശേരിയിലത്തെിയ എ.ഡി.ജി.പി അന്ന് രാത്രിയില്‍തന്നെ അഞ്ജനയുടെ പിതാവും കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയുമായ നടമ്മല്‍ രാജന്‍, ജയിലില്‍ കഴിഞ്ഞ അഖില എന്നിവരെ വിളിച്ചു വരുത്തി വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. ചാനല്‍ ചര്‍ച്ചക്കിടയില്‍ മകളെ അപമാനിച്ച അഡ്വ. എ.എന്‍. ഷംസീര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.പി. ദിവ്യ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് രാജന്‍ എ.ഡി.ജി.പിയോട് ആവശ്യപ്പെട്ടു. അഞ്ജനയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഇക്കാര്യത്തില്‍ നടപടിയെടുക്കാമെന്ന് എ.ഡി.ജി.പി രാജന് മറുപടി നല്‍കി. തലശ്ശേരിയില്‍ ക്യാമ്പ് ചെയ്ത എ.ഡി.ജി.പി ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തലശ്ശേരി ഡിവൈ.എസ്.പി ഓഫിസില്‍ യോഗം ചേരുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. കണ്ണൂര്‍ ഐ.ജി ദിനേന്ദ്രകശ്യപ്, എസ്.പി സഞ്ജയ്കുമാര്‍ ഗുരുദ്ദിന്‍, ഡിവൈ.എസ്.പി സാജുപോള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഡി.വൈ.എഫ്.ഐ നേതാവിനെ പാര്‍ട്ടി ഓഫിസില്‍ കയറി മര്‍ദിച്ചുവെന്ന കേസില്‍ അറസ്റ്റ് ചെയ്ത് ജയിലിലടക്കപ്പെട്ട അഞ്ജനയും അഖിലയും ശനിയാഴ്ചയാണ് ജാമ്യത്തിലിറങ്ങിയത്. അന്ന് രാത്രിയില്‍ നടന്ന ചാനല്‍ ചര്‍ച്ചക്കിടയിലാണത്രേ സി.പി.എം നേതാക്കള്‍ ഇവരെ അപമാനിച്ചത്. തുടര്‍ന്ന് രാത്രിയില്‍ അഞ്ജന അമിതമായി ഗുളികകള്‍ കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. കുട്ടിമാക്കൂല്‍ സംഭവത്തില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ റിമാന്‍ഡിലാണ്. ഈ സാഹചര്യത്തില്‍ ക്രമസമാധാന നിലകൂടി പരിഗണിച്ചാണ് ദലിത് യുവതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് പൊലീസ് നിലപാട്. പൊലീസ് നടപടിയില്‍ അപാകതയില്ളെന്ന നിഗമനത്തിലാണ് ഉന്നത ഉദ്യോഗസ്ഥര്‍. എന്നാല്‍, ആത്മഹത്യാശ്രമം ഉള്‍പ്പെടെയുള്ള പുതിയ സ്ഥിതിഗതികള്‍ ഗൗരവത്തോടെ കാണാനും നിയമത്തിന്‍െറ പരിധിയില്‍നിന്ന് ശക്തമായ നടപടികളുമായി മുന്നോട്ടുപോകാനും എ.ഡി.ജി.പി നിര്‍ദേശിച്ചിട്ടുണ്ട്. മുന്‍ മന്ത്രി കെ.സി. ജോസഫ് എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സജീവ് ജോസഫ്, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പ്രഫ. എ.ഡി. മുസ്തഫ എന്നിവര്‍ തിങ്കളാഴ്ച ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ജനയെ സന്ദര്‍ശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.